ഭാര്യയെ കൊന്നശേഷം മൃതദേഹത്തിൻ്റെ ഫോട്ടോ ഇന്ത്യയിലെ കാമുകിക്ക് അയച്ചു; ഇന്ത്യന്‍ പൗരൻ കുറ്റക്കാരനെന്ന് US കോടതി

തെലങ്കാനയില്‍ നിന്നുള്ള സോഫ്‌വെയര്‍ ഡെവലപ്മെന്റ് എഞ്ചിനീയര്‍ അവിനാഷ് നാർനെയാണ് കേസില്‍ അറസ്റ്റിലായത്

വാഷിങ്ടണ്‍: ഭാര്യയെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞതിന് പിന്നാലെ 30വയസുകാരനായ ഇന്ത്യക്കാരനെതിരെ കേസെടുത്ത് അമേരിക്കന്‍ പൊലീസ്. തെലങ്കാനയില്‍ നിന്നുള്ള സോഫ്‌വെയര്‍ ഡെവലപ്മെന്റ് എഞ്ചിനീയര്‍ അവിനാഷ് നാർനെയാണ് കേസില്‍ അറസ്റ്റിലായത്. ഒമ്പത് മാസങ്ങള്‍ക്ക് മുന്‍പാണ് വാഷിങ്ടണിലെ ദമ്പതികളുടെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 27 കാരിയായ രാജിതയാണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് ആദ്യം പൊലീസ് കരുതിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിയുന്നത്.

2025 ഒക്ടോബറിലായിരുന്നു രജിതയുടെ മരണം. ദമ്പതികളുടെ വിവാഹം കഴിഞ്ഞ് വെറു ആറ് മാസം കഴിയുമ്പോഴാണ് രജിത മരിക്കുന്നത്. ഭാര്യ ബാത്ത്‌റൂമിനുള്ളിൽ അടച്ചിട്ട് ഇരിക്കുകയാണെന്നും വിളിച്ചിട്ട് പ്രതികരിക്കുന്നില്ലെന്നും പറഞ്ഞാണ് ഭര്‍ത്താവായ അവിനാഷ് പൊലീസിനെ വിളിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരെത്തി ബാത്ത്‌റൂം കുത്തിതുറന്ന് നോക്കുമ്പോള്‍ രജിതയെ തറയില്‍ മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടത്. പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ടിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സൂചന ലഭിക്കുന്നത്. യുവതി ശ്വാസംമുട്ടിയാണ് മരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

തുടര്‍ന്ന് അന്വേഷണം ഭര്‍ത്താവിലേക്ക് നീങ്ങുകയായിരുന്നു. സംഭവം ഒരു ആസൂത്രിത കൊലപാതകമായിരുന്നുവെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. കേസില്‍ വഴിതിരിവായത് ഭര്‍ത്താവിന്റെ ഫോണിലെ ഒരു മെസേജായിരുന്നു. ഭാര്യയെ കൊന്നശേഷം മൃതദേഹത്തിന്റെ ഫോട്ടോയെടുത്ത് ഇയാള്‍ ഇന്ത്യയിലുള്ള ഒരു യുവതിക്ക് അയച്ചിരുന്നു. ഫോണ്‍ കേന്ദ്രികരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് പുറത്തായത്. ഇന്ത്യയിലെ മറ്റൊരു സ്ത്രീയുമായി രഹസ്യ പ്രണയബന്ധം നിലനിര്‍ത്തിയിരുന്നതായും പൊലീസ് കണ്ടെത്തി.

കേസില്‍ കസ്റ്റഡിയിലുള്ള പ്രതിയുടെ ജാമ്യത്തിനായി 5 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 48 കോടി രൂപ) വേണ്ടിവരുമെന്നാണ് വിവരം. യുഎസ് സ്റ്റേറ്റ് നിയമ പ്രകാരം കേസില്‍ ഇന്ത്യന്‍ പൗരന് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വന്നേക്കാമെന്നാണ് വിവരം. ജൂലൈ 1 നാണ് വാഷിങ്ടണ്‍ ഫസ്റ്റ് ക്ലാസ് കോടതി പ്രതി കൊലപാതകം ചെയ്‌തെന്ന് ശരിവെച്ചത്.

Content Highlights: A US court has handed a severe sentence to an Indian citizen convicted of killing his wife and sending a photo of her body to his lover in India.

To advertise here,contact us