സനാ: യെമന്‍ തലസ്ഥാനമായ സനയിലെ എണ്ണ കേന്ദ്രങ്ങളില്‍ ശക്തമായ ആക്രമണം നടത്തി സൗദി സഖ്യസേന. ആക്രമണം തുടരുമെന്നും ജനങ്ങള്‍ ഒഴിഞ്ഞ് പോകണമെന്നും സഖ്യ സേന നിര്‍ദേശം നല്കി. സനായില്‍ സ്ഫോടനശബ്ദങ്ങള് കേട്ടതായി സമീപവാസികള്‍ പറഞ്ഞു. ആക്രമണത്തില്‍ കൃത്യമായി ഏത് കേന്ദ്രങ്ങളെല്ലാമാണ് തകര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.
യെമന്‍ തലസ്ഥാനമായ സനായിലെ യെമന്‍ ഓയില്‍ കമ്പനിയുടെ സബാ സെന്‍ട്രല്‍ സ്റ്റേഷനില്‍ സൈനിക നടപടി നടത്തുമെന്നും പ്രദേശത്തുനിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്നും സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന അറിയിച്ചിരുന്നു. സഖ്യസേനയുടെ സംയുക്ത നിര്‍ദേശത്തില്‍ ലക്ഷ്യമിടുന്ന സ്ഥലങ്ങള്‍ ഭൂപടത്തിലൂടെ അടയാളപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം, സനായ്ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ സൗദി തലസ്ഥാനമായ റിയാദില്‍ അതിന് വലിയ തിരിച്ചടി നല്‍കുമെന്ന് ഇറാന് പിന്തുണയുള്ള ഹൂതി വിഭാഗത്തിന്റെ സൈനിക വക്താവ് യഹ്യ സരീ മുന്നറിയിപ്പ് നല്കി. സൗദി അരാംകോയുടെ എണ്ണ കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ജീവനക്കാരും സാധാരണക്കാരും ഒഴിഞ്ഞുപോകണമെന്നും അവ ഹൂതി സേനയുടെ പ്രധാന ലക്ഷ്യങ്ങളാണെന്നും ഹൂതികള്‍ മുന്നറിയിപ്പ് നല്കി. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇതോടെ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച മുതല്‍ സൗദിയിലെ വിമാനത്താവളങ്ങള്‍ക്കും എണ്ണ കേന്ദ്രങ്ങള്‍ക്കും നേരെ ഹൂതികള്‍ ആക്രമണം നടത്തിവരികയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രത്യാഘാതമായാണ് ഈ ഏറ്റുമുട്ടല്‍ വ്യാപിക്കുന്നത്.
കഴിഞ്ഞ മാസം ചെങ്കടല്‍ തീരത്തെ തന്ത്രപ്രധാനമായ പ്രദേശങ്ങള്‍ ഹൂതികള്‍ പിടിച്ചെടുത്തതിനു പിന്നാലെ, സൗദി ഹൂതികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തിയിരുന്നു. യെമന്‍ സര്‍ക്കാരിന്റെ പ്രത്യാക്രമണത്തിനും സൗദി പിന്തുണ നല്‍കുന്നുണ്ട്. സംഘര്‍ഷം സൗദിയിലെ വ്യോമഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. ശനിയാഴ്ച ഹൂതികള്‍ സൗദിയിലെ വിമാനത്താവളത്തില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 13 ആളുകള്‍ക്ക് ജീവന് നഷ്ടമായതിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.
Content Highlights: Saudi-led coalition forces launch airstrikes on oil facilities in Yemen's capital Sanaa after warning civilians to evacuate. The Houthis threaten retaliation against Riyadh, escalating tensions between the two sides