'അന്ന് ഗ്രാമർ തെറ്റുള്ള ഇംഗ്ലീഷിലായിരുന്നെങ്കിൽ ഇന്ന് മലയാളത്തില്‍; ഇങ്ങനെ പോയാൽ ചേട്ടൻ കുറേ ഊമക്കത്ത് എഴുതും'

2022ൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടപ്പോൾ തന്നെ കളിയാക്കി കൊണ്ട് കത്ത് എഴുതിയ അതേ ആളാണ് ഇതിന് പുറകിലെന്നും ജോ ജോസഫ്

കൊച്ചി: അവയവദാനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിന് പിന്നാലെ തന്നെ കളിയാക്കിക്കൊണ്ടും മുഖ്യമന്ത്രിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്തിയുമുള്ള ഊമക്കത്ത് ലഭിച്ചുവെന്ന് ഡോ ജോ ജോസഫ്. അവയവദാനത്തെയും അതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കൃത്യമായും മികവുറ്റ രീതിയിലും ക്രമീകരിച്ച സർക്കാരിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ഇഷ്ടപ്പെടാത്ത ആളാണ് തനിക്ക് ഊമക്കത്ത് എഴുതിയിരിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ആ പോസ്റ്റ് തനിക്ക് എഴുതിതന്നത് എറണാകുളത്തെ സിപിഐഎമ്മിന്‍റെ ജില്ലാ കമ്മിറ്റി ആസ്ഥാനമായ ലെനിൻ സെന്ററിൽ നിന്നാണെന്ന് കത്തിൽ പറയുന്നുണ്ടെന്നും ജോ ജോസഫ് കുറിച്ചു. 2022ൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ താൻ പരാജയപ്പെട്ടപ്പോൾ തന്നെ കളിയാക്കി കൊണ്ടും സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയുമെല്ലാം അപകീർത്തിപ്പെടുത്തി കൊണ്ടും വന്ന കത്ത് എഴുതിയ അതേ ആളാണ് ഇതിന് പുറകിലെന്നും ജോ ജോസഫ് പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം

ദേ വന്നല്ലോ വനമാല.വീണ്ടും ഊമക്കത്ത് എത്തിയിരിക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ നടന്ന അവയവദാനവുമായി ബന്ധപ്പെട്ട ഞാൻ എന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിൽ എഴുതിയ പോസ്റ്റാണ് ഇപ്രാവശ്യത്തെ ഊമക്കത്തിന് ആധാരം. ആ അവയവദാനവുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും കൃത്യമായും മികവുറ്റ രീതിയിലും ക്രമീകരിച്ച സർക്കാരിനെ അഭിനന്ദിച്ചു കൊണ്ടുള്ള ആ പോസ്റ്റ് ഈ മാന്യദേഹത്തിനു തീരെ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. പിന്നെ മഹത്തായ ഒരു കണ്ടുപിടിത്തവും ഈ കത്തുവഴി ഇദ്ദേഹം നടത്തുന്നുണ്ട്. ആ പോസ്റ്റ് എനിക്ക് എഴുതിതന്നത് എറണാകുളത്തെ സിപിഐ(എം) ന്റെ ജില്ലാ കമ്മിറ്റിയുടെ ആസ്ഥാനമായ ലെനിൻ സെന്ററിൽ നിന്നാണുപോലും.

കത്ത് കണ്ടപ്പോൾ കൈയക്ഷരം നല്ല പരിചയമുള്ളതുപോലെ തോന്നി.2022 ൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടപ്പോൾ എന്നെ കളിയാക്കി കൊണ്ടും സർക്കാരിനെയും മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെയും മന്ത്രിമാരെയുമെല്ലാം അപകീർത്തിപ്പെടുത്തി കൊണ്ട് രണ്ടു പേജുള്ള ആ കത്ത് എൻറെ ഓർമ്മയിൽ വന്നു. ആ കത്ത് ഞാൻ നശിപ്പിച്ചിരുന്നുവെങ്കിലും അതിനെപ്പറ്റി എന്റെ ഫെയ്‌സ്ബുക്കിൽ ഞാൻ ഒരു കുറിപ്പ് കുറിപ്പ് ഇട്ടിരുന്നു. ആ കത്തിന്റെ ഫോട്ടോയും ഞാൻ പങ്കുവെച്ചിരുന്നു. കൈയക്ഷരം ഒത്തു നോക്കി ഒരേ ആളാണെന്ന് ഉറപ്പിച്ചു. ആ കത്ത് മുഴുവൻ ഗ്രാമർ തെറ്റുകളുള്ള ഇംഗ്ലീഷിലായിരുന്നുവെങ്കിൽ ഈ കത്ത് മലയാളത്തിലായിരുന്നു. അപൂർവമായി പ്രയോഗിച്ച ചില ഇംഗ്ലീഷ് വാക്യങ്ങളാണ് ഒരേ ആളുടെ കൈപ്പടയാണെന്ന് തിരിച്ചറിയാൻ സഹായിച്ചത്. രണ്ട് കത്തിന്റെയും ഉള്ളടക്കങ്ങൾ ഒന്നുതന്നെ. ഒന്ന് എന്നെ കളിയാക്കുക രണ്ട് സർക്കാരിനെയും അതിനെ നയിക്കുന്ന സഖാവ് പിണറായി വിജയനെയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്തുക. അതുകൊണ്ടുതന്നെ എഴുതിയ ആളിന്റെ രാഷ്ട്രീയവും പകൽപോലെ വ്യക്തം.

ഊമക്കത്ത് വഴിയാണ് കുത്താൻ ഉദ്ദേശിച്ചത് കൊണ്ട് തന്നെ അദ്ദേഹം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയം പോലെ അല്പം എഴുതിയ ആളും അല്പം പഞ്ചനാണെന്ന് തോന്നുന്നു. തത്കാലം ചേട്ടാ എന്ന് വിളിക്കാം. 'അതേ ചേട്ടാ, തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. ഇനിയും സമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും ഇടപെടും. ഇപ്പോൾ പോകുന്ന പോലെ ആവശ്യമുള്ളപ്പോൾ ഇനിയും ലെനിൻ സെന്ററിൽ പോകും.ഈ പോക്ക് പോയാൽ ചേട്ടൻ കുറേ ഊമക്കത്തുകൾ ഇനിയും എഴുതുമെന്നു തോന്നുന്നു. അപ്പോൾ ലാൽസലാം'

(ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയെയും എൻറെ കൂടെ ജോലി ചെയ്യുന്ന ചിലരുടെയെല്ലാം പേരെടുത്തു പറയുന്നത് കൊണ്ട് അവരുടെ സ്വകാര്യതയെ മാനിച്ച് കത്തിൻെ നല്ലൊരു ഭാഗവും മറച്ചുവെക്കുകയാണ്.

Content Highlights: Dr Jo Joseph Facebook post

To advertise here,contact us