വാഷിങ്ടൺ/തെഹ്റാൻ: ഇറാനിൽ ഇന്നലെ രാത്രി അമേരിക്ക നടത്തിയത് 'ചെറിയ ആക്രമണം' ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതൊരു യുദ്ധമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിരവധി പേരെ കൊലപ്പെടുത്താൻ തനിക്ക് താൽപ്പര്യമില്ലെന്നും എന്നാൽ അത്തരമൊരു സാഹചര്യം ഉണ്ടായാൽ അതിന് മടിക്കില്ലെന്നും ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലോകത്ത് ഭീകരവാദത്തിന് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്ന രാജ്യമാണ് ഇറാനെന്നും ട്രംപ് ആരോപിച്ചു. ഏറ്റവും ക്രൂരമായ രാജ്യമാണ് ഇറാനെന്നും ഇറാന്റെ നേതൃത്വത്തെ ഇതിനകം തകർത്തുകഴിഞ്ഞതായും ട്രംപ് അവകാശപ്പെട്ടു.
ഇറാന്റെ എല്ലാ കപ്പലുകളും കടലിന്റെ അടിത്തട്ടിലാണെന്നും 288 വിമാനങ്ങളുണ്ടായിരുന്ന ഇറാന്റെ എല്ലാ വിമാനങ്ങളും തകർക്കപ്പെട്ടെന്നും ട്രംപ് വ്യക്തമാക്കി. നിലവിൽ ഇറാന് വിമാനങ്ങളോ വ്യോമപ്രതിരോധ സംവിധാനങ്ങളോ ഇല്ലെന്നായിരുന്നു ട്രംപിൻ്റെ അവകാശവാദം. 'ഇന്നലെ രാത്രി ഞങ്ങൾ ചില ലക്ഷ്യങ്ങൾ ആക്രമിച്ചു. അതൊരു ചെറിയ ആക്രമണം മാത്രമായിരുന്നു. അതൊരു യുദ്ധമായിരുന്നില്ല. ഇറാൻ ഒരു വ്യോമപ്രതിരോധ സംവിധാനം നിർമിച്ചിരുന്നു. ഏകദേശം രണ്ട് മാസമെടുത്താണ് അവർ അത് പൂർത്തിയാക്കിയത്. നിർമാണം നടക്കുന്നത് ഞങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പൂർത്തിയായ ഉടൻ തന്നെ ഇന്നലെ രാത്രി അത് കൃത്യമായി ആക്രമിച്ചു തകർത്തു എന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്. ആവശ്യമെങ്കിൽ ഇറാന് ശക്തമായ തിരിച്ചടി നൽകാൻ അമേരിക്ക ഇപ്പോൾ സജ്ജമാണെന്നും' ട്രംപ് കൂട്ടിച്ചേർത്തു.
ഈ വർഷം അവസാനത്തോടെ ഇസ്രയേലിനുള്ള സാമ്പത്തിക സഹായം നിർത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഇസ്രയേലിന് പ്രതിവർഷം നൽകിവരുന്ന കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക സഹായം ഈ വർഷം അവസാനത്തോടെ നിർത്തലാക്കാനാണ് പദ്ധതിയെന്നായിരുന്നു ഡോണൾഡ് ട്രംപിൻ്റെ പ്രതികരണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. 'ബെഞ്ചമിൻ നെതന്യാഹുവും ഞാനും ചേർന്ന് ഇസ്രയേലിന് പ്രതിവർഷം നാല് ബില്യൺ ഡോളർ നൽകുന്ന കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ മാസങ്ങൾക്ക് മുമ്പ് തന്നെ ഈ സഹായം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിൽ അവർക്ക് സമ്മതമാണ്' എന്നായിരുന്നു ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞത്. ഈ വർഷം അവസാനത്തോടെ ഇസ്രയേലിന് പണം നൽകില്ലെന്ന് ഞങ്ങൾ നേരത്തെ ധാരണയിലെത്തിയതാണ്. അതിനാൽ ഇത്തരത്തിൽ പണം ചെലവഴിക്കുന്നത് അർഥശൂന്യമാണ് എന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം ആവശ്യമുണ്ടെങ്കിൽ അമേരിക്ക ഇസ്രയേലിനെ സഹായിക്കുമെന്നും ട്രംപ് വ്യക്തമാക്കി. മികച്ച സഖ്യരാജ്യമാണ് ഇസ്രയേലെന്നും ആയുധങ്ങളോ മറ്റ് ആവശ്യങ്ങളോ അമേരിക്കയിൽ നിന്ന് വാങ്ങാൻ അവർക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹായം വേണ്ടെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത് നെതന്യാഹുവാണെന്നും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയിൽനിന്ന് സഹായം സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് നെതന്യാഹു തന്നോട് പറഞ്ഞതായും ട്രംപ് വെളിപ്പെടുത്തി.
