'സര്‍വകലാശാലയുടെ പേര് ദുരുപയോഗം ചെയ്തു': വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനെതിരെ നിയമനടപടിക്കൊരുങ്ങി കുസാറ്റ്

പരിപാടിക്ക് സര്‍വകലാശാലയുമായി ഒരു ബന്ധവുമില്ലെന്നും ക്യാമ്പസിലല്ല പരിപാടി നടന്നതെന്നുമാണ് കുസാറ്റിന്റെ വിശദീകരണം

കൊച്ചി: സര്‍വകലാശാലയുടെ പേര് ദുരുപയോഗം ചെയ്തതിന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനെതിരെ നിയമനടപടിക്കൊരുങ്ങി കുസാറ്റ്. സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിച്ച് ഇരുത്തിയ പ്രൊഫ്‌കോണ്‍ എന്ന പരിപാടിയില്‍ സര്‍വകലാശാലയുടെ പേര് അനധികൃതമായി ഉപയോഗിച്ചെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. എ യു അരുണ്‍ അറിയിച്ചു.

ഒക്ടോബറില്‍ മംഗളുരുവില്‍ നടക്കാനാരിക്കുന്ന വിസ്ഡം കോണ്‍ഫറന്‍സിന്റെ ഭാഗമായായിരുന്നു പരിപാടി നടന്നത്. എന്നാല്‍ ആ പരിപാടിക്ക് സര്‍വകലാശാലയുമായി ഒരു ബന്ധവുമില്ലെന്നും ക്യാമ്പസിലല്ല പരിപാടി നടന്നതെന്നുമാണ് കുസാറ്റിന്റെ വിശദീകരണം. വിദേശത്തുളള വി സി തിരികെ എത്തിയാലുടന്‍ പരാതി നല്‍കും. പരിപാടിയില്‍ സര്‍വകലാശാലയില്‍ നിന്നുളള ആരും പങ്കെടുത്തിട്ടില്ലെന്നും വിശദീകരണമുണ്ട്. കുസാറ്റിലെ താലിബാനിസം എന്ന തരത്തില്‍ ബിജെപി നേതാക്കളുള്‍പ്പെടെ പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

'പ്രൊഫ്‌കോണ്‍ എന്ന പേരില്‍ കുസാറ്റ് ക്യാമ്പസിനകത്തോ പുറത്തോ പരിപാടി നടത്തിയിട്ടില്ല. ഇത്തരമൊരു പരിപാടി പുറത്തുനിന്നുളള സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ ക്യാമ്പസിനകത്ത് നടത്താനാവില്ല. സമത്വാശയങ്ങളെ എന്നും ഉയര്‍ത്തിപ്പിടിക്കുന്ന സര്‍വകലാശാല വിവേചനാത്മകമായ സമീപനങ്ങള്‍ക്കോ പരിപാടികള്‍ക്കോ പിന്തുണ നല്‍കുകയോ അവ സംഘടിപ്പിക്കുകയോ ചെയ്യില്ല. മാധ്യമങ്ങളും വിദ്യാര്‍ത്ഥികളും തെറ്റായ, സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം' എന്നാവശ്യപ്പെട്ട് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു.

Content Highlights: CUSAT prepares legal action against Wisdom Islamic Organization for misusing university's name

To advertise here,contact us