രാജപദവി ഇല്ലാതെ മടക്കം: ഹാരിയും മേഗനും യുകെയിലേക്ക് തിരിച്ചെത്തുന്നു; വില്ല്യമിന് അതൃപ്തി?

രാജകുടുംബത്തിൻ്റെ ഔദ്യോഗിക പദവികളൊന്നും സ്വീകരിക്കാതെ സ്വകാര്യ വ്യക്തികളായി മാത്രമായിരിക്കും ഇവർ തുടരുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍

കാലിഫോര്‍ണിയ: ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രധാന പദവികള്‍ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് ചേക്കേറിയ ഹാരിയും മേഗനും യുകെയിലേക്ക് തിരികെ വരുന്നു. ഈ മാസം തന്നെ ലണ്ടനിലെ സ്വകാര്യ വസതിയിലേക്ക് മടങ്ങിവരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈയില്‍ കുടുംബം യുകെ സന്ദര്‍ശിച്ചത് ഈ തീരുമാനത്തില്‍ നിര്‍ണായകമായെന്നാണ് വിലയിരുത്തല്‍. യുകെയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ച് മുമ്പ് ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കിലും തിരിച്ചുവരാനുള്ള അന്തിമ തീരുമാനം വന്നത് ഇപ്പോഴാണ്.

എന്നാല്‍ രാജകുടുംബത്തിൻ്റെ ഔദ്യോഗിക പദവികളൊന്നും സ്വീകരിക്കാതെ സ്വകാര്യ വ്യക്തികളായി മാത്രമായിരിക്കും ഇവർ തുടരുകയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കയിലെ എന്തെങ്കിലും പ്രശ്‌നങ്ങള്‍ മൂലമല്ല ഈ നീക്കമെന്നാണ് വിവരം. യൂറോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കാനും, ഹാരിയുടെ കുടുംബത്തോട് കൂടുതല്‍ അടുത്ത് കഴിയാനും, കുട്ടികള്‍ക്ക് യുകെയില്‍ വിദ്യാഭ്യാസം നല്‍കാനുമുള്ള ദമ്പതികളുടെ ആഗ്രഹമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ആര്‍ച്ചിക്കും ലിലിബെറ്റിനും യുകെയില്‍ പഠിക്കുന്നതിനുള്ള സ്‌കൂളുകളും തിരഞ്ഞെടുത്തിട്ടുണ്ട്. ഇംഗ്ലണ്ടിലെ മിക്ക സ്‌കൂളുകളുടെയും പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ രണ്ടാം ആഴ്ചയോടെ ആരംഭിക്കും. അതിനാല്‍ കുടുംബം അടുത്ത 10 ദിവസത്തിനുള്ളില്‍ യുകെയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്.

2020 മാര്‍ച്ചിലാണ് ഹാരിയും മേഗനും രാജകുടുംബ പദവികളില്‍ നിന്ന് പടിയിറങ്ങുന്നതായി പ്രഖ്യാപിച്ചത്. ആദ്യം കാനഡയിലേക്ക് മാറിയ ഇവര്‍ പിന്നീട് അമേരിക്കയിലെ കാലിഫോര്‍ണിയയിലെ മോണ്ടിസിറ്റോയില്‍ വീട് വാങ്ങി സ്ഥിരതാമസമാക്കി. മാധ്യമങ്ങളുടെ തുടര്‍ച്ചയായ നിരീക്ഷണവും സുരക്ഷാ ആശങ്കകളും ബക്കിങ്ഹാം കൊട്ടാരത്തിലെ ആഭ്യന്തര പ്രശ്‌നങ്ങളുമാണ് ഇവർ ബ്രിട്ടൻ വിടാൻ കാരണമായത്. തുടര്‍ന്ന് 2021ല്‍ ഒപ്ര വിന്‍ഫ്രിയുമായുള്ള മോർഗൻ്റെ അഭിമുഖം, നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി, ഹാരിയുടെ ആത്മകഥയായ 'സ്‌പെയര്‍' എന്നിവയിലൂടെ രാജകുടുംബവുമായുള്ള ഇരുവരുടെയും അകല്‍ച്ച പരസ്യമായിരുന്നു.

