ലണ്ടണ്‍: ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ വീണ്ടും ചേരുന്നത് പരിഗണിക്കണമെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ കാര്യമായ പരിഷ്കാരങ്ങള്‍ വേണമെന്ന് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍. പ്രത്യേകിച്ച് സാങ്കേതികവിദ്യയിലും നവീകരണത്തിലും കൂടുതല്‍ മുന്നേറ്റം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബ്രെക്സിറ്റ് പിന്‍വലിച്ച് പഴയ നിലയിലേക്ക് മടങ്ങണമെന്നല്ല തന്റെ നിലപാടെന്നും ബ്ലെയര്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന് പുറത്തുപോയത് വലിയ തെറ്റായിരുന്നുവെന്ന് ബ്രെക്സിറ്റിനെ ശക്തമായി എതിര്‍ത്തിരുന്ന ബ്ലെയര്‍ ആവര്‍ത്തിച്ചു. എന്നാല്‍ 2016ലെ ഹിതപരിശോധനയ്ക്ക് ശേഷമുള്ള സാഹചര്യം മാറിയെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക നവീകരണത്തില്‍ യൂറോപ്പ് തെറ്റായ ദിശയിലേക്ക് നീങ്ങുകയാണെങ്കില്‍ വീണ്ടും യൂണിയനില്‍ ചേരുന്നത് ബ്രിട്ടന് ഗുണകരമാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
യൂറോപ്യന്‍ യൂണിയനില്‍ പരിഷ്കാരങ്ങള്‍ക്കായി ബ്രിട്ടന് ശ്രമിക്കണം. എന്നാല്‍ ചര്‍ച്ചകളില്‍ ആവശ്യമായ മാറ്റങ്ങള്‍ ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അവയില്‍ നിന്ന് പിന്മാറാനുള്ള തയ്യാറെടുപ്പും വേണമെന്ന് ബ്ലെയര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധത്തെ മാത്രം ആശ്രയിക്കാതെ ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയും സാങ്കേതിക മേഖലയും ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം പുതുക്കാനുള്ള പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമിന്റെ ശ്രമങ്ങള്‍ക്കിടെയാണ് ബ്ലെയറിന്റെ പ്രതികരണം. ഭക്ഷ്യ കയറ്റുമതി, കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണവുമായി ബന്ധപ്പെട്ട വ്യാപാരം, യുവജനങ്ങള്‍ക്ക് അവസരങ്ങള്‍ നല്കുന്ന പദ്ധതി എന്നിവ ഉള്‍പ്പെടുന്ന പുതിയ കരാറില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും ധാരണയിലെത്തിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള ഡിജിറ്റല്‍ പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ 'തീ'യ്ക്ക് സമാനമായ സാങ്കേതികവിദ്യയായാണ് ബ്ലെയര്‍ വിശേഷിപ്പിച്ചത്. തീ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കാമെങ്കിലും വീട് നശിപ്പിക്കാനും കഴിയും. അതുപോലെ എഐ നല്ല കാര്യങ്ങള്‍ക്കും ദോഷകരമായ കാര്യങ്ങള്‍ക്കും ഉപയോഗിക്കാമെന്നും അതിന്റെ അപകടസാധ്യതകള്‍ വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗം മാറുന്ന സാങ്കേതിക മേഖലയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബ്രിട്ടന് ആവശ്യമായ ചലനാത്മകതയും ഊര്‍ജവും ഇല്ലെന്നും ബ്ലെയര്‍ ആശങ്ക പ്രകടിപ്പിച്ചു.
ബ്രെക്സിറ്റിന് ശേഷമുള്ള ബന്ധം പുതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ കരാര്‍. മുന്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ കാലത്ത് ആരംഭിച്ച ഈ പ്രക്രിയ തുടരുകയാണ്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ബ്രിട്ടനുമായി ഏറ്റവും അടുത്ത ബന്ധം സ്ഥാപിക്കാന്‍ യൂറോപ്യന്‍ യൂണിയന് തയ്യാറാണെന്ന് പറഞ്ഞു. അടുത്ത ഉച്ചകോടിക്ക് മുമ്പ് ദീര്‍ഘകാല ബന്ധത്തിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും ബേണ്‍ഹാം വ്യക്തമാക്കിയിരുന്നു. എന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ വീണ്ടും അംഗത്വം നേടുന്നതിനെക്കുറിച്ച് അദ്ദേഹം നേരിട്ട് പ്രതികരിച്ചില്ല. കരാറിനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് കെമി ബാഡനോക്ക് അനീതിയെന്ന് വിമര്‍ശിച്ചു. റിഫോം യുകെ നേതാവ് നൈജല്‍ ഫറാജ് ഇതിനെ ബ്രിട്ടീഷ് ജനതയോടുള്ള വഞ്ചനയെന്നും വിശേഷിപ്പിച്ചു. നേരത്തെ സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ടോണി ബ്ലെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ചേഞ്ചിന്റെ റിപ്പോര്‍ട്ടിലും യൂറോപ്യന്‍ യൂണിയനില്‍ വീണ്ടും ചേരാനുള്ള ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് ബ്ലെയര്‍ ആവശ്യപ്പെട്ടിരുന്നു. 2016ലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ ആവര്‍ത്തിക്കാതെ പരിഷ്കരിച്ച യൂറോപ്പുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2016 ജൂൺ 23-ന് നടന്ന ഹിത പരിശോധനയിൽ ഭൂരിപക്ഷം ബ്രിട്ടീഷ് വോട്ടർമാരും യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുപോകുന്നതിനെ അനുകൂലിച്ചതോടെയാണ് ബ്രെക്സിറ്റിന് വഴിയൊരുങ്ങിയത്. 2020 ജനുവരി 31-ന് ഔദ്യോഗികമാ യി യൂറോപ്യൻ യൂണിയൻ വിട്ട ബ്രിട്ടൻ, അക്കൊല്ലം ഡിസംബർ 31-ന് ഏകീകൃത വിപണിയിൽ നിന്നും കസ്റ്റംസ് യൂണിയനിൽ നിന്നും പുറത്തായി. കുടിയേറ്റ നിയന്ത്രണം, രാജ്യത്തിന്റെ പരമാധികാരം, വ്യാപാരനയങ്ങളിലെ സ്വാതന്ത്ര്യം എന്നിവയായിരുന്നു ബ്രെക്സിറ്റ് അനുകൂലികളുടെ വാദങ്ങൾ. എന്നാൽ, യൂറോപ്യൻ വിപണിയിലേക്കുള്ള പ്രവേശനം കുറഞ്ഞതും വ്യാപാര നടപടികൾ സങ്കീർണമായതും സാമ്പത്തികവളർച്ചയെ ബാ ധിച്ചെന്നാണ് വിലയിരുത്തൽ.
Content Highlights: Former UK Prime Minister Tony Blair said Britain should consider rejoining the European Union only if the bloc undergoes significant reforms, particularly in technology and innovation. He clarified that he was not advocating an unconditional return to the EU and reiterated that Brexit was a major mistake. Blair said circumstances have changed since the 2016 referendum and warned that rejoining would not benefit Britain if Europe continues moving in the wrong direction on technological innovation.