'ഇമ്രാൻ ഖാൻ ആരോഗ്യവാൻ'; ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കകം തിരികെ ജയിലിൽ

സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നാണ് 73 കാരനായ മുന്‍ പ്രധാനമന്ത്രിയെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്

ഇസ്ലാമാബാദ്: ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയ മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലിലേക്ക് തിരിച്ചു കൊണ്ട് പോയി. ആശുപത്രിയില്‍ പ്രവേശിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ജയിലിലേക്ക് തിരിച്ച് പോയത്. ചികിത്സയ്ക്ക് ശേഷം ആരോഗ്യവാനാണെന്ന് സ്ഥിരീകരിച്ചത് ശേഷമാണ് അദ്ദേഹത്തെ തിരികെ ജയിലിലേക്ക് മാറ്റിയത്. നേത്രരോഗം ഉള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സയ്ക്കായി സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് 73 കാരനായ മുന്‍ പ്രധാനമന്ത്രിയെ ഷിഫ ഇന്റര്‍നാഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ഇസ്ലാമാബാദിലെ ഷിഫ ഇന്റര്‍നാഷണല്‍ ഹോസ്പ്പിറ്റലില്‍ പ്രവേശിപ്പിച്ച ഇമ്രാന്‍ ഖാനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍, പൊലീസ് അകമ്പടിയോടെ അദിയാല ജയിലിന്റെ ഒന്നാം നമ്പര്‍ ഗേറ്റില്‍ നിന്നാണ് ഇമ്രാനെ ഇസ്ലാമാബാദിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

73 കാരനായ ഇമ്രാന്‍ ഖാന്‍ 2023 ഓഗസ്റ്റ് മുതല്‍ ജയിലിലാണ്. നിരവധി കേസുകളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ തടവിലാക്കിയത്. എന്നാല്‍ ഈ കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ അനുയായികളും ആരോപിക്കുന്നത്.

കഴിഞ്ഞ ഏഴ് മാസമായി അദ്ദേഹത്തിന്റെ കുടുംബത്തിനോ ഡോക്ടര്‍മാര്‍ക്കോ അഭിഭാഷകര്‍ക്കോ അദ്ദേഹത്തെ കാണാന്‍ അനുവാദം ലഭിച്ചിട്ടില്ല. അതിനാല്‍ തങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ലെന്ന് കുടുംബം പറഞ്ഞിരുന്നു. ഇമ്രാന്‍ ഖാന്റെ വലത് കണ്ണിന്റെ കാഴ്ച ശക്തി 85 ശതമാനം നഷ്ടമായതായി നേരത്തെ അമിക്കസ് ക്യൂറി സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പതിനഞ്ച് ശതമാനം കാഴ്ച മാത്രമാണ് അവശേഷിക്കുന്നത്. ഇമ്രാന്റെ കണ്ണില്‍ രക്തം കട്ടപിടിച്ചപ്പോള്‍ ജയില്‍ അധികൃതര്‍ മതിയായ ചികിത്സ ലഭ്യമാക്കാത്തതാണ് കാഴ്ച ശക്തി നഷ്ടമാകാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Content Highlights: Former Pakistan Prime Minister Imran Khan was taken back to jail after being transferred to hospital due to a deterioration in his health.

To advertise here,contact us