തെറ്റിദ്ധരിപ്പിച്ചാൽ വീഴുന്ന ആളല്ല മുഖ്യമന്ത്രി; തോമസിന്റേത് അപക്വമായ പ്രസ്താവന, നിലപാടിൽ ഉറച്ച് ആൻ്റണി രാജു

തോമസ് ചാണ്ടിയുമായി ഒരു പിണക്കവും ഇല്ലെന്നും പണം വാഗ്ദാനം ചെയ്ത കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ആന്റണി രാജു വ്യക്തമാക്കി

icon
dot image

തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തിട്ടില്ലെന്ന എന്‍സിപി നേതാവ് തോമസ് കെ തോമസ് എംഎല്‍എയുടെ വാദം തള്ളി ജനാധിപത്യ കേരള കോണ്‍ഗ്രസ് എംഎല്‍എ ആന്റണി രാജു. രാവിലെ മുതല്‍ തോമസ് കെ തോമസ് അപക്വമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും ആന്റണി രാജു പറഞ്ഞു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് തോമസ് കെ തോമസ് പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Image

മുഖ്യമന്ത്രി താന്‍ തെറ്റിദ്ധരിപ്പിച്ചാല്‍ വീഴുന്ന ആളല്ലെന്നും ആരെങ്കിലും പറയുന്നത് കേട്ടാല്‍ വിശ്വസിക്കുന്ന ആളല്ലെന്നും ആന്റണി രാജു പറഞ്ഞു. 'എല്ലാ കാലവും മത്സരിച്ചത് എല്‍ഡിഎഫിനൊപ്പമാണ്. തോമസ് ചാണ്ടിയുമായി ഒരു പിണക്കവും ഇല്ല. പണം വാഗ്ദാനം ചെയ്ത കാര്യം ഞാന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. എനിക്ക് അറിയാവുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്', ആന്റണി രാജു പറഞ്ഞു.

ഒരു പ്രതികരണവും നടത്താത്ത വിഷയത്തില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഒരു മുന്നണിയിലായതിനാല്‍ എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ കഴിയില്ലെന്ന് ആന്റണി രാജു വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി സംസാരിച്ച എല്ലാ കാര്യങ്ങളും പുറത്ത് പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്വേഷണത്തിന് തോമസ് കെ തോമസ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് നിശ്ചയമായും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തില്‍ നിന്ന് താന്‍ ഒളിച്ചോടില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.

നേരത്തെ കോഴ ആരോപണം തള്ളി തോമസ് കെ തോമസ് രംഗത്തെത്തിയിരുന്നു. കുട്ടനാട് സീറ്റ് പിടിക്കാനുള്ള ആന്റണി രാജുവിൻറെ ശ്രമത്തിന്റെ ഭാഗമായിരുന്നു ആരോപണമെന്നായിരുന്നു തോമസ് പറഞ്ഞത്. 'ആന്റണി രാജുവിന്റെ ഉദ്ദേശ്യം അറിയില്ല. തോമസ് ചാണ്ടിയുടെ പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ആന്റണി രാജുവാണ്. കുട്ടനാട് സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ആദ്യം കുടുംബ സ്വത്ത് അടിച്ചു മാറ്റി എന്ന് ആരോപിച്ചു. എന്നെ അറിയാവുന്നവര്‍ ഇത് വിശ്വസിക്കില്ല. ഇന്നുവരെ സ്വത്തില്‍ കണക്ക് പറഞ്ഞിട്ടില്ല', എന്നായിരുന്നു തോമസ് കെ തോമസ് പറഞ്ഞത്.

മുഖ്യമന്ത്രിയെ ആന്റണി രാജു തെറ്റിദ്ധരിപ്പിച്ചതാണെന്നും മുഖ്യമന്ത്രിയെ പൂര്‍ണവിശ്വാസമാണെന്നുമായിരുന്നു തോമസ് മാധ്യമങ്ങളിലൂടെ സൂചിപ്പിച്ചത്.

ആര്‍എസ്പി-ലെനിനിസ്റ്റ് പാര്‍ട്ടി നേതാവ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ, എംഎല്‍എ ആന്റണി രാജു എന്നിവര്‍ക്ക് തോമസ് കെ തോമസ് കോഴ വാഗ്ദാനം ചെയതുവെന്നാണ് ആരോപണം. കോഴ വാഗ്ദാനം ചെയ്തെന്ന പരാതി നിലനില്‍ക്കുന്നതിനാലാണ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതെ തോമസ് കെ തോമസ് പിന്തള്ളപ്പെട്ടതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ വെളിപ്പെടുത്തിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി ഇരു എംഎല്‍എമാരുമായും നടത്തിയ കൂടിക്കാഴ്ചയില്‍ കോഴ വാഗ്ദാനം ശരിവെച്ചായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം. എന്നാല്‍ വാദങ്ങള്‍ കോവൂര്‍ കുഞ്ഞുമോന്‍ തള്ളി. എന്‍സിപി അജിത് പവാര്‍ പക്ഷത്തിലേക്ക് എംഎല്‍എമാരെ കൊണ്ടുവരാനാണ് കോഴ വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. എന്നാല്‍ അജിത് പവാര്‍ പക്ഷവും ആരോപണം തള്ളിയിട്ടുണ്ട്.

Content Highlights: Antony Raju reaction against Thomas K Thomas

To advertise here,contact us
To advertise here,contact us
To advertise here,contact us