ഹാരിയും മേഗനും മടങ്ങിവരാനുള്ള തീരുമാനത്തില്‍ ചാള്‍സ് രാജാവിന് പങ്കില്ലെന്നാണ് വിവരം. ഞായറാഴ്ചയാണ് ഹാരിയും മേഗനും യുകെയിലേക്ക് മടങ്ങുകയാണെന്ന വിവരം രാജാവിനെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും, കുടുംബത്തോടൊപ്പം സ്വകാര്യമായി കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരത്തെ രാജാവ് സ്വാഗതം ചെയ്യുന്നതായാണ് സൂചന. സമീപകാലത്തായി ചാള്‍സ് രാജാവും ഹാരിയും തമ്മിലുള്ള ബന്ധത്തില്‍ കൂടുതൽ ഊഷ്മളത ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജൂലൈയില്‍ ചാള്‍സ് രാജാവ് ഹാരിയെയും കുടുംബത്തെയും ഹൈഗ്രോവിലേക്ക് ക്ഷണിക്കുകയുണ്ടായി. 2022ന് ശേഷം ആദ്യമായാണ് രാജാവ് ആര്‍ച്ചിനെയും ലിലിബറ്റിനെയും നേരിട്ട് കാണുന്നത്.

എന്നാല്‍ ഈ നീക്കം ഹാരിയും സഹോദരന്‍ വില്ല്യം രാജകുമാരനുമായുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെടുന്നതിന്റെ സൂചനയായി കാണാനാവില്ലെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഈ ബന്ധം ഇപ്പോഴും തകര്‍ന്ന നിലയിലാണ്. വിഷയത്തില്‍ വില്ല്യമും കേറ്റ് മിഡില്‍ടണും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്‌പെയര്‍ എന്ന തന്റെ ഓര്‍മ്മക്കുറിപ്പിലൂടെയും ഓപ്ര വിന്‍ഫ്രെയുമായുള്ള അഭിമുഖത്തിലൂടെയും കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്തതിനെ വില്യം വളരെ ഗൗരവമായി കണക്കാക്കുന്നതാണ് ഇവർക്കിടയിലെ അകൽച്ചയുടെ പ്രധാനകാരണം. അതിനാല്‍ ഹാരിയും മേഗനും യുകെയിലേക്ക് മടങ്ങുന്നത് വില്ല്യം സ്വാഗതം ചെയ്യാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോർട്ട്.

ഹാരിയും മേഗനും തിരികെ രാജകീയ ചുമതലകളിലേക്ക് വരുമെന്നും പ്രതീക്ഷിക്കാനാവില്ല. ഹാരിക്കും മേഗനും അര്‍ധ ഔദ്യോഗിക രാജകീയ പദവി നല്‍കുന്നതില്‍ രാജകുടുംബത്തിന് താല്‍പര്യമില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. യുകെയില്‍ അവര്‍ ചെയ്യുന്ന ഏതൊരു ജോലിയും ഔദ്യോഗിക രാജകീയ ചുമതലകളുമായി ബന്ധിക്കപ്പെടില്ലെന്നാണ് വിവരം.

അമേരിക്കയില്‍ ഇരുവരും സ്വകാര്യ സുരക്ഷാ സംഘത്തെയാണ് ഉപയോഗിക്കുന്നത്. ആ സംഘം യുകെയിലേക്കും അവരോടൊപ്പം വരുമോ എന്ന ചോദ്യത്തിന് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. യുകെയില്‍ ഔദ്യോഗിക പോലീസ് സുരക്ഷ ലഭിക്കുന്നതിനുള്ള കാര്യത്തിലും പ്രതികരണമില്ല. യുകെയിലെത്തുമ്പോള്‍ ഔദ്യോഗിക സുരക്ഷ വേണമെന്ന ഹാരിയുടെ ദീര്‍ഘകാല നിയമപോരാട്ടത്തിൽ ആഭ്യന്തര മന്ത്രാലയവുമായി എന്തെങ്കിലും ഒത്തുതീർപ്പ് ഉണ്ടായിട്ടുണ്ടോ എന്നതും വ്യക്തമല്ല. അതിനാല്‍ ഇരുവരും ശാശ്വതമായി യുകെയിൽ താമസമാക്കുന്നതിനാണോ ഈ മടങ്ങിവരവ് എന്നതിലും വ്യക്തതയില്ല.

Content Highlights: Prince Harry and Meghan Markle are reportedly returning to the UK this month, with their children’s education and a desire to be closer to Harry’s family among the key reasons behind the move

To advertise here,contact us