കൊച്ചി: പ്രിയ ഫുട്ബോൾ പ്രേമികളേ, കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് കാൽപ്പന്തുകളിയുടെ ‘മിശിഹാ’ നമ്മുടെ കേരളത്തിലേയ്ക്ക് എത്തുകയാണ്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചതോടെ ലോകമെങ്ങുമുള്ള മലയാളികൾ ഹാപ്പി. മെസി കേരളത്തിലെത്തുന്ന വിവരം പങ്കുവെച്ച് എഎഫ്എ ഇട്ട പോസ്റ്റിൽ മലയാളി ഫുട്ബോൾ ആരാധകരുടെ കമന്റിന്റെ പൂരമാണ്.
'മക്കളെ അടിച്ച് കയറി വാ…. മിശിഹായും ലോക ചാമ്പ്യൻസും കേരളത്തിലേക്ക്, ഫുട്ബാളിന്റെ രാജാവ് കേരളത്തിന്റെ മണ്ണിലേക്ക് മക്കളേ…' എന്നു തുടങ്ങി മെസിയെയും സംഘത്തെയും കേരള മണ്ണിലേക്ക് സ്നേഹത്തോടെ ക്ഷണിക്കുകയാണ്. കൃത്യമായ ദിവസങ്ങൾ കൂടി എഎഫ്എ പ്രഖ്യാപിച്ചതോടെ ഇനി കൗണ്ട്ഡൗണിന്റെ നാളുകളാണ്.
മെസി ഉള്പ്പെടുന്ന അര്ജന്റീയുടെ ഫുട്ബോള് ടീം കേരളത്തില് എത്തുമെന്ന് പ്രദേശിക സമയം ഏഴ് മണിക്കാണ് അര്ജന്റീന ഫുട്ബോള് അസോസിയേഷന് ഔദ്യോഗികമായി അറിയിച്ചത്. നവംബര് 10 നും 18 നും ഇടയിലുള്ള തീയതികളിൽ അര്ജന്റീന ടീം കേരള സന്ദര്ശിക്കുമെന്നായിരുന്നു ഔദ്യോഗിക പ്രഖ്യാപനം. കേരള സര്ക്കാരുമായി ചേര്ന്ന് റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഫുട്ബോള് ലോക ജേതാക്കളെ കേരളത്തിലെത്തിക്കുന്നത്.
അര്ജന്റീന ഫുട്ബോള് ടീം കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കേരള സര്ക്കാരിനെയും റിപ്പോര്ട്ടര് ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെയും പ്രതിക്കൂട്ടില് നിര്ത്തി നിരവധി പേര് സൃഷ്ടിച്ച പുകമറ കൂടിയാണ് അര്ജന്റീന ഫുട്ബോള് അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടെ ഇല്ലാതാവുന്നത്. വസ്തുതകള് അന്വേഷിക്കാതെ മെസിയും സംഘവും കേരളത്തിലെത്തില്ലെന്ന നിലയില് ഒരു വിഭാഗം നടത്തിയ പ്രചാരണം കേരളത്തിലെ ഫുട്ബോള് പ്രേമികളെ നിരാശയിലാക്കിയിരുന്നു. എന്നാല് അര്ജന്റീന ഫുട്ബോള് അസോസിയേഷന്റെ പ്രഖ്യാപനത്തോടെ കേരളത്തിലെ ഫുട്ബോള് പ്രേമികള് ഏറെനാളായി കാത്തിരുന്ന കാല്പന്തുകളിയുടെ ഉത്സവദിനങ്ങള്ക്ക് കൊടിയേറ്റം ആരംഭിച്ചിരിക്കുകയാണ്.
2024 സെപ്തംബര് 24നാണ് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന് അര്ജന്റീന ഫുട്ബോള് ടീം കേരളത്തില് എത്തുമെന്ന് പ്രഖ്യാപിച്ചത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഖത്തര് ലോകകപ്പിന്റെ സമയത്ത് തങ്ങള്ക്കായി ആര്ത്തുവിളിച്ച കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചുകൊണ്ടാണ് അര്ജന്റീനയുടെ ദേശീയ ടീം കേരളത്തിലെത്താന് തീരുമാനിച്ചിരിക്കുന്നതെന്നും അബ്ദുറഹിമാന് അന്ന് വ്യക്തമാക്കിയിരുന്നു. ലയണല് മെസി അടക്കമുള്ള അര്ജന്റീന ദേശീയ ടീം ഇന്ത്യയില് കളിക്കാന് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന് കഴിയില്ലെന്ന കാരണത്താല് ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാര്ത്തകള് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം അര്ജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്.
