അന്റാലിയ: തുര്‍ക്കിയിലെ അന്റാലിയയില്‍ നടന്ന 31-ാമത് യുഎന്‍ കാലാവസ്ഥാ ഉച്ചകോടി (COP31) പ്രധാന കരാറില്‍ സമവായമില്ലാതെ അവസാനിച്ചു. നിരവധി രാജ്യങ്ങളും ചര്‍ച്ചാ കൂട്ടായ്മകളും അന്തിമ രേഖയായ 'അന്റാലിയ പാക്ട്' അംഗീകരിക്കാന്‍ വിസമ്മതിച്ചു. 14 ദിവസം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും നവംബര്‍ 22ന് കരാറില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. തുര്‍ക്കിയും ഓസ്ട്രേലിയയും നേതൃത്വം നല്കിയ ഉച്ചകോടിയുടെ അധ്യക്ഷസമിതിക്ക് അന്തിമ രേഖ അംഗീകരിപ്പിക്കാനായില്ല. നേരത്തെ നവംബര്‍ 20ന് അവസാനിക്കേണ്ടിയിരുന്ന ഉച്ചകോടി രണ്ട് ദിവസം കൂടി നീണ്ടിരുന്നു.
യൂറോപ്യന്‍ യൂണിയന്, ബ്രിട്ടന്, മാര്‍ഷല്‍ ദ്വീപുകള്‍ തുടങ്ങിയ രാജ്യങ്ങളും കൂട്ടായ്മകളും അന്തിമ രേഖയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ഫോസില്‍ ഇന്ധനങ്ങളെക്കുറിച്ച് പരാമര്‍ശമില്ലാത്തത്, കാലാവസ്ഥാ ധനസഹായത്തിന് വ്യക്തമായ സമയപരിധിയും തുകയും നിശ്ചയിക്കാത്തത്, കാര്‍ബണ്‍ പിടിച്ചെടുക്കല്‍ സാങ്കേതികവിദ്യകള്‍ക്ക് പ്രാധാന്യം നല്‍കുന്നത് എന്നിവയാണ് പ്രധാന വിമര്‍ശനങ്ങള്‍. ഫോസില്‍ ഇന്ധന ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള നടപടികള്‍ ദുര്‍ബലപ്പെടുത്തുന്നതാണ് കരാറെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. കാലാവസ്ഥാ പ്രതിസന്ധിയുടെ ഗൗരവം ഉള്‍ക്കൊള്ളുന്നില്ലെന്ന് പറഞ്ഞ് യൂറോപ്യന്‍ യൂണിയന് കരാറിനെ ഔദ്യോഗികമായി നിരസിച്ചു.
അതേസമയം, ഇന്ത്യ അന്തിമ രേഖ അംഗീകരിക്കാന്‍ തയ്യാറായി. സമവായത്തിലൂടെ അന്താരാഷ്ട്ര സഹകരണം തുടരേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് ഇന്ത്യ നിലപാടെടുത്തത്. കരാറിലെ ചില നിര്‍ദേശങ്ങളില്‍ വിയോജിപ്പുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കി. തുല്യത, കാലാവസ്ഥാ നീതി, പൊതുവായതും എന്നാല്‍ വ്യത്യസ്തവുമായ ഉത്തരവാദിത്തങ്ങളും ശേഷികളും (CBDR-RC) എന്നീ തത്വങ്ങള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ലെന്ന് ഇന്ത്യ വിമര്‍ശിച്ചു. വികസിത രാജ്യങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ ദുര്‍ബലപ്പെടുത്തിയതായും വികസ്വര രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ ധനസഹായം നല്കുന്നതില് കാര്യമായ ചര്‍ച്ച ഉണ്ടായില്ലെന്നും ഇന്ത്യ ആരോപിച്ചു. എന്നിരുന്നാലും, അന്താരാഷ്ട്ര സമവായം നിലനിര്‍ത്തുന്നതിനായി ചര്‍ച്ചകളില്‍ തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയുടെ പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്, BASIC, LMDC കൂട്ടായ്മകളുമായി ചേര്‍ന്ന് തുല്യത, കാലാവസ്ഥാ ധനസഹായം, അനുകൂലന നടപടികള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള കരാറിനായി ഇന്ത്യ അവസാന നിമിഷം വരെ ശ്രമിച്ചുവെന്ന് പറഞ്ഞു. സമവായം ഉണ്ടാകാത്തതില്‍ ഖേദം പ്രകടിപ്പിച്ച അദ്ദേഹം, ഇത് ഇന്ത്യയുടെ ആഭ്യന്തര കാലാവസ്ഥാ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും വ്യക്തമാക്കി. ഇന്ത്യയില്‍ 170 ജിഗാവാട്ടിലധികം സൗരോര്‍ജ ശേഷിയുണ്ടെന്നും COP32ലേക്കുള്ള അന്താരാഷ്ട്ര സഹകരണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ച ഘാന പിന്നീട് സമവായത്തിന്റെ ഭാഗമായി കരാര്‍ അംഗീകരിക്കാന്‍ തയ്യാറായി.
കാലാവസ്ഥാ ലഘൂകരണ പ്രവര്‍ത്തന പരിപാടി (Mitigation Work Programme), ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും സമവായമുണ്ടായില്ല. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഉച്ചകോടി പരാജയപ്പെട്ടതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ചു. ആഗോള താപനിലയും മലിനീകരണവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ 1.5 ഡിഗ്രി പരിധി മറികടക്കുന്നത് തടയാനുള്ള സമയം അതിവേഗം കുറയുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. യുഎന്‍ കാലാവസ്ഥാ മേധാവി സൈമണ്‍ സ്റ്റീല്‍ ഇത്തരം തിരിച്ചടികള്‍ ആവര്ത്തിക്കാതിരിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.
കാലാവസ്ഥാ വിദഗ്ധരും പ്രവര്‍ത്തകരും ഉച്ചകോടിയുടെ ഫലത്തെ വിമര്‍ശിച്ചു. ഫോസില്‍ ഇന്ധന ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള വ്യക്തമായ പദ്ധതി, വികസ്വര രാജ്യങ്ങള്‍ക്ക് ആവശ്യമായ ധനസഹായം എന്നിവ ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെന്നാണ് അവരുടെ വിലയിരുത്തല്‍. അഡാപ്റ്റേഷന് ഫണ്ടിലേക്ക് ലഭിച്ച തുക ലക്ഷ്യത്തേക്കാള്‍ വളരെ കുറവാണെന്ന് ഹര്‍ജീത് സിങ് ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അതിതീവ്ര കാലാവസ്ഥാ സാഹചര്യങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍, ഭക്ഷ്യക്ഷാമ സാധ്യതകള്‍ എന്നിവ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുര്‍ബല സമൂഹങ്ങള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതില്‍ ഉച്ചകോടി പരാജയപ്പെട്ടുവെന്നും വിമര്‍ശനമുയര്‍ന്നു.
Content Highlights: The 31st UN Climate Summit (COP31), held in Antalya, Turkey, ended after 14 days of negotiations without consensus on the proposed Antalya Pact. Several countries and negotiating groups reportedly refused to approve the final document, preventing the summit leadership, headed by Turkey and Australia, from securing agreement. Originally scheduled to conclude on November 20, the summit was extended by two days but ended on November 22 without a consensus on the final agreement.