ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച വൈകിട്ട് 6.15നാണ് കൂടിക്കാഴ്ച. ജി7 യോഗത്തിനിടെയായിരിക്കും കൂടിക്കാഴ്ച. ഒമാന്‍ തീരത്ത് നടന്ന യുഎസ് ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് മോദിയും ട്രംപും അവസാനം കൂടിക്കാഴ്ച നടത്തിയത്. അതിന് ശേഷം പല കാരണങ്ങളിലായി ഇന്ത്യ-യുഎസ് ബന്ധത്തില്‍ ചെറിയ വിള്ളലുകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ കയറ്റുമതിക്ക് മേല്‍ അമേരിക്ക ഉയര്‍ന്ന തീരുവ ഏര്‍പ്പെടുത്തി, ഇന്ത്യ-പാക് സംഘര്‍ഷം പരിഹരിക്കാന്‍ സഹായിച്ചെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദം ഇന്ത്യ നിഷേധിച്ചത്, എച്ച് 1 ബി വിസാ നയങ്ങള്‍, വ്യാപാരം, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങള്‍ അതിന് ശേഷം ഉടലെടുത്തിരുന്നു.
അതേസമയം യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ നാവികരുള്ള കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ട വിധം അമേരിക്കയോട് പ്രതികരിച്ചില്ലെന്നാണ് വിമര്‍ശനം.
ആക്രമണത്തെ അഭിസംബോധന ചെയ്ത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി നടത്തിയ ഫോണ്‍ സംഭാഷണം ചൂണ്ടിക്കാട്ടിയാണ് പവന് ഖേരയുടെ വിമര്‍ശനം. ഇന്ത്യയുടെ മൂന്ന് നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക മാപ്പ് പറഞ്ഞില്ലെന്നും ആജ്ഞയുടെ ഭാഷയാണ് മാര്‍ക്കോ റൂബിയോ ഉപയോഗിച്ചതെന്നും എക്സ് പോസ്റ്റില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരിന്റെ സമീപനം ലജ്ജാകരമാണെന്നും സംഭവത്തില്‍ അമേരിക്കയെ കൊണ്ട് മാപ്പ് പറയിക്കാന്‍ പോലും കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയശങ്കര്‍-റൂബിയോ സംഭാഷണത്തില്‍ വിമര്‍ശനം രേഖപ്പെടുത്തി ശശി തരൂര്‍ എം പിയും രംഗത്തെത്തിയിരുന്നു.അമേരിക്ക ഔദ്യോഗിക പ്രസ്താവനയില്‍ ഖേദമോ അനുശോചനമോ പ്രകടിപ്പിച്ചിട്ടില്ലെന്നും കപ്പല്‍ തടയാന്‍ സമാധാനപരമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. സുഹൃത്തുക്കളും തന്ത്രപ്രധാന പാങ്കാളിയുമായ രാജ്യത്തിന് എങ്ങനെയാണ് ഇത്രയും നിര്‍വികാരമായി പ്രവര്‍ത്തിക്കാന്‍ കഴിയുകയെന്നും തരൂര്‍ പറഞ്ഞു.
Content Highlights: Prime Minister Narendra Modi and US President Donald Trump are scheduled to hold a bilateral meeting amid growing focus on strategic ties, trade, and global security issues