അമേരിക്കക്ക് പുറത്ത് ഡാറ്റാ സെന്റർ നിർമിച്ചാൽ വൻ നികുതിയേർപ്പെടുത്തും; മുന്നറിയിപ്പുമായി ട്രംപ്

'എല്ലാം അമേരിക്കയില്‍ തന്നെ നിലനിര്‍ത്തും' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം

വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നത് നിരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തീരുമാനം ലംഘിക്കുന്ന ടെക് കമ്പനികള്‍ക്ക് വന്‍തോതില്‍ നികുതി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. എഐ ഡാറ്റാ സെന്ററുകളുടെ നിര്‍മാണം അമേരിക്കയില്‍ തന്നെ നിലനിര്‍ത്തുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. 'എല്ലാം അമേരിക്കയില്‍ തന്നെ നിലനിര്‍ത്തും' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. എന്നാല്‍ ഇത്തരമൊരു നയം എങ്ങനെ നടപ്പാക്കുമെന്നതില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നവംബറില്‍ നടന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പിലും ഡാറ്റാ സെന്ററുകളുടെ നിര്‍മാണം പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. ഡാറ്റാ സെന്ററുകളുടെ നിര്‍മാണത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പല ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികളും വാഗ്ദാനം നല്‍കിയിരുന്നു. മെറ്റ, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ടെക് കമ്പനികള്‍ വിദേശ രാജ്യങ്ങളില്‍ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കുന്നതിനായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ട്രംപിന്റെ നിര്‍ദേശം നയമായി മാറിയാല്‍ ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.'

ചൈന എഐ രംഗത്ത് അമേരിക്കയെ മറികടക്കുന്നത് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. നൂതന കമ്പ്യൂട്ടര്‍ ചിപ്പുകളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കത്തിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ചിപ്പുകള്‍ വാങ്ങുന്നതിന് കമ്പനികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതിലൂടെ അവ ചൈനീസ് കമ്പനികള്‍ക്ക് ഉപയോഗിക്കാനോ ചൈനയിലേക്ക് കടത്താനോ ഇടയുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.

ഡാറ്റാ സെന്ററുകളില്‍ വലിയ നിക്ഷേപം നടത്തിയ ഏഷ്യന്‍ രാജ്യങ്ങളെയും അമേരിക്കയുടെ പുതിയ നീക്കം ബാധിച്ചേക്കും. എഐ രംഗത്തെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കുന്നവയാണ് ഡാറ്റാ സെന്ററുകള്‍. ക്ലോഡ്, ചാറ്റ്ജിപിടി തുടങ്ങിയ എഐ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ അത്യാധുനിക കമ്പ്യൂട്ടര്‍ ചിപ്പുകളും സെര്‍വറുകളും സൂക്ഷിക്കുന്നത് ഇത്തരം വലിയ വെയര്‍ഹൗസ് മാതൃകയിലുള്ള കെട്ടിടങ്ങളിലാണ്. ഏപ്രില്‍ മാസത്തെ കണക്കനുസരിച്ച് അമേരിക്കയില്‍ ഏകദേശം 3,000 ഡാറ്റാ സെന്ററുകളുണ്ട്. കൂടാതെ 1,500 ഡാറ്റാ സെന്ററുകള്‍ അനുമതി ലഭിക്കുന്നതിന്റെയും നിര്‍മാണം പുരോഗമിക്കുന്നതിന്റെയും വിവിധ ഘട്ടങ്ങളിലാണുള്ളത്.'

Content Highlights: US President Donald Trump announces plans to restrict American companies from building AI data centres overseas, threatening heavy taxes on firms that violate the proposed policy

To advertise here,contact us