ഓൺലൈൻ മീറ്റിംഗിലൂടെ വിശദമായ ചർച്ചയിലാണ് തീരുമാനം ഉണ്ടായതെന്നും മന്ത്രി അറിയിച്ചിരുന്നു. കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളെക്കുറിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി ഈ യോഗത്തിൽ ചർച്ച ചെയ്തിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളവുമായി ഫുട്ബോൾ രംഗത്ത് സജീവമായ സഹകരണത്തിന് സന്നദ്ധത അറിയിച്ചതായും അന്ന് മന്ത്രി അറിയിച്ചിരുന്നു.
വലിയ സാമ്പത്തിക ബാധ്യത വരുന്ന ഈ ഉദ്യമത്തിന് സർക്കാർ സ്പോൺസർമാരെ അന്വേഷിച്ചതോടെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയെ സ്പോൺസർ ആയി നിയോഗിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. ഇതു പ്രകാരം, 2024 ഡിസംബർ 20ന് അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കരാറിൽ ഒപ്പിട്ടു.
എന്നാൽ 2025 മെയ് മാസത്തോടെ മെസി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ എത്തില്ലെന്ന നിലയിലുള്ള പ്രചാരണം ഒരു വിഭാഗം മാധ്യമങ്ങൾ നടത്തിയിരുന്നു. ഫിഫ പുറത്തുവിട്ട ഫുട്ബോൾ വിൻഡോയെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഈ പ്രചാരണങ്ങൾ. അപ്പോഴും മെസി കേരളത്തിലേക്ക് വരുന്നതിൽ തടസ്സങ്ങളില്ലെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടർ ടി വി മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററുമായ ആന്റോ അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു. 'മെസി വരില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നമുക്ക് അനുവദിച്ച ദിവസങ്ങളൊഴിച്ച് അവർക്ക് മറ്റ് രാജ്യങ്ങളിൽ കളിക്കാം. മെസി വരുന്നത് സംബന്ധിച്ച് എഎഫ്എയാണ് വിവരങ്ങൾ പ്രഖ്യാപിക്കേണ്ടത്. അതിനിടയിൽ, തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഇതിന് പിന്നിലെ പ്രയത്നത്തെ ഇല്ലാതാക്കരുതെന്നും ആന്റോ അഗസ്റ്റിൻ അഭ്യർത്ഥിച്ചിരുന്നു.
'അർജന്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കുമ്പോൾ എതിർ ടീമായി ലോകത്തിലെ മികച്ച മറ്റൊരു ടീമിനെ കൂടി എത്തിക്കേണ്ടതുണ്ട്. അവരുമായും ചർച്ചകൾ നടക്കുകയാണ്. സർക്കാരും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയും ചെയ്യേണ്ട കാര്യങ്ങൾ ഇരുവരുടെയും ഭാഗത്ത് നിന്നും പുരോഗമിക്കുന്നുണ്ട്. ഇന്ത്യയിൽ കളിക്കുന്നില്ലെന്ന് അർജന്റീന ടീം തീരുമാനിച്ചാൽ ഒന്നും ചെയ്യാനാകില്ല. മീഡിയ ഹൗസ് എന്ന നിലയ്ക്കല്ല കേരളത്തിലേക്ക് മെസിയെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നത്. മെസി വന്നാൽ കേരളത്തിലെ കായിക മേഖലയ്ക്ക് ഉണ്ടായേക്കാവുന്ന മാറ്റം ചെറുതായിരിക്കില്ല. എന്നാൽ മെസി വരില്ലെന്ന് പ്രചരിപ്പിക്കാൻ വളരെ എളുപ്പമാണ്. ദുഷ്ടലാക്കോടെ പ്രവർത്തിക്കരുതെന്നും ആന്റോ അഗസ്റ്റിൻ പറഞ്ഞിരുന്നു.
ഒടുവിൽ ഇത്തരം അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ച് സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡുമായി ഒപ്പിട്ട കരാർ പ്രകാരം മെസി അടങ്ങുന്ന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് എഎഫ്എ. സെപ്തംബർ അഞ്ചിന് വെനസ്വേലക്കെതിരെയും സെപ്തംബർ പത്തിന് ഇക്വഡോറിനെതിരെയും ഉള്ള മത്സരങ്ങൾക്ക് ശേഷം മെസിയും സംഘവും നേരെയെത്തുക കേരളത്തിലേക്കാവും. അടുത്ത വർഷം നടക്കുന്ന ലോകകപ്പിനുള്ള അർജന്റീനയുടെ തയ്യാറെടുപ്പ് മത്സരം കൂടിയാകും തിരുവനന്തപുരത്തെ പോരാട്ടം.
Content Highlights: Malayalis are happy after the Argentine Football Association officially announced the kerala visit