ഇതിനിടെ അമേരിക്കയുടെ 'മേൽക്കോയ്മാ സമീപനം' അംഗീകരിക്കില്ലെന്നാണ് വ്യക്തമാക്കി ഇറാൻ രംഗത്തെത്തി. അമേരിക്കയുടെ മേൽക്കോയ്മാ മനോഭാവത്തോടെയുള്ള സമീപനം അംഗീകരിക്കാനാകില്ലെന്നായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായിയുടെ പ്രതികരണം. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി തുല്യരായ രാജ്യങ്ങൾ തമ്മിലുള്ള ബന്ധമാണ് ഇറാൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ സമീപനം ഇറാൻ അംഗീകരിക്കുന്നില്ലെന്നും രാജ്യങ്ങൾ തമ്മിലുള്ള തുല്യത, സ്വയം നിർണയാവകാശം തുടങ്ങിയ അടിസ്ഥാന തത്വങ്ങൾ അമേരിക്ക ലംഘിക്കുകയാണെന്നും ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. ഇറാനോട് മാത്രമല്ല, പലസ്തീൻ, ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളോടും അമേരിക്ക ഇതേ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബഗായി ആരോപിച്ചു.
ബന്ദർ ഖമീറിന് സമീപം രണ്ട് അമേരിക്കൻ ഡ്രോണുകൾ വെടിവച്ചിട്ടെന്ന് അവകാശവാദവുമായി ഇറാൻ രംഗത്തെത്തി. ഇറാനിലെ തീരദേശ നഗരമായ ബന്ദർ ഖമീറിന് സമീപം രണ്ട് ലൂക്കാസ് ഡ്രോണുകൾ വെടിവച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. ഇറാന്റെ തസ്നീം വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്നലെ രാത്രി ഹോർമൂസ് കടലിടുക്കിലും ഒരു ഡ്രോൺ തകർത്തതായി ഐആർജിസി നാവികസേന അറിയിച്ചിരുന്നു. ഹോർമൂസ് കടലിടുക്കിൽ കുഴിബോംബിലിടിച്ച് മൂന്ന് എണ്ണക്കപ്പലുകൾ പൊട്ടിത്തെറിച്ചതായി ഇറാൻ വെളിപ്പെടുത്തി. ഇറാന്റെ അനുമതിയില്ലാതെ ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിച്ച മൂന്ന് എണ്ണക്കപ്പലുകൾ നാവിക കുഴിബോംബുകളിൽ ഇടിച്ച് പൊട്ടിത്തെറിച്ചതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ നാവികസേന അവകാശപ്പെടുന്നത്. കപ്പലുകൾക്ക് തീപിടിച്ചതായും ഇറാൻ അവകാശപ്പെട്ടു. തെക്കൻ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ കപ്പലുകൾ തങ്ങളുടെ ജിയോലൊക്കേഷൻ ട്രാക്കിങ് സംവിധാനങ്ങൾ ഓഫ് ചെയ്തിരുന്നുവെന്നും ഐആർജിസി അറിയിച്ചു.
കഴിഞ്ഞ ദിവസം തന്ത്രപ്രധാനമായ ഖേഷം ദ്വീപിൽ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഹോർമൂസിൽ അമേരിക്കൻ സൈന്യത്തിന് നേരെ ഉണ്ടായേക്കാവുന്ന മിസൈലാക്രമണത്തെ തടുക്കാൻ പ്രതിരോധമെന്ന നിലയിലാണ് ഈ ആക്രമണമെന്നാണ് വിശദീകരണം. ഖേഷ്വം ദ്വീപിൽ അഞ്ചോളം സ്ഫോടനങ്ങളുണ്ടായെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആക്രമണത്തിൽ ഇറാൻ തിരിച്ചടി നൽകിയതായി വിവരമില്ല. പൂർണതോതിൽ അല്ലാതെ നിയന്ത്രണരൂപത്തിലാണ് ഹോർമൂസ് കേന്ദ്രീകരിച്ച് അമേരിക്ക ആക്രമണം നടത്തിയത്.
Content Highlights: US President Donald Trump claimed that American forces destroyed Iran's newly developed air defence system, describing the operation as a minor attack.