നാസ, ഫെഡറല്‍ റിസര്‍വ്, സെനറ്റ് എന്നിവ ലക്ഷ്യമിട്ടുള്ള ചൈനീസ് സൈബര്‍ ആക്രമണം തകര്‍ത്തെന്ന് യുഎസ്

അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളെയും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടാന്‍ ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയോടെയായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്

വാഷിങ്ടണ്‍: ചൈനീസ് ഹാക്കര്‍മാര്‍ ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന ഓണ്‍ലൈന്‍ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തതായി യുഎസ് നീതിന്യായ വകുപ്പും എഫ്ബിഐയും അറിയിച്ചു. അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സികളെയും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടാന്‍ ചൈനീസ് ഭരണകൂടത്തിന്റെ പിന്തുണയോടെയായിരുന്നു ഇത് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് അമേരിക്ക ആരോപിക്കുന്നത്.

നാസ, ഫെഡറല്‍ റിസര്‍വ്, ഊര്‍ജ്ജ വകുപ്പ്, യുഎസ് സെനറ്റ് എന്നിവയുള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ ഈ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ബാധിച്ചതായി ബന്ധപ്പെട്ട ഏജന്‍സികള്‍ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരുന്നു. കോടതിയുടെ അനുമതിയോടെ നടത്തിയ നടപടിയിലൂടെ പ്രവര്‍ത്തനരഹിതമാക്കിയ രണ്ട് പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത് ചൈനയുമായി ബന്ധമുള്ള 'ക്യുടിഎഫ്‌വൈ' എന്ന സംഘമാണെന്നാണ് അമേരിക്കയുടെ ആരോപണം.

ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'നാന്‍ജിംഗ് സിന്‍ജിയുവേ നെറ്റ്വര്‍ക്ക് ടെക്‌നോളജി കമ്പനി'ചുമതലപ്പെടുത്തിയിരുന്ന ക്യുടിഎഫ്‌വൈ, പണം നല്‍കുന്ന ഉപഭോക്താക്കള്‍ക്ക് ഹാക്കിംഗ് സേവനങ്ങള്‍ നല്‍കിയിരുന്നതായി നീതിന്യായ വകുപ്പ് അറിയിച്ചു. ചൈനയുടെ 'മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി', 'പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി' എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. 'ക്യു സ്‌കാന്‍', 'ക്യു ടി റൂട്ടര്‍' എന്നീ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച്, ചൈനയ്ക്ക് പുറത്തുള്ള സുരക്ഷാഭീഷണി നേരിടുന്ന ഉപകരണങ്ങളിലൂടെ (compromised devices) ഹാക്കര്‍മാര്‍ക്ക് ദോഷകരമായ ട്രാഫിക് (malicious traffic) വഴിതിരിച്ചുവിടാന്‍ സാധിച്ചിരുന്നുവെന്നും, ഇതുമൂലം ഈ പ്രവര്‍ത്തനങ്ങള്‍ മറ്റെവിടെനിന്നോ ആണ് ഉത്ഭവിക്കുന്നതെന്ന് തോന്നിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെന്നും വകുപ്പ് വ്യക്തമാക്കുന്നു.

സ്ഥാപനങ്ങളിലെ ഏതൊക്കെ സംവിധാനങ്ങളിലേക്കാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയതെന്നോ, എന്തെങ്കിലും വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നോ അധികൃതര്‍ വ്യക്തമാക്കിയില്ല. പ്രധാനപ്പെട്ട നെറ്റ്വര്‍ക്കുകളെ ലക്ഷ്യമിട്ടുള്ള ചൈനയുടെ സൈബര്‍ നീക്കങ്ങളെ തടസ്സപ്പെടുത്താനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും (FBI) നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയും (NSA) പുറത്തിറക്കിയ സൈബര്‍ സുരക്ഷാ മുന്നറിയിപ്പ് പ്രകാരം, 2018 മുതല്‍ തന്നെ QTFY-യുടെ പ്രവര്‍ത്തനങ്ങള്‍ നിലവിലുണ്ട് എന്നാണ് വിവരം.

അതേസമയം സംഭവത്തില്‍ പ്രതികരണം തേടിയുള്ള അഭ്യര്‍ത്ഥനയോട് ചൈനയുടെ വിദേശകാര്യ മന്ത്രാലയം ഉടന്‍ പ്രതികരിച്ചിരുന്നില്ല. നാന്‍ജിംഗ് സിന്‍ജിയുവേ നെറ്റ്വര്‍ക്ക് ടെക്‌നോളജിയുമായും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ എല്ലാത്തരം ഹാക്കിംഗിനെയും എതിര്‍ക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട്, സൈബര്‍ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ബെയ്ജിംഗ് ആരോപണം നിഷേധിച്ചിരുന്നു. തങ്ങളുടേതായ ആഗോള സൈബര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം, ചൈനയെ അവഹേളിക്കാനും വിശാലമായ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വാഷിംഗ്ടണ്‍ ഉപയോഗിക്കുന്നുണ്ടെന്നും ചൈനീസ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.

Content Highlights: The US Department of Justice and FBI have announced the disruption of online infrastructure allegedly used by a China-linked hacking group. US authorities said the platforms were used in attempts targeting government agencies and critical infrastructure, with institutions including NASA, the Federal Reserve, the Department of Energy and the US Senate reportedly affected.

To advertise here,contact us