വാഷിങ്ടൺ/തെഹ്റാന്: ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം. തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലും സമീപ പ്രദേശമായ ഖിഷം ദ്വീപിലും തുടര്‍ച്ചയായ സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന് വാര്‍ത്താ ഏജന്‍സികളായ മെഹര്‍, ഫാര്‍സ് എന്നിവ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞായറാഴ്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്. അതേസമയം വ്യോമപ്രതിരോധ സംവിധാനങ്ങള്‍, ബോട്ടുകള്‍ എന്നിവയെ ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ ഹോർമൂസ് കടലിടുക്ക് അടച്ചിട്ടില്ലെന്നും വാണിജ്യ ഗതാഗതം നടക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എൻബിസിയുടെ മീറ്റ് ദ പ്രസിലാണ് ഹോർമൂസ് അടച്ചിട്ടില്ലെന്ന് ട്രംപ് പറഞ്ഞത്.
സംഘർഷം ആരംഭിക്കുന്നത് വരെ സുഗമമായ ചരക്കുഗതാഗതമാണ് ഹോർമൂസിലൂടെ നടന്നിരുന്നത്. എന്നാൽ ഇന്ന് തങ്ങൾക്കാണ് കടലിടുക്കിന്റെ നിയന്ത്രണമെന്നാണ് ഇറാന്റെ അവകാശവാദം, എന്നാൽ അത് സാധ്യമല്ലെന്ന നിലപാടാണ് അമേരിക്കയ്ക്കുള്ളത്. കടലിടുക്കിന്റെ നിയന്ത്രണം ഇറാന് പരമപ്രധാനമാണ്. ഇറാന് ഡസൻകണക്കിന് ആറ്റംബോംബുകളെക്കാൾ പ്രധാനമാണ് ഹോർമൂസ് എന്ന് കഴിഞ്ഞദിവസം മൊജ്തബ ഖമനയിയുടെ ഉപദേശകൻ അഭിപ്രായപ്പെട്ടിരുന്നു.
പിന്നാലെ ഹോർമൂസ് അടച്ചിട്ടില്ലെന്നും കപ്പലുകൾ കടന്നുപോകുന്നുണ്ടെന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും ശക്തമായ സാഹചര്യത്തിൽ ഹോർമൂസ് അടച്ചുവെന്ന് ഇറാൻ അറിയിച്ചതിന് പിന്നാലെയാണ് സെൻട്രൽ കമാൻഡിന്റെ പ്രസ്താവന. സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി യുഎസ് സൈന്യം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം പ്രദേശത്ത് ഒരു സ്ഥിരത ഉണ്ടാകുന്നത് വരെ ഹോർമൂസിലൂടെ ഗതാഗതം പുനസ്ഥാപിക്കില്ലെന്ന് ഇറാൻ അറിയിച്ചതായി അൽജസീറ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിനിടയിൽനിർദേശങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് ഹോർമൂസിലൂടെ യാത്ര നടത്തിയ രണ്ട് കപ്പലുകളെ ആക്രമിച്ചിട്ടുണ്ടെന്ന് ഇറാൻ അറിയിച്ചതായി ഔദ്യോഗിക മാധ്യമമായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
Content Highlights: The conflict between the United States and Iran continues to intensify, with reports of another US attack against Iran. The development has increased concerns over further escalation in the region.