ന്യൂയോര്‍ക്ക്: ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ യഥാര്‍ത്ഥ വലിപ്പം മനിസിലാക്കാന്‍ കഴിയുന്ന നിലയില്‍ ലോക ഭൂപടത്തില്‍ മാറ്റം വരുത്താന്‍ പ്രമേയം പാസാക്കി യുഎന്‍ ജനറല്‍ അസംബ്ലി. ടോഗോ അവതരിപ്പിക്കുകയും ആഫ്രിക്കന്‍ യൂണിയന് അംഗങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്ത 'മാപ്പ് തിരുത്തുക' (Correct the Map) എന്ന പ്രമേയം, ഫ്രാന്‍സും യുകെയും ഉള്‍പ്പെടെ 164 രാജ്യങ്ങളുടെ പിന്തുണയോടെയാണ് പാസായത്. ഇതിനെതിരെ വോട്ട് ചെയ്ത ഏക രാജ്യം അമേരിക്കയായിരുന്നു. ആറ് രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ഐക്യരാഷ്ട്രസഭയിലെ ഈ വോട്ടെടുപ്പിന് നിയമപരമായ ബാധ്യതയില്ലെങ്കിലും, ലോകമെമ്പാടുമുള്ള സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ഭൂപടങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് ഇത് കാരണമാകും. പതിനാറാം നൂറ്റാണ്ട് മുതല്‍ പ്രചാരത്തിലുള്ള 'മെര്‍ക്കാറ്റര്‍' ഭൂപടം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഗ്രീന്‍ലാന്‍ഡിനേക്കാള്‍ 14 മടങ്ങ് വലുപ്പമുള്ള ആഫ്രിക്കയെ അതിന് തുല്യമായ വലുപ്പത്തിലാണ് ഈ ഭൂപടം കാണിക്കുന്നത്. ഭൂമധ്യരേഖയോട് ചേര്‍ന്നുള്ള രാജ്യങ്ങളുടെ വികസന ആവശ്യങ്ങളും സാധ്യതകളും കുറച്ചുകാണുന്നതിന് ഇത് കാരണമാകുന്നുവെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
ഫ്ലെമിഷ് ഭൂപടനിര്‍മ്മാതാവായ ജെറാര്‍ഡസ് മെര്‍ക്കാറ്റര്‍ 1569-ല്‍ രൂപകല്‍പ്പന ചെയ്തതാണ് മെര്‍ക്കാറ്റര്‍ ഭൂപടം. യൂറോപ്യന്‍ പര്യവേക്ഷകര്‍ക്ക് ലോകമെമ്പാടും സഞ്ചരിക്കാന്‍ സഹായിക്കുന്നതിനായിരുന്നു ഇത്. ഒരു ഗ്ലോബിന്റെ ഉപരിതലത്തെ ദ്വിമാന ഭൂപടത്തില്‍ കൃത്യമായി ചിത്രീകരിക്കുക അസാധ്യമായതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭൂപടത്തില്‍ രൂപവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നത്. ലോക ഭൂപടം തയ്യാറാക്കുമ്പോള്‍ പലപ്പോഴും ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നിരുന്നു.
ഭൂമിയുടെ വളവിനെ പ്രതിഫലിപ്പിക്കുന്ന മെര്‍ക്കാറ്റര്‍ ഭൂപടത്തില്‍, ഭൂമധ്യരേഖയോട് അടുത്തുള്ള രാജ്യങ്ങള്‍ യഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ ചെറുതായും ധ്രുവപ്രദേശങ്ങളോട് അടുത്തുള്ള രാജ്യങ്ങള്‍ വലുതായും കാണപ്പെടുന്നു. ഈ പോരായ്മ പരിഹരിക്കുന്നതിനായി, 2018-ല്‍ ഭൂപട നിര്‍മ്മാതാക്കളുടെ ഒരു സംഘം 'ഈക്വല്‍ എര്‍ത്ത് പ്രൊജക്ഷന്' (Equal Earth projection) എന്ന പേരില്‍ ഒരു പുതിയ ഭൂപടം തയ്യാറാക്കിയിരുന്നു. ഇതില്‍ രാജ്യങ്ങളുടെ വിസ്തീര്‍ണ്ണം കൃത്യമായ അനുപാതത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിയില്‍, ആഫ്രിക്കന്‍ യൂണിയനിലെ (AU) 54 അംഗരാജ്യങ്ങള്‍ ഈ ഭൂപടം അംഗീകരിച്ചു. എല്ലാ ഭൂഖണ്ഡങ്ങളുടെയും, പ്രത്യേകിച്ച് ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
അമേരിക്ക, ചൈന, ഇന്ത്യ, ജപ്പാന്, മെക്സിക്കോ, യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങള്‍ എന്നിവയെല്ലാം ആഫ്രിക്കയ്ക്കുള്ളില്‍ ഉള്‍ക്കൊള്ളിച്ചാലും അവിടെ ഇനിയും സ്ഥലം ബാക്കിയുണ്ടാകും എന്നാണ് #CorrectTheMap എന്ന ഓണ്‍ലൈന്‍ പ്രചാരണ കൂട്ടായ്മ ചൂണ്ടിക്കാട്ടിയത്. നീതിപൂര്‍വ്വമായ ഒരു ലോകം കെട്ടിപ്പടുക്കുന്നത് നീതിപൂര്‍വ്വമായ ഒരു ഭൂപടത്തില്‍ നിന്നാണ് എന്ന് വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പിന് മുന്നോടിയായി ടോഗോ വിദേശകാര്യ മന്ത്രി റോബര്‍ട്ട് ഡുസി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞിരുന്നു. ഭൂപടം ഒരിക്കലും നിഷ്പക്ഷമല്ല. അത് കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുകയും, ലോകത്ത് വിവിധ ജനവിഭാഗങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സ്ഥാനം എങ്ങനെ മനസ്സിലാക്കപ്പെടുന്നു എന്നതിനെ സ്വാധീനിക്കുകയും ചെയ്യുന്നു എന്ന് നേരത്തെ ഐക്യരാഷ്ട്രസഭയുടെ ഒരു യോഗത്തിലും അദ്ദേഹം പറഞ്ഞിരുന്നു.