കണ്ണൂര്‍ സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐ പരാജയഭീതിയിലെന്ന് കെഎസ്‌യു

'നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ ബെജ മോഡല്‍ കോളേജ് യൂണിയന്‍ കെഎസ്‌യു-എംഎസ്എഫ് മുന്നണി നേടി.'

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ ജില്ലയില്‍ എസ്എഫ്‌ഐ പരാജയഭീതിയിലാണെന്ന് കെഎസ്‌യു. അതിന്റെ ഭാഗമായാണ് ചില കോളേജുകളില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കാനിടപെട്ടതെന്നും കെഎസ്‌യു ആരോപിച്ചു.

എസ്എഫ്‌ഐക്ക് അധ്യാപകരുള്‍പ്പെടെ കൂട്ടുനില്‍ക്കുകയാണ്. നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ ബെജ മോഡല്‍ കോളേജ് യൂണിയന്‍ കെഎസ്‌യു-എംഎസ്എഫ് മുന്നണി നേടി. പെരിയ എസ്എന്‍ കോളേജില്‍ എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ ഒഴികെയുള്ള എല്ലാ പത്രികയും തള്ളി. എന്നാല്‍ പത്രിക തള്ളി എന്ന കാരണത്താല്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുന്ന നടപടി ജനാധിപത്യവിരുദ്ധമാണെന്നും സര്‍വകലാശാലയെയും കോളേജ് അധികാരികളെയും കൂട്ടുപിടിച്ച് നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്നും കെഎസ്‌യു ജില്ല പ്രസിഡന്റ് ജവാദ് പൂത്തൂര്‍ പറഞ്ഞു.

മുന്നാട് പീപ്പിള്‍സ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ കെഎസ്‌യു വിജയം ഉറപ്പിച്ചപ്പോള്‍ നടപടികള്‍ നിര്‍ത്തിവെക്കുകയും പന്ത്രണ്ടോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാത്രി ഹോസ്റ്റല്‍ മുറിയില്‍ കയറി വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയും ചെയ്ത സംഭവവും ജില്ലയില്‍ എസ്എഫ്‌ഐ പരാജയമുറപ്പിച്ചതിന്റെ വെപ്രാളത്തിലാണ്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ കെഎസ്‌യു പാനലില്‍ മത്സരിക്കുന്ന ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശപത്രിക അകാരണമായി തള്ളുകയും സൂക്ഷ്മപരിശോധന രാത്രി 10 വരെ നീണ്ടുപോകുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കി, ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള ഒരുക്കത്തിനിടെ അധ്യാപകര്‍ പത്രിക സ്വീകരിച്ചു. എതിരില്ലാതെ വിജയിച്ചു എന്ന് അവകാശപ്പെട്ട് പ്രചാരണം നടത്തിയ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വീണ്ടും അപഹാസ്യരാവുകയാണ് എന്നും കെഎസ്‌യു ജില്ലാ കമ്മിറ്റി പറഞ്ഞു.

Content Highlights: Kannur University College Union elections; SFI fears defeat, says KSU

To advertise here,contact us