ആ സംശയമുണ്ടെങ്കില്‍ ദിലീപ് കോടതിയില്‍ പോകണമെന്ന് ജോയ് മാത്യു; കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്ന് ടൊവിനോ

അതിജീവിതയ്ക്ക് നീതി ലഭിക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും വേണമെന്ന് ടൊവിനോ തോമസ്

കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരിച്ച് കൂടുതല്‍ താരങ്ങള്‍. അതിജീവിതയ്ക്ക് നീതി ലഭിക്കുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും വേണമെന്ന് നടന്‍ ടൊവിനോ തോമസ് വ്യക്തമാക്കി. 'അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം', തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുമ്പോള്‍ ടൊവിനോ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരിങ്ങാലക്കുട നഗരസഭ ഡിവിഷന്‍ 22 ല്‍ വോട്ടറായ ടൊവിനോ കുടുംബസമേതം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

'നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ഫയലോ കൃത്യം നടന്നതിനെക്കുറിച്ച് കൂടുതല്‍ കാര്യമോ അറിയില്ല. ഇപ്പോഴത്തെ കോടതി വിധിയെ വിശ്വസിക്കാനാണ് തോന്നുന്നത്. അതിന് അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കില്‍ താനും അതിനായി കാത്തിരിക്കുകയാണ്. സർക്കാർ അപ്പീല്‍ പോകുന്നത് നല്ല കാര്യമാണ്. ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപ്പെടണം.' - ടൊവിനോ തോമസ് പറഞ്ഞു.

വിധി പകർപ്പ് വരുന്നത് വരെ കോടതി വിധി അംഗീകരിച്ചെ പറ്റൂ എന്നായിരുന്നു നടനും സംവിധായകനുമായ ജോയ് മാത്യുവിന്‍റെ പ്രതികരണം. ദിലീപ് അമ്മ സംഘടനയിലേക്ക് തിരിച്ച് വരുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടന്നിട്ടില്ല. മടങ്ങി വരേണ്ട കാര്യം തീരുമാനിക്കേണ്ടത് ദിലീപ് ആണ്. അദ്ദേഹം രാജിവെച്ച് പോയ വ്യക്തിയാണ്. അതിനാല്‍ തന്നെ അംഗത്വത്തിനായി വീണ്ടും അപേക്ഷിക്കണം. അങ്ങനെ കുറെ നടപടികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദിലീപിനെ സംഘടനയിലേക്ക് തിരികെ എടുക്കണോ വേണ്ടയോ എന്നുള്ള തീരുമാനം ഏതാനും പേർക്ക് മാത്രം എടുക്കാന്‍ സാധിക്കില്ല. അതിന് ജനറല്‍ ബോഡിയൊക്കെ ചേരണം. തനിക്കെതിരായ ഗൂഢാലോചനയുണ്ടെന്ന് ദിലീപിന് തോന്നിയിട്ടുണ്ടെങ്കില്‍‌ ജയിലില്‍ അടച്ച നടപടിക്കെതിരെ അദ്ദേഹം കേസിന് പോകണമെന്നും ജോയ് മാത്യു കൂട്ടിച്ചേർത്തു.

അതേസമയം, കോടതി എന്താണോ പറയുന്നത് അത് സ്വീകരിക്കുന്നുവെന്ന് അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും വ്യക്തമാക്കി. കോടതി കുറ്റക്കാരെ കണ്ടെത്തി. അത് നമ്മള്‍ എന്തിനാണ് മറയ്ക്കുന്നതെന്നും കുക്കു പരമേശ്വരന്‍ ചോദിച്ചു. പെണ്‍കുട്ടിക്കെതിരെ അങ്ങനൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിഞ്ഞതെന്നും ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണെന്നും കുക്കു പറഞ്ഞു.

'പെണ്‍കുട്ടിക്കെതിരെ അങ്ങനൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിയേണ്ടത്. ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണ്. അതിന് അഭിപ്രായം പറയാനും ഞാനില്ല. അറിയാത്ത കാര്യങ്ങള്‍ ചോദിക്കരുത്. ഐഎഫ്എഫ്‌കെയിലെ അവള്‍ക്കൊപ്പം ഹാഷ്ടാഗ് ആവശ്യമാണ്. അവള്‍ക്കൊപ്പം അല്ല എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഹാഷ്ടാഗ് വയ്ക്കില്ല എന്നും പറഞ്ഞിട്ടില്ല. ഐഎഫ്എഫ്‌കെ ഉദ്ഘാടനം നാളെയാണ്': കുക്കു പരമേശ്വരന്‍ പറഞ്ഞു. ബാബുരാജിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും കുക്കു പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

To advertise here,contact us