'ബീഫ് എന്നാൽ അവർക്ക് ഒരു അർത്ഥമേയുള്ളു'; ഐഎഫ്എഫ്‌കെയിലെ സിനിമാ വിലക്കിൽ കേന്ദ്രത്തിന് എതിരെ മുഖ്യമന്ത്രി

ഫാസിസ്റ്റ് നടപടികളെ ചെറുത്തുകൊണ്ട് ഐഎഫ്എഫ്‌കെ ഇവിടെ തന്നെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ 19 സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് 13 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി ലഭിച്ചെങ്കിലും ആറെണ്ണത്തിനുള്ള പ്രദര്‍ശനാനുമതി നിഷേധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഭിന്നസ്വരങ്ങളെയും വൈവിധ്യമാര്‍ന്ന സര്‍ഗാവിഷ്‌കാരങ്ങളെയും അടിച്ചമര്‍ത്തുന്ന സംഘപരിവാര്‍ നയങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി വേണം ഇത് കണക്കാക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐഎഫ്എഫ്‌കെ സമാപന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.

'അങ്ങേയറ്റം അപഹാസ്യമായ തീരുമാനമായിരുന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റേത്. ഉദാഹരണത്തിന് ബീഫ് എന്ന പേരിലുള്ള സ്പാനിഷ് സിനിമയുടെ പ്രദര്‍ശനാനുമതി നിഷേധിച്ചു. കാരണം ബീഫ് എന്നാല്‍ അവര്‍ക്ക് ഒരു അര്‍ത്ഥമേയുള്ളു. എന്നാല്‍ ബീഫ് എന്ന ഭക്ഷണ പദാര്‍ത്ഥവുമായി സിനിമയ്ക്ക് പുലബന്ധം പോലുമില്ലായിരുന്നു. സ്പാനിഷ് ജനപ്രിയ സംഗീതമായ ഹിപ്‌ഹോപുമായി ബന്ധപ്പെട്ട സിനിമയായിരുന്നു അത്. ഇതില്‍ ബീഫെന്നാല്‍ പോരാട്ടം കലഹം എന്നൊക്കെയാണ് അര്‍ത്ഥം. ഇത് തിരിച്ചറിയാതെ ബീഫ് എന്ന് കേട്ടയുടന്‍ ഇവിടുത്തെ ബീഫാണെന്ന് കണക്കാക്കി അതിനെതിരെ വാളെടുക്കുന്ന നിലയാണ് കേന്ദ്രം സ്വീകരിച്ചത്. എത്ര പരിഹാസ്യമായ കാര്യമാണിത്. ഒടുവില്‍ തങ്ങള്‍ ഉദ്ദേശിക്കുന്ന ബീഫല്ലെന്ന് മനസിലായതോടെയാണ് പ്രദര്‍ശനാനുമതി നല്‍കിയത്', മുഖ്യമന്ത്രി പരിഹസിച്ചു.

ലോക ക്ലാസിക്കായ ബാറ്റില്‍ ഷിപ്പ് പോടെകിന്‍ എന്ന സിനിമയുടെ പ്രദര്‍ശനാനുമതി വിലക്കിയതും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ലോക സിനിമയെ കുറിച്ചുള്ള കേന്ദ്ര ഭരണ സംവിധാനത്തിന്റൈ അജ്ഞതയുടെ നിര്‍ലജ്യമായി വേണം ഇതിനെ കണക്കാക്കാനെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 30 വര്‍ഷം പ്രായമായ ഐഎഫ്എഫ്‌കെയെ ഞെരിച്ചു കൊല്ലാനുള്ള നടപടിയാണിതെന്നും ഇത് തിരിച്ചറിഞ്ഞാണ് സര്‍ക്കാര്‍ കൃത്യമായ നിലപാടെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഫാസിസ്റ്റ് നടപടികളെ ചെറുത്തുകൊണ്ട് ഐഎഫ്എഫ്‌കെ ഇവിടെ തന്നെ ഉണ്ടാകും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിന് മുന്നില്‍ മുട്ടുമടക്കില്ല. ഏതൊക്കെ സിനിമക്കാര്‍ കേരളത്തില്‍ വരണമെന്ന് പോലും കേന്ദ്രം കൈ കടത്തുന്നു. ചില ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശന അനുമതി വിലക്കിയ നടപടി ഇത്തവണയും ഉണ്ടായി. ഞങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരോട് നിങ്ങളും സഹകരിക്കേണ്ട എന്ന നിലപാടാണ്. തുര്‍ക്കി സിനിമയുടെ സംവിധായകന് വിസ നിഷേധിച്ചു. താനാണോ തന്റെ രാജ്യമാണോ പ്രശ്‌നം എന്നാണ് അവര്‍ പരസ്യമായി ചോദിച്ചത്. വര്‍ഗീയതക്കും സങ്കുചിത ചിന്തകള്‍ക്കും വിട്ടുകൊടുക്കാന്‍ ഉള്ളതല്ല കേരളം,' മുഖ്യമന്ത്രി പറഞ്ഞു.

ഐഎഫ്എഫ്കെയില്‍ 19 സിനിമകള്‍ക്കാണ് ആദ്യം പ്രദര്‍ശനാനുമതി നിഷേധിച്ചത്. സെന്‍സര്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാനുളള അനുമതി നിഷേധിച്ചത്. പലസ്തീന്‍ പ്രമേയമായതും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിക്കുന്നതുമായ ചിത്രങ്ങള്‍ക്കായിരുന്നു അനുമതി നിഷേധിച്ചത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സിനിമകള്‍ എക്സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റോടെയാണ് സാധാരണ പ്രദര്‍ശിപ്പിക്കാറുളളത്.

Content Highlights: CM Pinarayi Vijayan against Central government on film ban in IFFK

To advertise here,contact us