റിയാദ്/സന: സൗദി അറേബ്യ - ഹൂതി സംഘര്ഷം കനക്കുന്നു. ഹൂതികള് നടത്തിയ മിസൈല് ആക്രമണത്തില് ദഹ്റാനിലെ അരാംകോ കെട്ടിടത്തിന് ചെറിയ തോതില് തീപിടിച്ചതായി സൗദി ഊര്ജ മന്ത്രാലയം അറിയിച്ചു. മുന്നറിയിപ്പ് നല്കിയ ശേഷമാണ് അരാംകോ ലക്ഷ്യമിട്ട് ഹൂതികള് ആക്രമണം നടത്തിയത്. അല് ഖര്ജില് ഹൂതി മിസൈല് പ്രതിരോധിച്ചതായി സൗദി അറിയിച്ചു. ആക്രമണങ്ങളില് നാല് പേര്ക്ക് പരിക്കേല്ക്കുകയും 15 കെട്ടിടങ്ങള്ക്ക് കേടുപാടുകള് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അരാംകോ ആക്രമണത്തിന് പിന്നാലെ യമനിലെ ഊര്ജ ടെര്മിനിലുകളും ഇന്ധന കരുതല് ശേഖരവും ആക്രമിച്ച് സൗദി തിരിച്ചടിച്ചു. സാധാരണക്കാര്ക്ക് അപകടമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയാണ് ആക്രമണം നടത്തിയതെന്ന് സൗദി സഖ്യസേന വക്താവ് തുര്ക്കി അല് - മാലിക്കി അറിയിച്ചു.
അതേസമയം യമനിലെ ഷാദാ ജില്ലയിലെ അല് വാഖ്വര് ജില്ലയില് നടന്ന സൗദിയുടെ ആര്ട്ടിലറി ഷെല്ലിങ്ങില് ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തുവെന്ന് ഹൂതികളുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രാലയ വക്താവ് ഡോ അനീസ് അലാസ്ബാഹി അറിയിച്ചു. ഇതിനിടെ ഹായിസ് ജില്ലയ്ക്ക് സമീപം ബെയ്ത് ബിഷില് കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേര് കൊല്ലപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു. മറ്റൊരു സംഭവത്തില് യമനിലെ സാദാ പ്രവിശ്യയിലെ അതിര്ത്തി ജില്ലയായ ഷാദായിലെ ജനവാസ മേഖലയില് സൗദി നടത്തിയ ഷെല്ലിങ്ങില് രണ്ട് പേര് കൊല്ലപ്പെടുകയും രണ്ട് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തിട്ടുണ്ട്. മറ്റൊരു അതിര്ത്തി ജില്ലയായ ബാഖ്വിമില് സൗദി നടത്തിയ വെടിവെയ്പ്പില് ആറു പേര് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഷാദായില് ആക്രമണം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെ ഹൊദയ്ദാ പ്രവിശ്യയിലെ റാസ് ഇസായിലെ പെട്രോളിയം കമ്പനി കേന്ദ്രത്തില് സൗദി നടത്തിയ വ്യോമാക്രമണത്തില് രണ്ട് പേര് കൊല്ലപ്പെടുകയും രണ്ട് പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തുവെന്ന് ഹൂതികളുടെ ഔദ്യോഗിക മാധ്യമമായ അല്മാസിറ ടിവി സ്ഥിരീകരിച്ചു. യമനിലെ 13 ഗവര്ണറേറ്ററുകളിലായി സൗദി സഖ്യ സേന സെപ്തംബര് 3 മുതല് ഒക്ടോബര് 12 വരെ നടത്തിയ ആക്രമണങ്ങളില് 107 പേര് കൊല്ലപ്പെടുകയും 278 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തതായി യമനിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്ട്ട് ചെയ്യുന്നു.
യമനിലെ സനയിലുള്ള അല് സബാഹ് പ്രദേശത്തെ പെട്രോളിയം കമ്പനി കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് സൗദി നടത്തിയ ആക്രമണങ്ങളെ അപലപിച്ച് ഹൂതി ഭരണകൂട വക്താവ് ഒമര് ഡെയര് അല് - ബുഹൈതി രംഗത്തെത്തി. സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണത്തില് വേദനാജനകമായ പ്രത്യാക്രമണം ഉണ്ടാകുമെന്നും ഒമര് മുന്നറിയിപ്പ് നല്കി. അതേസമയം പെട്രോളിയം ഉത്പന്നങ്ങളുടെ വിതരണവും മറ്റ് പ്രവര്ത്തനങ്ങളും തടസമില്ലാതെ തുടരുന്നുണ്ടെന്നും വക്താവ് അറിയിച്ചു.
Content Highlights: Saudi Arabia targeted energy facilities in Yemen following a Houthi raid on Aramco building