ഇറാനെതിരായ അമേരിക്കൻ ഉപരോധം; അവകാശങ്ങൾ സംരക്ഷിക്കുമെന്ന് ചൈന; അമേരിക്കയുടെ നിബന്ധനകൾ അംഗീകരിക്കില്ലെന്ന് ഇറാൻ

ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

തെഹ്റാൻ: ഇറാനെതിരെ അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ തങ്ങളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ചൈന.ഇറാന്റെ വ്യാപാര പങ്കാളികളെയും പുതിയ ഉപരോധങ്ങൾ ലക്ഷ്യമിടുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ചൈന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്ക-ഇറാൻ സംഘർഷം ചൈന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ കക്ഷികളും യുക്തിസഹമായ സമീപനം സ്വീകരിക്കുകയും സംയമനം പാലിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉപരോധങ്ങളും സമ്മർദം ചെലുത്തുന്ന നടപടികളും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കില്ലെന്നും ലിൻ ജിയാൻ മുന്നറിയിപ്പ് നൽകി. വാഷിങ്ടണുമായി സഹകരിക്കണമെന്ന് നേരത്തെ അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഇറാനെതിരെ ‘ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങൾ’ ഏർപ്പെടുത്തുമെന്നും കഴിഞ്ഞയാഴ്ച സ്കോട്ട് ബെസന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിന് ആക്രമണകാരിയുടെ നിബന്ധനകൾ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടുമായി ഇറാൻ രം​ഗത്ത് വന്നിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ നിശ്ചയിക്കാൻ ശത്രുക്കളെ ഇറാൻ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ബഗായെ വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിൽ ഇറാൻ ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന് തുടക്കമിട്ടത് ഇറാൻ അല്ലെന്നും തങ്ങളുടെ പരമാധികാരവും ഭൂമിശാസ്ത്രപരമായ അഖണ്ഡതയും സംരക്ഷിക്കുക മാത്രമാണ് രാജ്യം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനായി ഇറാൻ മുന്നോട്ട് വെച്ചിരിക്കുന്ന നിബന്ധനകൾ ലംഘിക്കുന്ന കപ്പലുകൾക്കെതിരെ നിയന്ത്രണ നടപടികൾ സ്വീകരിക്കുമെന്നാണ് ഇറാൻ്റെ മുന്നറിയിപ്പ്. പിഴ ചുമത്തൽ, കപ്പൽ തടഞ്ഞുവയ്ക്കൽ, പിടിച്ചെടുക്കൽ തുടങ്ങിയ നടപടികൾ ഉൾപ്പെടെ സ്വീകരിക്കാമെന്നാണ് മുന്നറിയിപ്പ്. കടലിടുക്കിന്റെ ഗതാഗതവും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനായി ഇറാൻ പുതുതായി രൂപീകരിച്ച പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി ഇതുസംബന്ധിച്ച മുന്നറിയിപ്പ് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലേക്കുള്ള യാത്രകളുമായി ബന്ധപ്പെട്ട് നിയമങ്ങളും നിബന്ധനകളും പാലിക്കാത്തതായി കണ്ടെത്തിയ കപ്പലുകളുടെ പുതുക്കിയ പട്ടിക പരിശോധിക്കണമെന്ന് അതോറിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പരാജയപ്പെട്ട ഉപരോധ നയം ആവർത്തിച്ചാൽ ഫലമുണ്ടാകില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി വ്യക്തമാക്കി. അമേരിക്കൻ സാമ്പത്തിക ഉപരോധങ്ങളെ നേരിടാൻ ഇറാൻ തങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. വാഷിങ്ടൺ പരാജയപ്പെട്ട നയങ്ങൾ ഇറാനുമേൽ തുടർന്നും അടിച്ചേൽപ്പിക്കുകയാണെന്നും ബഗായി ആരോപിച്ചു. അമേരിക്കൻ ഉപരോധങ്ങളുടെ നേരിട്ടുള്ള ആഘാതം സാധാരണ ജനങ്ങളെയാണ് ബാധിക്കുന്നതെന്ന് വാഷിങ്ടണിന് നന്നായി അറിയാം. ഇറാനിയൻ ജനതയോടുള്ള അമേരിക്കയുടെ ശത്രുതയാണ് ഇത്തരം നടപടികളിലൂടെ വ്യക്തമാകുന്നതെന്നും ബഗായി ആരോപിച്ചു. വ്യാപാര ബന്ധങ്ങൾ നിയന്ത്രിക്കുന്നതിനായി ഉപരോധങ്ങളും ഭീഷണികളും ഉപയോഗിക്കുന്നത് സ്വതന്ത്ര വ്യാപാരത്തിന്റെ അടിസ്ഥാന തത്വങ്ങൾക്കും രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്ന തത്വത്തിനും വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ അടുത്ത സഖ്യരാജ്യങ്ങളിൽപോലും ഇത്തരം നടപടികൾക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ടെന്നും ബഗായി കൂട്ടിച്ചേർത്തു.

ഇതിനിടെ രാജ്യത്തിന്റെ കറൻസിയായ ഇറാനിയൻ റിയാലിന്റെ മൂല്യത്തകർച്ച താൽക്കാലികമാണെന്ന് ഇറാന്റെ സെൻട്രൽ ബാങ്ക് ഗവർണർ അബ്ദോൽനാസർ ഹെമ്മതി വ്യക്തമാക്കിയിട്ടുണ്ട്. റിയാലിന്റെ മൂല്യത്തിലുണ്ടാകുന്ന ഈ വർധനകളും ഇടിവുകളും താൽക്കാലികമാണെന്നും അവയിൽ ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണെന്നും ഹെമ്മതി പറഞ്ഞു.ഇറാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കയുടെ ‘രാഷ്ട്രീയ പ്രചാരണമാണെന്നും’ അദ്ദേഹം ആരോപിച്ചു. സാഹചര്യം മെച്ചപ്പെടുമെന്നും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഹെമ്മതി പറഞ്ഞു. സർക്കാർ ടെലിവിഷനിൽ സംപ്രേഷണം ചെയ്ത പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തുടർച്ചയായി മൂല്യം ഇടിയുന്ന റിയാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം ഏകദേശം 10 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെയും റിയാലിന്റെ മൂല്യത്തിൽ വലിയ ഇടിവുണ്ടായിരുന്നു. ഇറാനെതിരെ അമേരിക്ക പുതിയ ‘സാമ്പത്തിക യുദ്ധ’ നടപടികൾ പ്രഖ്യാപിക്കാനിരിക്കെയാണ് കറൻസിയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞത്.

Content Highlights: China has said it will protect Iran’s legitimate rights and interests amid new US sanctions against Tehran. Iran, meanwhile, has rejected Washington’s conditions, maintaining that it will not accept demands imposed by the United States. The developments come amid growing tensions between Iran, the US and China.

To advertise here,contact us