ഇസ്രയേൽ തെരഞ്ഞെടുപ്പ്: 120 ബൂത്തുകളിലെ ഫലം റദ്ദാക്കണമെന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി; കോടതിയിലേക്ക്

120 പോളിങ് ബൂത്തുകളിലെ ഫലം റദ്ദാക്കി പുനര്‍വോട്ടെടുപ്പ് നടത്താനാണ് പ്രധാന ആവശ്യം. ഇത് സാധ്യമല്ലെങ്കില്‍ 41 പ്രദേശങ്ങളിലെ 95 ബൂത്തുകളിലെങ്കിലും റീ ഇലക്ഷന്‍ നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു

പങ്കാളി സാറ നെതന്യാഹുവിനൊപ്പം ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേല്‍ തെരഞ്ഞെടുപ്പിലെ 120 പോളിങ് ബൂത്തുകളിലെ ഫലം റദ്ദാക്കണെന്നാവശ്യപ്പെട്ട് കാവല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി കോടതിയെ സമീപിച്ചു. ഈ 120 ബൂത്തുകളിലെ ഫലം റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് നെതന്യാഹുവിന്റെയും പാര്‍ട്ടിയുടെയും ആവശ്യം. ഇത് സംബന്ധിച്ച് ജെറുസലേം ഡിസ്ട്രിക് കോര്‍ട്ടില്‍ ലിക്കുഡ് ഹര്‍ജി നല്‍കി. പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണങ്ങളും നെതന്യാഹുവിന്റെ അഴിമതിക്കേസുകളിലെ നിര്‍ണായക വെളിപ്പെടുത്തലുകളും ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തില്‍ക്കൂടിയാണ് ലിക്കുഡ് പാര്‍ട്ടിയുടെ പുതിയ നീക്കം.

ലിക്കുഡ് പാര്‍ട്ടി

അഡ്വക്കറ്റ് ഇലാന് ബോംബാച്ച് മുഖേന നെസ്സറ്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ 86-ാം വകുപ്പ് പ്രകാരമാണ് ലിക്കുഡ് പാര്‍ട്ടി ജെറുസലേം ജില്ലാ കോടതിയെ സമീപിച്ചത്. 120 പോളിങ് ബൂത്തുകളിലെ ഫലം റദ്ദാക്കി പുനര്‍വോട്ടെടുപ്പ് നടത്താനാണ് പ്രധാന ആവശ്യം. ഇത് സാധ്യമല്ലെങ്കില്‍ 41 പ്രദേശങ്ങളിലെ 95 ബൂത്തുകളിലെങ്കിലും റീ ഇലക്ഷന്‍ നടത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.

അറബ് ഭൂരിപക്ഷ പ്രദേശങ്ങളായ നസ്രേത്ത്, തംറ, സഖ്‌നിന്‍, ഉം അല്‍-ഫഹം, രഹാത്, ഐന്‍ മഹില്‍ തുടങ്ങിയ സ്ഥലങ്ങളിലെ പോളിങ് ബൂത്തുകളില്‍ ക്രമക്കേടുകള്‍ നടന്നതായി ലിക്കുഡ് പാര്‍ട്ടി ആരോപിക്കുന്നു. വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ആപ്പുകള്‍, മൊബൈല്‍ ഫോണുകള്‍, കൈയെഴുത്തുപ്രതികള്‍ എന്നിവ വഴി തത്സമയം ശേഖരിച്ച് വോട്ടിങ് ശതമാനം ഉയര്‍ത്താന്‍ ഉപയോഗിച്ചെന്നാണ് പാര്‍ട്ടിയുടെ വാദം. ഇത് വോട്ടിങ്ങിന്റെ രഹസ്യസ്വഭാവവും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും സുപ്രീം കോടതിയുടെയും ഉത്തരവുകളും ലംഘിക്കുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ 23 പ്രദേശങ്ങളിലെ 53 ബൂത്തുകളില്‍ വോട്ടിങ്ങിന്റെ രഹസ്യസ്വഭാവം ലംഘിക്കപ്പെട്ടതായും ലിക്കുഡ് ആരോപിക്കുന്നു.

