ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്ന സംവിധാനത്തിൽ പിഴവ്;ഇൻഫോസിസിന് വൻതുക പിഴ ചുമത്തി ഫ്രഞ്ച് ലേബർ അതോറിറ്റി

ജോലി സമയം രേഖപ്പെടുത്തുന്നതിനുളള ഇന്‍ഫോസിസിന്റെ സംവിധാനം ഫ്രാന്‍സിന്റെ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്നില്ലെന്ന് അധികൃതര്‍ കണ്ടെത്തി

പാരിസ്: ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തുന്ന സംവിധാനത്തിലെ പിഴവില്‍ ഇന്‍ഫോസിസിന് വന്‍ തുക പിഴ ചുമത്തി ഫ്രഞ്ച് ലേബര്‍ അതോറിറ്റി. നിയമപരമായ നിബന്ധനകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്‍ഫോസിസിന് പിഴ ചുമത്തിയത്. 17,5000 യൂറോ അതായത് ഏകദേശം രണ്ടുകോടി രൂപയാണ് പിഴ ചുമത്തിയത്. ഫ്രാന്‍സിലെ പ്രാദേശിക തൊഴില്‍ അതോറിറ്റിയായ DRIEETS lle-de France ആണ് പിഴ ചുമത്തിയത്. ജോലി സമയം രേഖപ്പെടുത്തുന്നതിനുളള ഇന്‍ഫോസിസിന്റെ സംവിധാനം ഫ്രാന്‍സിന്റെ നിയമങ്ങള്‍ പൂര്‍ണമായും പാലിക്കുന്നില്ലെന്ന് അധികൃതര്‍ കണ്ടെത്തി. സംവിധാനത്തിന്റെ വിശ്വാസ്യത, ഓഡിറ്റ് ചെയ്യാന്‍ കഴിയുന്ന രേഖകള്‍ സൂക്ഷിക്കുന്ന രീതികള്‍, ചില വിഭാഗം ജീവനക്കാര്‍ക്ക് ഇത് നിരീക്ഷിക്കാനുളള സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് അധികൃതര്‍ ചൂണ്ടിക്കാട്ടിയത്.

ഫ്രഞ്ച് നിയമപ്രകാരം ജോലി സമയവും ഓവര്‍ടൈമും നിര്‍ബന്ധിത വിശ്രമ സമയവും ഉള്‍പ്പെടെ തൊഴിലുടമകള്‍ രേഖപ്പെടുത്തണം. ഇതിന്റെയെല്ലാം ഓഡിറ്റ് ചെയ്യാന്‍ കഴിയുന്ന രേഖകള്‍ സൂക്ഷിക്കുകയും വേണം. ഇതില്‍ ഇന്‍ഫോസിസിന് പിഴവ് സംഭവിച്ചുവെന്നാണ് കണ്ടെത്തിയത് എന്നാണ് വിവരം. ഇന്ത്യയിലെ ഇന്‍ഫോസിസിന്റെ ഓഫീസുകളില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ ജീവനക്കാരോട് ആവശ്യപ്പെടുന്നതിനിടെയാണ് ഫ്രാന്‍സിലെ നടപടി. ആഗോളതലത്തില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ ജീവനക്കാര്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ തയ്യാറാകണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. രാവിലെ 9 മുതല്‍ രാത്രി 9 വരെ ആഴ്ചയില്‍ ആറ് ദിവസം, 72 മണിക്കൂര്‍ ജോലി ചെയ്യണമെന്നാണ് നാരായണമൂര്‍ത്തി പറഞ്ഞത്.

Content Highlights: French Labor Authority imposes a heavy fine on IT giant Infosys over compliance failures and irregularities in its employee time-tracking system.

To advertise here,contact us