കുതിച്ച് ക്രൂഡ് ഓയിൽ വില; ഹോർമൂസ് അടച്ചതോടെ ചരക്കുഗതാഗതവും പ്രതിസന്ധിയിൽ, ആശങ്കയില്‍ ഇന്ത്യ

ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനം ഉയര്‍ന്നതോടെ നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി

ന്യൂഡല്‍ഹി: ഇറാനും അമേരിക്കയും പോര് കടുപ്പിച്ചതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മുറുകി. സാധാരണ നിലയിലേക്ക് നീങ്ങിയ അന്താരാഷ്ട്ര ചരക്കുനീക്കം പ്രതിസന്ധിയിലായതും ക്രൂഡ് ഓയില്‍ വില കുത്തനെ ഉയര്‍ന്നതിലും ഇന്ത്യ ആശങ്കയിലാണ്. പാചക വാതക വിതരണം വീണ്ടും പ്രതിസന്ധിയിലായേക്കുമെന്നതും രാജ്യത്ത് മുന്നിൽ ആശങ്കയായി ഉണ്ട്.

ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനം ഉയര്‍ന്ന് നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുകയാണ്. ബ്രെന്‍ഡ് ക്രൂഡ് ഓയില്‍ വില 1.6 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 84.98 ഡോളര്‍ ആയി ഉയര്‍ന്നു. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡിന് 1.65 ഡോളര്‍ ഉയര്‍ന്ന് ബാരലിന് 79.79 ഡോളര്‍ ആയി. തിങ്കളാഴ്ചയിലെ നാടകീയ സംഭവങ്ങള്‍ക്ക് ശേഷമാണ് ക്രൂഡ് വില കുത്തനെ ഉയര്‍ന്നത്. ബ്രെന്‍ഡ് ക്രൂഡിന് 9.6 ശതമാനമാണ് ഉയര്‍ന്നത്. 2020 മെയ് മാസത്തിന് ശേഷം ഒറ്റദിവസത്തിലുണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിത്.

അമേരിക്ക ആക്രമണം കടുപ്പിച്ചതോടെ ഇറാന്‍ ഹോര്‍മൂസ് കടലിടുക്ക് അടച്ചതും ചരക്കുനീക്കം സംബന്ധിച്ച് ഇന്ത്യയെ ആശങ്കയിലാഴ്ത്തി. യുഎസ് ഇടപെടല്‍ അവസാനിപ്പിക്കുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്നാണ് ഇറാന്‍ അറിയിച്ചത്. ഇതോടെ പാചകവാതക വിതരണം അടക്കം വീണ്ടും പ്രതിസന്ധിയിലാവുമോയെന്ന ആശങ്കയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഹോര്‍മൂസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ അമേരിക്ക നേരിട്ട് ഇടപെടുമെന്നും അതിനുള്ള ചെലവ് വഹിക്കാന്‍ മറ്റ് രാജ്യങ്ങള്‍ പ്രതിഫലം നല്‍കണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ സൈനികരുടെ ജീവന്‍ അപകടത്തിലാക്കിക്കൊണ്ട് സുരക്ഷ ഉറപ്പാക്കുകയാണ്. അതിനുള്ള ചെലവിന് പ്രതിഫലം ലഭിക്കണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത് എന്നാണ് ട്രംപിന്റെ പ്രതികരണം. ഹോര്‍മൂസില്‍ ഇറാനിയന്‍ കപ്പലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉപരോധം പുനഃരാരംഭിക്കുമെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്.

Content Highlights: Oil prices surge to four-week high raised concerns for India

To advertise here,contact us