കല്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വയനാട്ടിൽ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുൻ ഡിസിസി ജനറൽ സെക്രട്ടറി ഗോകുൽ ദാസിന്റെ പ്രതികരണം. കോൺഗ്രസ് പാർട്ടിയെ മുസ്ലിം ലീഗിന് അടിയറവ് വെക്കുന്ന രീതിയിലുള്ള നിലപാടാണ് നേതൃത്വം എടുത്തിട്ടുള്ളതെന്നും ഇതിൽ പ്രവർത്തകർക്കിടയിൽ കടുത്ത അമർഷമുണ്ടെന്നും ഗോകുൽദാസ് പറഞ്ഞു.
മിക്ക പഞ്ചായത്തുകളിലും ഈ പ്രശ്നമുണ്ട്. പാർട്ടിയെ നേതൃത്വം തൂക്കി വിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ സ്ഥാനാർത്ഥികളെ വരെ തീരുമാനിക്കുന്നത് മുസ്ലിം ലീഗാണ്. പാർട്ടിയോടുള്ള വിശ്വാസവും കൂറും കൊണ്ടുനടക്കുന്നവരാണ് തങ്ങളെല്ലാം. എന്നു കരുതി തെറ്റുകൾ കണ്ടാൽ പറയാതിരിക്കാനാവില്ല. പാർട്ടിയുടെ അകത്ത് ഇക്കാര്യം പറഞ്ഞിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. അതുകൊണ്ടാണ് ഇക്കാര്യം പൊതുമധ്യത്തിൽ പറയേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ കോൺഗ്രസ് പാർട്ടിയെ മുസ്ലിം ലീഗിന് അടിയറവ് വെക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളത്. അത് വലിയ പ്രതിഷേധമാണ് പ്രവർത്തകർക്കിടയിൽ ഉണ്ടാക്കിയിട്ടുണ്ട്. പാർട്ടിക്ക് വേണ്ടി അകത്തിരിക്കുന്ന ഒന്നോ രണ്ടോ പേർ മാത്രമല്ല പാർട്ടി. പുറത്ത് വെയിൽ കൊണ്ടും പൊലീസിന്റെ അടികൊള്ളുന്നവരടക്കമുള്ളവരുടേത് കൂടിയാണ് പാർട്ടി. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എസ്എഫ്ഐക്കാർ വാഴ വെച്ചപ്പോൾനോക്കി നിന്നവർ വരെയുണ്ട് പാർട്ടിയിൽ. യൂത്ത് കോൺഗ്രസിനെയും കെഎസ്യുവിനെയും കോൺഗ്രസ് നേതൃത്വം ശരിയാക്കി. പ്രവർത്തകരുടെ വികാരം മനസിലാക്കാതെ അവരെ നശിപ്പിക്കുന്ന രീതിയിലേക്കാണ് നേതൃത്വം പോയതെന്നും ഗോകുൽ ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
വയനാട് ഡിസിസി ഓഫീസിനുമുന്നിൽവെച്ചാണ് ഗോകുൽ ദാസ് മാധ്യമങ്ങളോട് വിയോജിപ്പ് പരസ്യമാക്കിയത്. വയനാട്ടിൽ ദീർഘകാലം കെഎസ്യു ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ച ആളാണ് ഗോകുൽ ദാസ്.
Content Highlights: wayanad former DCC General Secretary Gokul Das against congress and muslim league