പോപ്പ് ലിയോയുടെ അപ്രതീക്ഷിത ആരോഗ്യ പ്രശ്നം; പദവിയിൽ തുടരുമോയെന്ന ചർച്ചകൾ സജീവം

എന്നാല്‍ പുതിയ ആരോഗ്യപ്രശ്‌നം ഈ പ്രതീക്ഷകള്‍ക്ക് വെല്ലുവിളിയാകുകയാണ്

റോം: ശ്വാസകോശത്തില്‍ അര്‍ബുദം സ്ഥിരീകരിച്ച പോപ്പ് ലിയോ പതിനാലാമന്റെ ആരോഗ്യനിലയെക്കുറിച്ച് വിശ്വാസികള്‍ക്കിടയില്‍ ആശങ്കകള്‍ ഉയരുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ പാപ്പാ പദവിയെ ബാധിക്കുമോയെന്നും സ്ഥാനമൊഴിയേണ്ട സാഹചര്യമുണ്ടാകുമോയെന്നുമുള്ള ചോദ്യങ്ങളും ഇതോടെ ഉയരുന്നുണ്ട്. എന്നാല്‍ സ്ഥാനമൊഴിയുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പോപ്പ് ലിയോ പതിനാലാമൻ്റെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തിൻ്റെ പദവി സംബന്ധിച്ച് ഉയരുന്ന ആശങ്കകൾ ഇതിനകം ചർച്ചയാക്കിയിട്ടുണ്ട്.

69-ാം വയസ്സില്‍ പോപ്പായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന്‍, ഏകദേശം നാല് പതിറ്റാണ്ടിനിടെ കത്തോലിക്കാ സഭയുടെ നേതൃത്വം ഏറ്റെടുത്ത ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. താരതമ്യേന ചെറുപ്പമായതിനാല്‍ ദീര്‍ഘകാലം സഭയെ നയിക്കുമെന്നായിരുന്നു വത്തിക്കാനിലെയും സഭാനേതൃത്വത്തിലെയും പ്രതീക്ഷ. എന്നാല്‍ പുതിയ ആരോഗ്യപ്രശ്‌നം ചുമതലകൾ നിർവഹിക്കാൻ മാർപാപ്പയ്ക്ക് തടസ്സമാകുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.

ആരോഗ്യകാര്യത്തില്‍ പോപ്പ് ലിയോ പതിനാലാമന്‍ ഇതുവരെ ചിട്ടയായ ജീവിതശൈലിയാണ് പിന്തുടര്‍ന്നിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. റോമിന് പുറത്തുള്ള കാസ്റ്റല്‍ ഗാന്‍ഡോള്‍ഫോയിലെ വിശ്രമകേന്ദ്രത്തില്‍ അദ്ദേഹം എല്ലാ ആഴ്ചയും വിശ്രമത്തിനായി സമയം ചെലവഴിക്കാറുണ്ട്. ടെന്നീസ് കളിക്കുകയും നീന്തുകയും ചെയ്യുന്ന അദ്ദേഹം കര്‍ദിനാളായിരുന്ന കാലത്ത് തന്നെ വ്യക്തിഗത പരിശീലകന്റെ സേവനവും തേടിയിരുന്നു. എന്നാല്‍ പുതിയ ആരോഗ്യപ്രശ്‌നം അദ്ദേഹത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. രോഗനിര്‍ണയത്തിന്റെ പശ്ചാത്തലത്തില്‍ പോപ്പിന്റെ ആരോഗ്യനിലയും സഭയുടെ ഭാവി നേതൃത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ശ്രദ്ധ നേടുകയാണ്.

മുന്‍ മാര്‍പ്പാപ്പ പോപ്പ് ഫ്രാന്‍സിസും ചുമതല നിർവ്വഹിച്ചിരുന്ന കാലയളവിൽ ആരോഗ്യപ്രശ്‌നങ്ങളെ നേരിട്ടിരുന്നു. 76-ാം വയസ്സില്‍ പോപ്പായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ വലത് ശ്വാസകോശത്തിന്റെ ഒരു ഭാഗം നേരത്തേ നീക്കം ചെയ്തിരുന്നു. പദവിയുടെ അവസാനകാലത്ത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട അദ്ദേഹം ന്യൂമോണിയയെ തുടര്‍ന്ന് ആഴ്ചകളോളം ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2025 ഏപ്രിലിലായിരുന്നു പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യം.

Content Highlights: Pope Leo XIV’s lung cancer diagnosis has raised concerns among Catholic believers, drawing attention to his health and the future leadership of the Catholic Church

To advertise here,contact us