ഹൂതി ആക്രമണ ഭീഷണി: സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി എംബസി,വിവിധ വിമാനസര്‍വീസുകള്‍ റദ്ദാക്കി

സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും എംബസിയുടെ നിര്‍ദേശമുണ്ട്

റിയാദ്: സൗദി അറേബ്യയില്‍ നിലനില്‍ക്കുന്ന ഹൂതി ആക്രമണ ഭീഷണിയെ തുടര്‍ന്ന് ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി. വീടിനുള്ളില്‍ തുടരാനാണ് നിര്‍ദേശം. സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും എംബസിയുടെ നിര്‍ദേശമുണ്ട്.

സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ റിയാദിലേക്കുള്ള സര്‍വീസുകള്‍ വിവിധ വിമാനക്കമ്പനികള്‍ റദ്ദാക്കിയിട്ടുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, ആകാശ് എയര്‍ തുടങ്ങിയ വിമാനക്കമ്പനികളാണ് സര്‍വീസുകള്‍ റദ്ദാക്കിയത്. എയര്‍ ഇന്ത്യ ശനിയാഴ്ച വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കിയതായാണ് അറിയിച്ചിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കിയിരുന്നു. യാത്ര മുടങ്ങിയ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു.

സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണം തുടരുകയാണ്. കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ മൂന്ന് തവണ ആക്രമണം നടത്തിയതായാണ് ഹൂതി വിമതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആക്രമണങ്ങള്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായാണ് സൗദി അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രതിരോധിക്കുന്നതിനിടെ മിസൈല്‍ അവശിഷ്ടം വീണ് റിയാദില്‍ കിന്‍ഡര്‍ ഗാര്‍ട്ടനും മെഡിക്കല്‍ ക്ലിനിക്കിനും കേടുപാടുകളുണ്ടായിട്ടുണ്ട്.

ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, എണ്ണ ശാലകള്‍ എന്നിവ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു. സൗദി വ്യോമമേഖലയില്‍ സര്‍വീസ് നടത്തുന്ന ആഗോള വിമാനക്കമ്പനികള്‍ക്ക് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് വിമാന സര്‍വീസ് വിവരങ്ങള്‍ പരിശോധിക്കണമെന്ന് വിമാനത്താവളം അറിയിച്ചു. സൗദി തലസ്ഥാനത്ത് നിരവധി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതിന് പിന്നാലെയായിരുന്നു നിര്‍ദേശം.

Content Highlights: Amid a Houthi attack threat in Saudi, the embassy has issued a cautionary advisory for Indians, while several flight services have been cancelled.

To advertise here,contact us