റആം (Ra'am), ജോയിന്റ് ലിസ്റ്റ് (Joint List) എന്നീ അറബ് പാര്‍ട്ടികള്‍ യഥാക്രമം 8, 11 എന്നിങ്ങനെ ആകെ 19 സീറ്റുകള്‍ നേടി. പ്രൊഫ. അവ്‌റാഹാം ഡിസ്‌കിന്റെ അഭിപ്രായം ഉയര്‍ത്തിക്കാട്ടി, നിരോധിത രീതിയിലൂടെ ലഭിച്ച വോട്ടുകള്‍ കാരണം ഈ പാര്‍ട്ടികള്‍ക്ക് കുറഞ്ഞത് 3 സീറ്റുകളെങ്കിലും അധികമായി ലഭിച്ചിട്ടുണ്ടാകാമെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു. റആം പാര്‍ട്ടിയില്‍ നിന്ന് 6,679 വോട്ടുകള്‍ കുറച്ചാല്‍ ഷാസ് (Shas) പാര്‍ട്ടിക്ക് ഒരു സീറ്റ് അധികം ലഭിക്കുമെന്നും, അത് നെതന്യാഹുവിനെ പിന്തുണയ്ക്കുന്ന സഖ്യത്തിന്റെ സീറ്റ് വിഹിതം 53ല്‍ നിന്ന് 54 ആയി ഉയരുമെന്നും ലിക്കുഡ് അവകാശപ്പെടുന്നു.

ബെഞ്ചമിന്‍ നെതന്യാഹു

അതേസമയം, വോട്ടര്‍മാര്‍ക്ക് പണം നല്‍കിയതിനോ വ്യാപകമായ തട്ടിപ്പുകള്‍ നടന്നതിനോ യാതൊരു തെളിവുമില്ലെന്ന് ലിക്കുഡ് വൃത്തങ്ങള്‍ തന്നെ സമ്മതിക്കുന്നുണ്ടെന്ന് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. കമ്മീഷന്‍ പരിശോധിച്ച 800ഓളം പരാതികളില്‍ അഞ്ചെണ്ണത്തില്‍ മാത്രമേ കഴമ്പുള്ളൂവെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്തു. വോട്ടര്‍മാരുടെ വിവരങ്ങള്‍ കൈമാറിയെന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ പോലും അത് ഫലം റദ്ദാക്കാനുള്ള നിയമപരമായ കാരണമാകില്ലെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

പ്രതിപക്ഷ നേതാവായ അവിഗ്‌ദോര്‍ ലീബര്‍മാന്‍ (യിസ്രായേല്‍ ബെയ്‌തേനു പാര്‍ട്ടി) ഗുരുതരമായ ആരോപണവുമായി രംഗത്തെത്തി. പ്രതിപക്ഷ നേതാക്കളെ നിരീക്ഷിക്കാനും അവരുടെ സംഭാഷണങ്ങള്‍ ചോര്‍ത്താനും നെതന്യാഹുവും വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും മൊസാദ്, ഷിന്‍ ബെറ്റ് തുടങ്ങിയ രഹസ്യാന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നുണ്ടാകാമെന്ന് ലീബര്‍മാന്‍ KAN റേഡിയോയോട് പറഞ്ഞു.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്‍ സൈനിക മേധാവി ഗാഡി ഐസന്‍കോട്ടിന് (യാഷര്‍ പാര്‍ട്ടി) ഡിസംബര്‍ ആറ് വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. എന്നാല്‍ ലിക്കുഡുമായി ഐക്യസര്‍ക്കാര്‍ ഉണ്ടാക്കാനുള്ള ഐസന്‍കോട്ടിന്റെ ശ്രമങ്ങളെ എതിര്‍ത്ത് യയര്‍ ഗോലാന്റെ ഡെമോക്രാറ്റ്‌സ് പാര്‍ട്ടി ചര്‍ച്ചകള്‍ നിര്‍ത്തിവെച്ചു. ലിക്കുഡിന്റെ ഹര്‍ജിക്കെതിരെ യാഷര്‍ പാര്‍ട്ടിയും ശക്തമായി പ്രതികരിച്ചു. ജനവിധിയെ നിഷേധിച്ച് തിരഞ്ഞെടുപ്പ് ഫലത്തിന്റെ നിയമസാധുത തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി.

Content Highlight: Benjamin Netanyahu's Likud Party has approached the Jerusalem District Court seeking to annul the results of 120 polling stations in Israel's 2026 parliamentary election and conduct fresh voting. The party alleges that Arab-led parties Ra'am and the Joint List illegally tracked voter participation and violated ballot secrecy in several polling stations. Likud claims these alleged irregularities may have influenced the allocation of parliamentary seats. However, reports indicate that there is no evidence of widespread electoral fraud or vote-buying. Meanwhile, opposition leader Avigdor Lieberman has accused Netanyahu and Foreign Minister Israel Katz of potentially misusing intelligence agencies to monitor opposition leaders. Gadi Eisenkot's Yashar party has condemned Likud's court move, accusing it of undermining the legitimacy of the election results.

To advertise here,contact us