തിരുവനന്തപുരം: പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പറയപ്പെടുന്ന പുരാവസ്തു കടത്ത് സംഘത്തിലെ ചെന്നൈ സ്വദേശി 'ഡി മണി'യെ കണ്ടെത്തി എസ്ഐടി. ഇയാളെ എസ്ഐടി ഫോണിൽ ബന്ധപ്പെട്ടു. മൊഴി നൽകാമെന്ന് ഡി മണി സമ്മതിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇയാളുടെ മൊഴി രേഖപ്പെടുത്താൻ എസ്ഐടിയിലെ ഒരു സംഘം ഉദ്യോഗസ്ഥർ ചെന്നൈയിലേക്ക് പുറപ്പെട്ടു.
ശബരിമല സ്വർണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. പുരാവസ്തു കടത്ത് സംഘത്തിലുള്ള ചെന്നൈ സ്വദേശിയായ ഡി മണിയാണ് വിഗ്രഹങ്ങൾ വാങ്ങിയത്.
ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലയായി ശബരിമലയിലെ ഒരു ഉന്നതൻ പണം വാങ്ങിയെന്നായിരുന്നു വെളിപ്പെടുത്തൽ. വിഗ്രഹത്തിന് പണം കൈമാറിയത് 2020 ഒക്ടോബർ 26നാണ്. തിരുവനന്തപുരത്തെ ഹോട്ടലിൽവെച്ചായിരുന്നു പണം നൽകിയത്. ഇതുവരെ പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത ഉന്നതന്റെ വിവരങ്ങൾ വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി.
ശബരിമല സ്വര്ണക്കൊള്ളയ്ക്ക് പിന്നില് പുരാവസ്തു കടത്താണെന്നായിരുന്നു രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് നല്കിയ മൊഴി. സ്വര്ണക്കൊള്ളയ്ക്ക് പിന്നില് അഞ്ഞൂറ് കോടിയുടെ പുരാവസ്തുക്കടത്ത് ആണെന്നും ഇതിനെ കുറിച്ച് മലയാളിയായ വിദേശ വ്യവസായിക്ക് അറിയാമെന്നുമായിരുന്നു രമേശ് ചെന്നിത്തല അന്വേഷണ സംഘത്തെ അറിയിച്ചത്. ഇത് സംബന്ധിച്ച് തന്റെ കൈയില് തെളിവില്ലെന്നും വ്യവസായി തന്നോട് ഇക്കാര്യം പങ്കുവെയ്ക്കുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. വ്യവസായിയെക്കുറിച്ചുള്ള വിവരങ്ങളും രമേശ് ചെന്നിത്തല അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസായിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ഫോണില് വിളിച്ചായിരുന്നു അന്വേഷണ സംഘം ഇയാളില് നിന്ന് മൊഴിയെടുത്തത്.
2019-2020 കാലഘട്ടത്തിലാണ് വിഗ്രഹക്കടത്ത് നടന്നതായാണ് വ്യവസായി മൊഴി നല്കിയിരിക്കുന്നത്. ഈ കാലഘട്ടത്തില് എ പത്മകുമാറും എന് വാസുവുമായിരുന്നു ദേവസ്വം ബോര്ഡ് പ്രസിഡന്റുമാര്. നിലവില് രണ്ട് പേരും ശബരിമല സ്വര്ണക്കൊള്ളക്കേസില് അറസ്റ്റിലായി ജയിലിലാണ്.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായി മുൻ ദേവസ്വം ബോർഡ് അംഗങ്ങൾക്ക് നോട്ടീസ്. എൻ വിജയകുമാറിനും കെ പി ശങ്കരദാസിനുമാണ് നോട്ടീസ് അയച്ചത്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് എസ്ഐടി നോട്ടീസ് നൽകിയിരിക്കുന്നത്. നേരത്തെ ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി വിമർശനമുന്നയിച്ചിരുന്നു.
Content Highlights: d mani who bought idols from sabarimala identified