'ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ ആക്രമിക്കില്ല': പ്രഖ്യാപനവുമായി ഡോണള്‍ഡ് ട്രംപ്

ഇറാനുമായി യുഎസ് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ട്രംപ്

വാഷിങ്ടണ്‍: ഈ വർഷം നവംബറില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായി യുഎസ് ക്രിയാത്മകമായ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇക്കാര്യം ട്രംപ് അറിയിച്ചത്. അതേസമയം ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധവും ഹോര്‍മൂസിലൂടെയുള്ള എണ്ണ ടാങ്കര്‍ ഗതാഗതവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

'സാമ്പത്തികമായും സൈനികപരമായും ഇറാന്‍ വളരെ മോശം സാഹചര്യത്തിലാണ്. നിലവിലുള്ള ഉപരോധം അതേപടി തുടരും, എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിലൂടെ ബാരലുകള്‍ കണക്കിന് എണ്ണ കപ്പലുകള്‍ കടന്നുപോകും. മാത്രമല്ല യുഎസില്‍ നവംബര്‍ 3ന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ യുഎസ് ആക്രമിക്കില്ലെന്നാണ് എല്ലാവരോടും വ്യക്തമാക്കാനുള്ളത്', ട്രംപ് പറഞ്ഞു.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡിനോട് ദിവസങ്ങള്‍ക്ക് മുമ്പ് ഇറാനെതിരെ കനത്ത ആക്രമണങ്ങള്‍ ആരംഭിക്കാന്‍ പെന്റഗണ്‍ നിര്‍ദേശം നല്‍കിയതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ചര്‍ച്ച നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കപ്പെടുന്നതിന്റെ യാതൊരു സൂചനകളും പുറത്തുവന്നിട്ടില്ല.

അതിനിടെ അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ഇറാനില്‍ യുഎസ് ആക്രമണങ്ങള്‍ ആരംഭിക്കാനുള്ള സജ്ജീകരണങ്ങളെ കുറിച്ച് യുഎസ് അധികൃതരും ഇസ്രയേല്‍ പ്രതിരോധ സേന ചീഫ് ഒഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയല്‍ സമീറും തമ്മില്‍ സംസാരിക്കുന്ന എന്ന തരത്തിൽ വിവരങ്ങൾ പുറത്തുവന്നിരുന്നു. ഈ കാലയളവില്‍ യുദ്ധം ആരംഭിച്ചാല്‍ ഇസ്രയേലില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് സമീര്‍ സംഭാഷണത്തിനിടെ അറിയിച്ചിരുന്നു എന്നാണ് വിവരം. അതേസമയം സമീറും യുഎസ് അധികൃതരുമായുള്ള സംഭാഷണത്തെ കുറിച്ച് ഐഡിഎഫ് പ്രതികരിച്ചിട്ടില്ല.

Content Highlights: Donald Trump said the United States will not target Iran before the November 3 midterm elections, citing ongoing discussions with Tehran

To advertise here,contact us