ജറുസലേം: ഇസ്രയേലിന്റെ കൈവശം ഏകദേശം 90 ആണവ പോർമുനകളുണ്ടെന്ന് പുതിയ പഠന റിപ്പോർട്ട്. ഇതിന് പുറമെ 160 മുതൽ 250 വരെ ആണവ ബോംബുകൾ കൂടി നിർമിക്കാൻ ആവശ്യമായ പ്ലൂട്ടോണിയം ശേഖരവും രാജ്യത്തിന്റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 'ബുള്ളറ്റിൻ ഓഫ് ദ ആറ്റോമിക് സയന്റിസ്റ്റ്സിന്റെ' പഠന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. നവംബർ 10നാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അഞ്ച് വർഷം മുമ്പ് നടത്തിയ വിലയിരുത്തലിലും ഇസ്രയേലിന്റെ കൈവശം ഏകദേശം 90 ആണവ പോർമുനകളുണ്ടെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ആണവായുധങ്ങൾ കൈവശമുണ്ടെന്ന് ഇസ്രയേൽ ഔദ്യോഗികമായി ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാൽ 1960-കളിൽ തന്നെ ഇസ്രയേൽ ആണവ ബോംബുകളുടെ നിർമാണം ആരംഭിച്ചതായാണ് കരുതപ്പെടുന്നത്.
ആണവവിദഗ്ധരുടെ റിപ്പോർട്ട് പ്രകാരം ഇസ്രയേൽ പ്ലൂട്ടോണിയം ശേഖരിക്കുന്നത് ഇപ്പോഴും തുടരുകയാണ്. ഏകദേശം 1,000 കിലോഗ്രാം പ്ലൂട്ടോണിയം രാജ്യത്തിന്റെ കൈവശമുണ്ടെന്നാണ് കണക്ക്. പ്രത്യേക രൂപകൽപ്പനയിലുള്ള ആണവ പോർമുനകൾ നിർമിക്കാൻ ആവശ്യമായ അളവിൽ പ്ലൂട്ടോണിയം ഉപയോഗിച്ചാൽ 160 മുതൽ 250 വരെ ബോംബുകൾ കൂടി നിർമിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
ഇസ്രയേലിന്റെ ആണവായുധ ശേഖരത്തിന്റെ സാങ്കേതിക മികവ് കൃത്യമായി വിലയിരുത്തുക പ്രയാസകരമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഹൈഡ്രജൻ ബോംബുകൾ ഉൾപ്പെടെയുള്ള മൾട്ടി-സ്റ്റേജ് തെർമോന്യൂക്ലിയർ ആയുധങ്ങൾ വികസിപ്പിക്കാൻ ഇസ്രയേലിന് കഴിഞ്ഞിട്ടുണ്ടാകാമെന്ന സാധ്യതയും റിപ്പോർട്ട് തള്ളിക്കളയുന്നില്ല. എന്നാൽ ലഭ്യമായ വിവരങ്ങളുടെ വിശകലനത്തിൽ, ഒറ്റഘട്ടത്തിലുള്ള ബൂസ്റ്റഡ് ഫിഷൻ ആയുധങ്ങളാണ് ഇസ്രയേലിന്റെ ആണവശേഖരത്തിലുള്ളതെന്നാണ് വിദഗ്ധരുടെ നിഗമനം. മറ്റ് പല രാജ്യങ്ങളെയും പോലെ പ്ലൂട്ടോണിയം ശേഖരം തന്ത്രപ്രധാനമായ കരുതൽ ശേഖരമായാണ് ഇസ്രയേൽ നിലനിർത്തുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. ഈ ശേഖരം ഉപയോഗിച്ച് ഉടൻ ആണവായുധങ്ങളുടെ എണ്ണം വർധിപ്പിക്കാൻ രാജ്യത്തിന് പദ്ധതിയില്ലെന്നും വിലയിരുത്തുന്നു.
ഇസ്രയേലിന്റെ ആണവായുധ പദ്ധതിയുടെ പ്രധാന കേന്ദ്രമായ ദിമോണ ആണവ നിലയത്തിൽ പോർമുനകളുടെ നിർമാണം ഇപ്പോഴും തുടരുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നാൽ പുതിയ ആയുധങ്ങൾ കൂട്ടിച്ചേർക്കുന്നതിനല്ല, നിലവിലുള്ള ആണവായുധ ശേഖരത്തിലെ പഴയ പോർമുനകൾക്ക് പകരം പുതിയത് നിർമിക്കാനാണ് ഈ പ്രവർത്തനങ്ങളെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ദിമോണയിലെ റിയാക്ടർ അതിന്റെ പ്രവർത്തനകാലാവധിയുടെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2021ൽ ഉപഗ്രഹ ചിത്രങ്ങളിൽ പ്രദേശത്ത് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ നിർമാണ പ്രവർത്തനങ്ങളിലൊന്ന് കണ്ടെത്തിയിരുന്നു.
2026ലെ ഉപഗ്രഹ ചിത്രങ്ങളിൽ നിലവിലുള്ള റിയാക്ടറിന് സമാനമായ വ്യാസമുള്ള പുതിയ വൃത്താകൃതിയിലുള്ള നിർമിതി കണ്ടെത്തിയതായും റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് ആണവ റിയാക്ടറുമായി ബന്ധപ്പെട്ട നിർമാണമാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും നിലവിലില്ല. സംഭരണ ടാങ്ക് പോലുള്ള മറ്റൊരു കെട്ടിടത്തിന്റെ നിർമാണവുമാകാമെന്നാണ് വിലയിരുത്തൽ. ആണവ നിർവ്യാപന ഉടമ്പടിയിൽ ഇസ്രയേൽ അംഗമല്ലാത്തതിനാൽ പുതിയ റിയാക്ടർ സ്ഥാപിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാക്കുന്നത് പ്രയാസകരമാകുമെന്നും റിപ്പോർട്ട് പറയുന്നു. കയറ്റുമതി നിയന്ത്രണങ്ങൾ കാരണം മറ്റ് വ്യാപാര മാർഗങ്ങൾ തേടേണ്ടിവരുന്ന സാഹചര്യമുണ്ടാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആണവായുധങ്ങൾ കൈവശമുണ്ടെന്ന കാര്യം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യാത്ത നിലപാടാണ് പതിറ്റാണ്ടുകളായി ഇസ്രയേൽ പിന്തുടരുന്നത്. മധ്യപൂർവേഷ്യയിൽ ആണവായുധങ്ങൾ അവതരിപ്പിക്കുന്ന ആദ്യ രാജ്യമാകില്ലെന്ന നിലപാടും ഇസ്രയേൽ ആവർത്തിച്ചിട്ടുണ്ട്.
Content Highlights: A study report estimates that Israel possesses approximately 90 nuclear weapons and has the capability to produce up to 250 additional nuclear warheads