'ഇറാൻ്റെ സ്വത്തുക്കൾ വിട്ടുനൽകുമെന്ന വാർത്ത വ്യാജം,USൻ്റെ ആവശ്യങ്ങൾ അം​ഗീകരിച്ചാൽ സ്വത്തുക്കൾ തിരികെ കിട്ടും'

ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ട് നൽകുമെന്ന വാർത്തകൾ തള്ളിയാണ് ജെ ഡി വാൻസ് പ്രതികരിച്ചത്

വാഷിങ്ടൺ: ഇറാൻ-യുഎസ് കരാറിൻ്റെ നിബന്ധനകൾ വ്യക്തമാക്കി യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്. സമാധാന കരാറിൻ്റെ ഭാ​ഗമായി ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ട് നൽകുമെന്ന വാർത്തകൾ തള്ളിയാണ് ജെ ഡി വാൻസ് പ്രതികരിച്ചത്. ഇറാന്റെ സ്വത്തുകൾ വിട്ട് നൽകുമെന്നത് വ്യാജ വാർത്തയാണെന്ന് വാൻസ് പറഞ്ഞു. എക്സ് പോസ്റ്റ് പങ്കുവെച്ചായിരുന്നു വാൻസിൻ്റെ പ്രതികരണം. 'ഒരു കരാറിൽ ഒപ്പിട്ടത് കൊണ്ടോ, ചർച്ച നടത്തിയത് കൊണ്ടോ ഇറാന് ഒരു പണവും തിരിച്ച് കിട്ടാൻ പോകുന്നില്ല'. ആണവ നിർമ്മാണത്തിലും ഹോർമൂസ് കടലിടുക്കിൻ്റെ കാര്യത്തിലും യുഎസിന് അനുകൂലമായ തീരുമാനമുണ്ടായാൽ മാത്രമെ ഇറാൻ്റെ സ്വത്തുക്കൾ തിരിച്ച് ലഭിക്കുകയുള്ളു എന്നാണ് യുഎസ് വൈസ് പ്രസിഡൻ്റ് വ്യക്തമാക്കിയത്.

അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ആശങ്കകൾക്ക് മുൻഗണന നൽകുന്നുണ്ടെന്നും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ അതിന്റെ ഉത്തരവാദിത്വം നിറവേറ്റുകയാണെങ്കിൽ, സാമ്പത്തിക നേട്ടങ്ങൾ അവർക്കും ലഭിക്കുമെന്നും വാൻസ് ചൂണ്ടിക്കാട്ടി. അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലാണ് കരാർ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും വാൻസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഇറാൻ്റെ സ്വത്തുക്കൾ വിട്ട് നൽകുമെന്ന ചില വിചിത്ര വാർത്തകൾ ശ്രദ്ധയിൽ പെട്ടെന്ന് പറഞ്ഞാണ് വാൻസ് എക്സ് പോസ്റ്റ് പങ്ക് വെച്ചത്. ഇറാനിയൻ മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നാണ് വാൻസ് പറഞ്ഞത്.

സമാധാന കരാറുമായി മുന്നോട്ട് പോയാൽ ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കളുടെ ഒരു ഭാ​ഗം വിട്ട് ‌നൽകുമെന്നും ബാക്കി സമയബന്ധിതമായി നൽകാമെന്നും യുഎസ് വ്യക്തമാക്കിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഇറാൻ-യുഎസ് സമാധാന കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് വാർത്തകൾ ശ്രദ്ധനേടിയത്. ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കളുടെയും ഹോർമൂസ് കടലിടുക്കിൻ്റെയും കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകുമെന്ന് അമേരിക്ക അറിയിച്ചിരുന്നു. ഇറാനുമായുള്ള സമാധാന കരാർ പ്രാവർത്തികമാക്കാൻ 60 ദിവസത്തെ സമയം വേണമെന്നാണ് യുഎസ് ആവശ്യപ്പെട്ടത്.

Content Highlights: JD Vance has denied reports that the United States will release Iran’s frozen assets unconditionally, stating that any return of assets would depend on Iran accepting specific US demands.

To advertise here,contact us