തിരുവനന്തപുരം: കേരള സര്വകലാശാല യൂണിയന് ഉദ്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങില് രജിസ്ട്രാറായി ആര് പങ്കെടുക്കുമെന്ന കാര്യത്തിൽ അവ്യക്തത. സസ്പെൻഷനിലുള്ള ഡോ. കെ എസ് അനില്കുമാര് ചടങ്ങിൽ പങ്കെടുക്കുമെന്നാണ് നോട്ടീസിലുള്ളത്. ചടങ്ങില് അനില്കുമാര് ആശംസ പ്രസംഗം നടത്തുമെന്ന് നോട്ടീസിൽ പറയുന്നു. വൈസ് ചാന്സലര് രജിസ്ട്രാറിന്റെ പകരം ചുമതല നല്കിയിരിക്കുന്ന മിനി കാപ്പന്റെ പേര് നോട്ടീസില് ഇല്ല. ഇതോടെയാണ് അവ്യക്തത ഉടലെടുത്തിരിക്കുന്നത്. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ പേരും നോട്ടീസിൽ ഉണ്ട്. വൈകിട്ടാണ് പരിപാടി.
പ്രശസ്ത എഴുത്തുകാരന് ടി ഡി രാമകൃഷ്ണനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. ഗായികയും സംഗീത, നാടക അക്കാദമി ഉപാധ്യക്ഷയുമായ പുഷ്പവതി പൊയ്പാടത്താണ് മുഖ്യാതിഥി. യൂണിവേഴ്സിറ്റി യൂണിയന് ജനറല് സെക്രട്ടറി എ വി ഗോവിന്ദ് സ്വാഗത പ്രസംഗം നടത്തും. യൂണിയന് ചെയര്മാന് എസ് അശ്വിനാണ് അധ്യക്ഷന്. വൈസ് ചാന്സലര് മോഹനന് കുന്നുമ്മലും ആശംസാ പ്രസംഗം നടത്തുമെന്നാണ് നോട്ടീസിലുള്ളത്. സിന്ഡിക്കേറ്റ് അംഗങ്ങളായ ജി മുരളീധരന്, ജെ എസ് ഷിജു ഖാന്, ആര് രാജേഷ്, എസ് നസീബ്, മനോജ് ടി ആര്, റഹീം കെ. എം രാധാമണി, അജയ് ഡി എന്, വൈഭവ് ചാക്കോ, ഡിഎസ്എസ് സിദ്ദിഖ് ആര്, തിരുവനന്തപുരം ഗവ. വിമണ്സ് കോളേജ് പ്രിന്സിപ്പല് ഉമാ ജ്യോതി വി എന്നിവരുടെ പേരും നോട്ടീസിലുണ്ട്.
സര്വകലാശാല സെനറ്റ് ഹാളില് സംഘടിപ്പിച്ച പരിപാടിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങള്ക്കൊടുവിലായിരുന്നു രജിസ്ട്രാര് മോഹനന് കുന്നുമ്മലിനെ ഗവര്ണര് രാജേന്ദ്ര ആര്ലേക്കറുടെ നിര്ദേശ പ്രകാരം വൈസ് ചാന്സലര് മോഹനന് കുന്നുമ്മല് സസ്പെന്ഡ് ചെയ്തത്. 'അടിയന്തരാവസ്ഥയുടെ അന്പതാണ്ടുകള്' എന്ന പേരില് പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയില് കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രം പ്രദര്ശിപ്പിച്ചതായിരുന്നു വിവാദങ്ങള്ക്ക് കാരണമായത്. പരിപാടിക്ക് രജിസ്ട്രാര് അനുമതി നിഷേധിച്ചിരുന്നു. എന്നാല് ഇത് മറികടന്ന് ഗവര്ണര് ചടങ്ങില് പങ്കെടുത്തു. ഇതിന് പിന്നാലെ പരിപാടിക്ക് രജിസ്ട്രാര് എന്തുകൊണ്ട് അനുമതി നിഷേധിച്ചുവെന്ന് വ്യക്തമാക്കണമെന്ന് കാണിച്ച് ഗവര്ണര് വൈസ് ചാന്സലറോട് റിപ്പോര്ട്ട് തേടി. ഈ റിപ്പോര്ട്ട് പരിഗണിച്ചായിരുന്നു രജിസ്ട്രാറെ സസ്പെന്ഡ് ചെയ്ത്. ഇതിന് പിന്നാലെ സര്വകലാശാലയില് നടന്നത് അസാധാരണ നടപടികളായിരുന്നു. അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പന് വിസി രജിസ്ട്രാറുടെ പകരം ചുമതല നല്കി. ഒടുവില് വിഷയം ഹൈക്കോടതിയുടെ പരിഗണനയില് എത്തുകയും അനില്കുമാറിന് അനുകൂലമായി ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല് തുടര് നടപടികള് സ്വീകരിക്കാന് വൈസ് ചാന്സലര് തയ്യാറായില്ല. അനില്കുമാര് ഇപ്പോഴും സസ്പെന്ഷനിലാണെന്നാണ് വൈസ് ചാന്സലറുടെ വാദം.
Content Highlights- Suspended registrar k s anilkumars name in notice on kerala university union inauguration programme