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോയുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. മെര്‍ക്കാറ്റര്‍ ഭൂപടത്തിന്റെ ഉപയോഗം അവസാനിപ്പിക്കാന്‍ പോവുകയാണെന്ന് ബാരോയും വ്യക്തമാക്കി. മാപ്പ് മാറി എന്നതുകൊണ്ട് ലോകം മാറി എന്ന് അര്‍ത്ഥമില്ല. എന്നാല്‍, അതിനെ വികലമാക്കുന്ന ഒരു ചിത്രീകരണത്തെ തിരുത്തുന്നത് തന്നെ സത്യം വെളിപ്പെടുത്തുന്ന ഒരു പ്രവൃത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഈ പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യങ്ങളെയും പരിഹസിക്കുന്നതാണെന്നാണ് യുഎന്നിലെ യുഎസ് പ്രതിനിധി യാരിന ഫെറന്‍സെവിച്ച് അഭിപ്രായപ്പെട്ടത്. അന്താരാഷ്ട്ര സമാധാനം, സമൃദ്ധി, അല്ലെങ്കില്‍ നല്ല ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, പതിനാറാം നൂറ്റാണ്ടിലെ ഭൂപട പദ്ധതികളെക്കുറിച്ചും, നഷ്ടപരിഹാരവും 'ജ്ഞാനപരമായ നീതിയും' പ്രോത്സാഹിപ്പിക്കുന്നതില്‍ അവയ്ക്കുള്ള പങ്കിനെക്കുറിച്ചും ഈ സമിതി ചര്‍ച്ച ചെയ്യുകയാണ് എന്നും അവര്‍ കുറ്റപ്പെടുത്തി. അറ്റ്ലാന്റിക് വഴിയുള്ള അടിമക്കച്ചവടത്തെ 'മനുഷ്യരാശിക്കെതിരായ ഏറ്റവും ഗുരുതരമായ കുറ്റകൃത്യം' എന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം അംഗീകരിച്ചപ്പോഴും യുഎസ് വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഭൂപടങ്ങളില്‍ ആഫ്രിക്കയെ തെറ്റായി ചിത്രീകരിക്കുന്നത് കേവലം ഒരു ഭൂപടനിര്‍മ്മാണ പിശകല്ലെന്നും, മറിച്ച് അതൊരു ആഖ്യാനപരമായ പ്രശ്നമാണെന്നും 'ആഫ്രിക്ക നോ ഫില്‍ട്ടര്‍' എന്ന സംഘടനയിലെ ലെറാറ്റോ മൊഗോത്ലെ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മെര്‍ക്കാറ്റര്‍ ഭൂപടം ഉപേക്ഷിക്കാനുള്ള പ്രചാരണത്തിന് നേതൃത്വം നല്കുന്ന സംഘടനയാണ് 'ആഫ്രിക്ക നോ ഫില്‍ട്ടര്‍'. ആഫ്രിക്കയെക്കുറിച്ച് ലോകത്ത് നിലനില്‍ക്കുന്ന തെറ്റായ വിവരങ്ങളും ദുഷ്പ്രചാരണങ്ങളും അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ വിപുലമായ വിഭവങ്ങള്‍, ജനസംഖ്യ, നിക്ഷേപ സാധ്യതകള്‍ എന്നിവയെ മെര്‍ക്കാറ്റര്‍ ഭൂപടം പരോക്ഷമായി കുറച്ചുകാണിക്കുകയാണ് ചെയ്തത് എന്നാണ് കെനിയന്‍ ഭൂമിശാസ്ത്രജ്ഞനായ കിയോകോ മുഎന്ഡോ അഭിപ്രായപ്പെട്ടത്.ഭൂപടങ്ങള്‍ സഞ്ചാരികള്‍ക്കുള്ള വഴികാട്ടികള്‍ മാത്രമല്ല. രാഷ്ട്രീയമായും സാമ്പത്തികമായും വിവിധ പ്രദേശങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെ രൂപപ്പെടുത്തുന്നതില്‍ അവ നിര്‍ണായക പങ്ക് വഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
Content Highlights: The UN General Assembly has passed the ‘Correct the Map’ resolution aimed at improving the representation of Africa’s actual size on world maps. The resolution introduced by Togo and supported by African Union members received backing from 164 countries, including France and the UK, while the US voted against it and six countries abstained.