ഇസ്ലാമാബാദ്: പാകിസ്താന് തെഹ്രീക്ക് ഇന്‍സാഫ് (പിടിഐ) ഭരിച്ചിരുന്ന ഏക പ്രവിശ്യയായ ഖൈബര്‍ പഖ്തബണ്ഖ്വയില് അടിയന്തരാവസ്ഥയും ഗവര്‍ണര്‍ ഭരണവും പ്രഖ്യാപിച്ച് ഫെഡറല്‍ സര്‍ക്കാര്‍. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി തീരുമാനത്തിന് അനുമതി നല്കി. ഇതോടെ അധികാരത്തിലിരുന്ന ഏക പ്രവിശ്യയും പിടിഐയ്ക്ക് നഷ്ടമായി. പ്രവിശ്യ മുഖ്യമന്ത്രിയായിരുന്ന സൊഹൈല്‍ അഫ്രീദിയുടെ നേതൃത്വത്തില്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി ജയിലില്‍ കഴിയുന്ന ഇമ്രാന് ഖാന്റെ മോചനവും അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഇസ്ലാമാബാദിലേക്ക് ലോങ് മാര്‍ച്ച് തുടരുന്നതിനിടെയാണ് ഷഹബാസ് ഷെരീഫ് നയിക്കുന്ന ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനം.
പാക് ഭരണഘടനയിലെ 232, 234 അനുച്ഛേദങ്ങള്‍ പ്രകാരമാണ് ഫെഡറല്‍ സര്‍ക്കാര്‍ നടപടി. ഖൈബര്‍ പഖ്തുണ്ഖ്വയുടെ ഭരണത്തിനായി ഗവര്‍ണറുടെ നേതൃത്വത്തിലുള്ള 11 അംഗ ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രവിശ്യയിലെ 12 ജില്ലകളുടെ ഭരണനിര്‍വഹണത്തിനായി പ്രത്യേക സെക്രട്ടേറിയേറ്റും സ്ഥാപിച്ചിട്ടുണ്ട്. ആറുമാസത്തോളം ഗവര്‍ണര്‍ ഭരണം തുടരാനാണ് തീരുമാനമെന്നാണ് നിയമമന്ത്രി അസം നസീര്‍ തരാര്‍ വ്യക്തമാക്കിയത്. പ്രവിശ്യയിലെ ക്രമസമാധാനം നിലനിര്‍ത്താന്‍ സൈന്യത്തെ വിന്യസിക്കുമെന്നും ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു.
പ്രദേശത്തെ ക്രമസമാധാന നിലയെ കുറിച്ചും ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ പ്രവിശ്യ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നിസഹകരണവും കേന്ദ്ര മന്ത്രിസഭ പരിശോധിച്ചുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഒക്ടോബര്‍ ആദ്യ വാരം തന്നെ ഇമ്രാന് ഖാന്റെ മോചനത്തിനായി ആയിരക്കണക്കിന് പേര് പ്രവിശ്യയുടെ തെരവുകളില്‍ പ്രതിഷേധം നടത്തിയിരുന്നു. അതേസമയം ഫെഡറൽ സർക്കാർ വാദത്തിനെതിരെ പിടിഐ പ്രതികരണവുമായി രംഗത്തെത്തി. ഭീകരവാദം ചെറുക്കാനുള്ള യാതൊരു സഹായവും കേന്ദ്രം നല്‍കിയിട്ടില്ലെന്നാണ് പിടിഐയുടെ വാദം. സര്‍ക്കാരിന്റെ നടപടി അടിയന്തരാവസ്ഥയുടെ മറവിലുള്ള അട്ടിമറിയാണെന്ന് ഇമ്രാന് ഖാന്റെ വക്താവ് സുല്‍ഫിക്കര്‍ ബുഖാരിയും ആരോപിച്ചു.
Content Highlights: Pakistan has removed the last PTI provincial government and declared an emergency in Khyber Pakhtunkhwa amid a march by supporters of Imran Khan