കരിങ്കൊടിയും പൊലീസ് വിവാദവും, റോൾ മോഡൽ രാഹുൽ; മിവ തെരഞ്ഞെടുപ്പ് അങ്കത്തിന്

കെഎസ്‌യുവിന്റെ ജനകീയ മുഖങ്ങളില്‍ ഒരാളാണ് മിവ

കൊച്ചി: കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി മിവ ജോളി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് എടത്തല ഡിവിഷനില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് മിവ. കെഎസ്‌യുവിന്റെ ജനകീയ മുഖങ്ങളില്‍ ഒരാളാണ് മിവ.

2023 ല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാട്ടിയ മിവയെ പൊലീസ് ബലം പ്രയോഗിച്ച് പിടികൂടിയത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മിവയെ കോളറില്‍ പൊക്കിയെടുക്കുന്ന പുരുഷ പൊലീസിന്റെ നടപടിയായിരുന്നു വിവാദമായത്. അന്ന് കെഎസ്‌യു എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു മിവ.

ഭാരത് ജോഡോ യാത്രക്കിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രാഹുല്‍ ഗാന്ധിയുടെ അടുത്തേക്ക് ഓടുകയും അദ്ദേഹത്തോടൊപ്പം യാത്രയില്‍ പങ്കാളിയാവുകയും ചെയ്ത മിവയുടെ ചിത്രവും വൈറലായിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയതിന് അറസ്റ്റിലായ വിദ്യാര്‍ത്ഥിനി അമൂല്യ ലിയോണ രാഹുല്‍ ഗാന്ധിക്കൊപ്പം എന്ന പേരില്‍ ഉത്തരേന്ത്യയിലെ ബിജെപി നേതാക്കള്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

പ്ലസ്ടുവിന് ശേഷം കളമശ്ശേരി പോളിടെക്‌നിക്കിലും അവിടെ നിന്ന് കെഎംഇഎ എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ലാറ്ററല്‍ എന്‍ട്രിയില്‍ ബി ടെക് ബിരുദവും നേടി. അതിന് ശേഷം കാലടി ശങ്കരാചാര്യ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി.

എടത്തല പഞ്ചായത്തിലെ കൈലാസ് നഗര്‍ 13ാം വാര്‍ഡില്‍ നിന്നും ജനവിധി തേടുന്നതും ഒരു യുവമുഖമാണ്. കെഎസ്യു നേതാവായിരുന്ന റാഫി വെള്ളാഞ്ഞിയെന്ന മുഹമ്മദ് റാഫിയാണ് 13ാം വാര്‍ഡിലെ ആ യുവസ്ഥാനാര്‍ത്ഥി. എടത്തല അല്‍ അമീന്‍ കോളേജില്‍ റാഫി നേതൃത്വം നല്‍കിയ കെഎസ്യു നേടിയ വിജയം ഇക്കുറി റാഫിക്ക് ഈ വാര്‍ഡിലും ആവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ വിശ്വാസം.

കഴിഞ്ഞ തവണ എടത്തല പഞ്ചായത്തില്‍ സിപിഐഎമ്മിനായിരുന്നു ഭരണം. യുവസ്ഥാനാര്‍ത്ഥികളിലൂടെ ഭരണം ഇക്കുറി പിടിച്ചെടുക്കാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്.

Content Highlights: Local body election Miva Jolly will Contest at edathala

To advertise here,contact us