കിം ജോങ് ഉന്നിന് നിരന്തരം കത്തെഴുതി ട്രംപ്, തിരിഞ്ഞു നോക്കിയില്ല; പകരം ആണവ ശേഖരം വർധിപ്പിച്ച് ഉത്തരകൊറിയ

ഉത്തരകൊറിയയുടെ ആണവനിരായുധീകരണത്തില്‍ വൈറ്റ് ഹൗസ് പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയതന്ത്ര ശ്രമങ്ങളോട് അടുക്കാതെ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. 2025 മുതല്‍ ഉത്തര കൊറിയയുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ട്രംപ് ശ്രമിക്കുന്നുണ്ടെങ്കിലും കിം ജോങ് ഉന്‍ മറുപടി നല്‍കുന്നില്ലെന്നാണ് റിപ്പോർട്ട്. വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഡോണള്‍ഡ് ട്രംപ് തുടര്‍ച്ചയായി കിം ജോങിന് കത്തയക്കാറുണ്ടെന്നും വൈറ്റ് ഹൗസില്‍ നിന്ന് കിം ജോങിന്റെ ഓഫീസുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷെ മറുപടികള്‍ ഒന്നും യുഎസിന് ലഭിച്ചിട്ടില്ല. ഉത്തരകൊറിയയുടെ ആണവനിരായുധീകരണത്തില്‍ വൈറ്റ് ഹൗസ് പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് അറിയിച്ചു. യുഎസ് പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഉത്തരകൊറിയയുമായി യുഎസിന് നയതന്ത്രചർച്ചകൾ നടത്താൻ കഴിയാത്തത് ട്രംപിന് തിരിച്ചടിയാകുകയാണ്.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നും

കഴിഞ്ഞ ഏഷ്യ സന്ദര്‍ശനത്തിനിടെ ട്രംപും കിം ജോങും കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ അന്ന് ഉത്തരകൊറിയയുടെ നിബന്ധനകള്‍ യുഎസ് അംഗീകരിച്ചിരുന്നില്ല. ആണവായുധങ്ങളെ കുറിച്ചായിരുന്നു ചര്‍ച്ച. ട്രംപ് ആദ്യം അധികാരത്തിലേറിയപ്പോഴും ഉത്തരകൊറിയയുടെ ആണവായുധ പദ്ധതികള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇരുനേതാക്കളും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

അതിനിടെ, ഉത്തരകൊറിയയുടെ ആണവായുധ ശേഖരത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019-ല്‍ 30 ആണവ പോര്‍മുനകള്‍ ഉണ്ടായിരുന്ന രാജ്യത്ത് നിലവില്‍ ഏകദേശം 60 എണ്ണമുണ്ടെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ ഭൂപ്രദേശത്തുവരെ ആക്രമണം നടത്താന്‍ ശേഷിയുള്ളതും വിക്ഷേപണത്തിന് മുമ്പ് കണ്ടെത്താന്‍ പ്രയാസമുള്ളതുമായ ഖര ഇന്ധന അധിഷ്ഠിത ബാലിസ്റ്റിക് മിസൈലുകളും ഉത്തരകൊറിയ വികസിപ്പിച്ചിട്ടുണ്ട്.

Content Highlights: Kim Jong Un has maintained his distance from Donald Trump amid stalled diplomatic efforts, while North Korea continues to expand its nuclear arsenal.

To advertise here,contact us