ജെഎസ്‌കെ പുതുക്കിയ പതിപ്പ്; ഇന്ന് അനുമതി ലഭിച്ചേക്കുമെന്ന് സൂചന

ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്

കൊച്ചി: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പിന് ഇന്ന് സെൻസർ ബോർഡിന്റെ അനുമതി ലഭിച്ചേക്കും. കോടതിയിൽ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തിൽ മ്യൂട്ട്. കൂടാതെ ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ഇനിയെങ്കിലും ചിത്രം പ്രദർശനത്തിനെത്തിക്കാമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്. ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിച്ചു.

കേസ് കോടതി പരിഗണിച്ചപ്പോൾ ടൈറ്റിൽ മാറ്റുന്നതുകൊണ്ടുള്ള ബുദ്ധിമുട്ട് നിർമാതാക്കൾ കോടതിയെ അറിയിച്ചിരുന്നു. ജാനകി എന്ന പേര് ഉപയോഗിക്കുന്ന 96 ഓളം ഭാഗങ്ങളിലും കട്ട് വേണ്ടിവരുമെന്നും നിർമാതാക്കൾ അറിയിച്ചു. ഇതോടെയാണ് ടൈറ്റിലിൽ വി എന്ന് ചേർത്താൽ മതിയാകുമെന്ന് സെൻസർ ബോർഡ് വ്യക്തമാക്കിയത്. കോടതി രംഗങ്ങളിൽ പേര് ഉപയോഗിക്കുന്ന ഭാഗം മ്യൂട്ട് ചെയ്താൽ മതിയെന്നും സെൻസർ ബോർഡ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതോടെയാണ് ചിത്രത്തിന്റെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചത്. വിചാരണ രംഗങ്ങളിൽ ജാനകിയെന്ന പേര് ഉപയോഗിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രം 'ജാനകി' എന്ന പേരിലാണ് കുടുങ്ങിയത്. പീഡനത്തിരയായി ഗർഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് വിവാദമായത്.

Content Highlights: revised version of the film JSK may get clearance from the censor board today

To advertise here,contact us