വി പ്രിയദർശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും; തീരുമാനം CPIM ജില്ലാ സെക്രട്ടറിയേറ്റിൽ

മുതിർന്ന നേതാവായ ബി പി മുരളി വൈസ് പ്രസിഡന്‍റാകും

തിരുവനന്തപുരം: കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള വി പ്രിയദർശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് തീരുമാനം. സിപിഐഎം വർക്കല ഏരിയ കമ്മിറ്റി അംഗമാണ് പ്രിയദർശിനി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതാ സംവരണമാണ്. 15 സീറ്റുകൾ നേടിയാണ് ഇത്തവണ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തിയത്. 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ബി പി മുരളി വൈസ് പ്രസിഡന്റാകും. നാവായിക്കുളം ഡിവിഷനിൽനിന്നും മത്സരിച്ച മുതിർന്ന നേതാവാണ് ബി പി മുരളി. തിരുവനന്തപുരം കോർപ്പറേഷനിൽ ആർ പി ശിവജി സിപിഐഎം കക്ഷി നേതാവാകും. കോർപ്പറേഷനിലെ പുന്നയ്ക്കാമുകൾ കൗൺസിലറാണ് ശിവജി.

തദ്ദേശ തെരഞ്ഞടുപ്പിൽ വിജയിച്ച ജനപ്രതിനിധികൾ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകളിലും പുതിയ കൗണ്‍സിലുകള്‍ പ്രവര്‍ത്തനം തുടങ്ങും. ഇരുപതിനായിരത്തോളം ജനപ്രതിനിധികളാണ് അധികാരമേറ്റത്. മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് 2.30 നും നടക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30 നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30 നും നടക്കും.

Content Highlights: V Priyadarshini will be the president of Thiruvananthapuram District Panchayat

To advertise here,contact us