വാഷിങ്ടൺ: ഇസ്രയേല്‍-ഹിസ്ബുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നെന്ന് സ്ഥിരീകരിച്ച് അമേരിക്ക. ഇറാന്-യുഎസ് ധാരണാപത്രം പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ഇസ്രയേല്‍-ലെബനന് ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയാണെന്നാണ് യുഎസ് പറയുന്നത്. യുഎസിന്റെ സമ്മര്‍ദ്ദ പ്രകാരം ഇസ്രയേലും ഹിബുള്ളയും വെടിനിര്‍ത്തല്‍ അംഗീകരിച്ചതായാണ് അമേരിക്കന്‍ വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. ഇന്ന് വൈകിട്ടോട് കൂടിയാണ് ഇസ്രയേല്‍-ലെബനന് വെടിനിര്‍ത്തലിന് ധാരണയായത്. അമേരിക്കയും ഖത്തറും ഇറാനും ഇസ്രയേലുമായി ചര്‍ച്ചകള്‍ നടത്തിയെന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
യുഎസ്- ഇറാന് ധാരണാപത്രത്തില്‍ ഒപ്പിട്ട ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇസ്രയേലിനെ ആക്രമണങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. വെടിനിര്‍ത്തല്‍ കര്‍ശനമായി പാലിക്കണമെന്നും ഇസ്രയേല്‍ സംയമനം പാലിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ലെബനനിലെ ആക്രമണം ക്രൂരതയാണെന്നും മരണസംഖ്യകള്‍ വര്‍ദ്ധിക്കുന്നുണ്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഇസ്രയേല്‍ ലെബനനിലെ ഹിസ്ബുള്ളയ്ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളും ഉള്‍പ്പെടുമെന്നും പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ യുദ്ധമേഖലകളില്‍ സമാധാനം പുലര്‍ത്താനുള്ള ശ്രമങ്ങളിലെ പ്രതിബദ്ധത നിലനിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, വെള്ളിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കാനിരുന്ന യുഎസും ഇറാനും തമ്മിലുള്ള കൂടിക്കാഴ്ച മാറ്റിവച്ചതായി ഇറാന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വരും ദിവസങ്ങളില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും അന്തിമ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ധാരണാപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ഇറാന് അറിയിച്ചിട്ടുണ്ട്
Content Highlights: The United States has announced a ceasefire between Israel and Lebanon, aiming to ease tensions along the border and prevent further escalation in the region.