പകലും ആക്രമണം നടത്തി അമേരിക്ക; ഏഴ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ; 6 പ്രവിശ്യകളിൽ 12-ാം ക്ലാസ് പരീക്ഷ മാറ്റി

അമേരിക്കയുടെ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുന്നത് തുടരുമെന്നും നിലവിൽ ചർച്ചകൾക്കുള്ള യാതൊരു പദ്ധതിയും ഇല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗ്ഹായി വ്യക്തമാക്കി

തെഹ്റാൻ: പകൽ സമയത്തും ഇറാനിൽ ആക്രമണം നടത്തി അമേരിക്ക. തെഹ്‌റാൻ സമയം ഉച്ചയ്ക്ക് 1:30-ന് ഇറാനെ ലക്ഷ്യമിട്ട് പുതിയ ഘട്ട ആക്രമണം ആരംഭിച്ചതായാണ് യുഎസ് സൈന്യം അറിയിച്ചത്. വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്താൻ ഇറാൻ ഉപയോഗിക്കുന്ന ഹോർമുസ് കടലിടുക്കിലെ സൈനിക ശേഷി കൂടുതൽ ദുർബലപ്പെടുത്തുകയാണ് ഈ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരിക്കുന്നത്. ഇറാൻ്റെ തീരദേശ സൈനിക കേന്ദ്രങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നും വാണിജ്യ കപ്പൽഗതാഗതത്തിന് ഭീഷണിയാകുന്ന ഇറാന്റെ സൈനിക സംവിധാനങ്ങളെ തകർക്കുകയെന്നതാണ് ലക്ഷ്യമെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ സിറിക്, ബംപൂർ, ചാബഹാർ, ബന്ദർ അബ്ബാസ്, അഹ്വാസ്, ഖെഷം ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക തെക്കൻ ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ 30-ലേറെ സാധാരണക്കാർ കൊല്ലപ്പെടുകയും 260ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ അധികൃതർ അറിയിച്ചിട്ടുണ്ട്. തെക്കൻ മേഖലയിൽ അമേരിക്ക നടത്തിയ 13 മിസൈൽ ആക്രമണങ്ങളിലായി ഏഴ് ഇറാനിയൻ സൈനികർ കൊല്ലപ്പെട്ടതായാണ് ഇറാൻ സൈന്യം അറിയിക്കുന്നത്. അമേരിക്കൻ ആക്രമണത്തെ 'ഭീരുത്വപരമായ അധിനിവേശം' എന്ന് വിശേഷിപ്പിച്ച സൈന്യം ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്കയുടെ അഞ്ചാം നാവികസേനയുടെ ആസ്ഥാനമുൾപ്പെടെ ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും അതിൽ വൻ നാശനഷ്ടമുണ്ടാക്കിയതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു.

ഇതിനിടെ സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 14-ന് ഹോവെയ്‌സയിലെ ഗോതമ്പ് സംഭരണകേന്ദ്രം അമേരിക്കൻ സേന ആക്രമിച്ചുവെന്ന ഇറാനിയൻ സർക്കാർ മാധ്യമങ്ങളുടെ റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഹോവെയ്‌സയിലെ സിവിലിയൻ ഗോതമ്പ് സംഭരണകേന്ദ്രം അമേരിക്ക ആക്രമിച്ചുവെന്ന പ്രചാരണം പൂർണമായും തെറ്റാണെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് യു എസ് സെൻട്രൽ കമാൻഡ് അറിയിച്ചത്. അതേസമയം ഇറാൻ സമാധാന ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ ഇറാനിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളിൽ വരെ ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ പുതിയ ആക്രമണങ്ങളെ തുടർന്ന് ആറു പ്രവിശ്യകളിലെ ഹയർ സെക്കൻഡറി പരീക്ഷകൾ ഇറാൻ വിദ്യാഭ്യാസ മന്ത്രാലയം മാറ്റിവെച്ചു. വ്യാഴാഴ്ചയും ശനിയാഴ്ചയും നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസിലെ എല്ലാ വിഭാഗങ്ങളുടെയും പരീക്ഷകളാണ് മാറ്റിയത്. സൈനിക കേന്ദ്രങ്ങൾക്കും സുരക്ഷാ പ്രാധാന്യമുള്ള മേഖലകൾക്കും സമീപമുള്ള പരീക്ഷാകേന്ദ്രങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം അമേരിക്കയുടെ ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകുന്നത് തുടരുമെന്നും നിലവിൽ ചർച്ചകൾക്കുള്ള യാതൊരു പദ്ധതിയും ഇല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗ്ഹായി വ്യക്തമാക്കി. ഇപ്പോൾ ചർച്ചകൾക്കുള്ള യാതൊരു പദ്ധതിയും ഇല്ല. രാജ്യത്തിന്റെ പ്രതിരോധമാണ് ഞങ്ങളുടെ പ്രധാന പരിഗണന എന്നായിരുന്നു തെഹ്‌റാനിൽ നടന്ന അനുസ്മരണച്ചടങ്ങിനിടെ ബ​ഗ്ഹായി മാധ്യമങ്ങളോട് പറഞ്ഞത്. അമേരിക്ക കരാറിലെ ബാധ്യതകൾ ലംഘിച്ചാൽ ഒരു കരാറും ഇറാൻ പാലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഞങ്ങളുടെ അടിസ്ഥാന നയമാണ്. അമേരിക്ക തുടക്കം മുതൽ തന്നെ വെടിനിർത്തൽ ധാരണ ലംഘിച്ചുവെന്നാണ് ഞങ്ങളുടെ നിലപാട്ബ എന്നും ബഗ്ഹായി കൂട്ടിച്ചേർത്തു. ഏത് തരത്തിലുള്ള ആക്രമണത്തിനും ഇറാൻ ശക്തവും നിർണായകവുമായ തിരിച്ചടി നൽകുമെന്നും ഉപവിദേശകാര്യ മന്ത്രി കാസിം ഗരീബാബാദിയും വ്യക്തമാക്കി. ഇറാൻ ജനതയ്‌ക്കെതിരായ ഒരു ആക്രമണവും മറുപടിയില്ലാതെ വിടില്ല. എല്ലാ അതിക്രമങ്ങൾക്കും യോജിച്ച തിരിച്ചടി നൽകും എന്നും കാസിം ഗരീബാബാദി വ്യക്തമാക്കി.

Content Highlights: The United States launched a fresh round of daytime strikes on Iran, while Tehran claimed seven soldiers were killed in the attacks. Iranian authorities also postponed Class 12 examinations across six provinces amid escalating security concerns.

To advertise here,contact us