കുവൈറ്റിലും ബഹ്‌റൈനിലും ഇറാന്‍ ആക്രമണം; എണ്ണവില കുതിക്കുന്നു

പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ എണ്ണവിലയും കുതിച്ചുയര്‍ന്നു

തെഹ്‌റാന്‍: ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക ക്യാമ്പുകള്‍ ആക്രമിച്ചെന്ന് ഇറാന്റെ അവകാശവാദം. യുഎസ് ആക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ആക്രമണം. ബഹ്‌റൈനിലെ ഷെയ്ക്ക് ഇസാ എയര്‍ബേസിലും കുവൈറ്റിലെ അലി അല്‍ സലേം, അഹ്‌മദ് അല്‍- ജാബര്‍ എയര്‍ബേസുകളിലും വ്യാഴാഴ്ച ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സാണ് അറിയിച്ചത്.

ഹോര്‍മൂസ് കടലിടുക്ക് കടക്കാന്‍ ശ്രമിച്ച രണ്ട് എണ്ണ കണ്ടെയ്‌നറുകളെ ആക്രമിച്ചെന്നും ഇറാന്‍ മണിക്കൂറുകള്‍ക്ക് മുമ്പ് അവകാശപ്പെട്ടിരുന്നു. അതേസമയം മിസൈല്‍ - ഡ്രോണ്‍ ആക്രമണങ്ങള്‍ നേരിട്ടതായി കുവൈറ്റ് പ്രതികരിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ സൈറണ്‍ മുഴങ്ങി. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ ഇരുരാജ്യങ്ങളും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ എണ്ണവിലയും കുതിച്ചുയര്‍ന്നു. ബാരലിന് രണ്ട് ഡോളറിലധികമാണ് വര്‍ധിച്ചത്.

കുവൈറ്റിന്റെ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധിച്ചിട്ടുണ്ടെന്ന് കുവൈറ്റ് സേന എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുന്നതിനിടെയാണ് സുരക്ഷിത താവളങ്ങളിലേക്ക് മാറാന്‍ ബഹ്‌റൈന്‍ ജനങ്ങളോട് നിര്‍ദേശിച്ചത്. ജോര്‍ദാനിലെ അല്‍ - അസ്‌റാഖ് പ്രദേശത്തെ ലക്ഷ്യം വെച്ച് അഞ്ച് മിസൈലുകള്‍ വെടിവെച്ച് ഇട്ടതായി ജോര്‍ദാന്‍ സൈന്യവും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ജോര്‍ദാന്‍ സൈന്യം വ്യക്തമാക്കി.

അതേസമയം ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് കുവൈറ്റ് വ്യോമപാത താത്കാലികമായി അടച്ചുവെന്ന് കുവൈറ്റ് സിവില്‍ ഏവിയേന്‍ അധികൃതര്‍ അറിയിച്ചു. ഇതിനിടയില്‍ വടക്കന്‍ ഇസ്രയേലില്‍ ലെബനന്‍ ആക്രമണം നടത്തിയതിനെതിരെ ഇസ്രയേല്‍ സേന രംഗത്തെത്തിയിട്ടുണ്ട്. യുഎസ് ഇനിയും ആക്രമണം നടത്താന്‍ ധൈര്യപ്പെട്ടാല്‍ സംഘര്‍ഷമേഖല നരകമാകുമെന്നാണ് ഐആര്‍ജിസി എയ്‌റോസ്‌പേസ് ഫോഴ്‌സ് മേധാവി മാജിദ് മൗസാവിയുടെ മുന്നറിയിപ്പ്. ഗോര്‍ഗാന്‍ തുറമുഖത്തിന് സമീപം സ്‌ഫോടന പരമ്പര തന്നെയുണ്ടായതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോര്‍മൂസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ വാദം വ്യാജമാണെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. വാണിജ്യ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നുണ്ടെന്നാണ് അവര്‍ അവകാശപ്പെടുന്നത്. യുഎസ് യുദ്ധക്കപ്പല്‍ ഹോര്‍മൂസില്‍ ആക്രമിക്കപ്പെട്ടുവെന്ന ഇറാനിയന്‍ മാധ്യമ റിപ്പോര്‍ട്ടും അവര്‍ തള്ളിയിട്ടുണ്ട്.

ഹോര്‍മൂസ് ഒരു അറിയിപ്പ് ഉണ്ടാകുന്നവരെ അടച്ചിടുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ് ഇന്ത്യ. ഒമാന്‍ തീരത്ത് കഴിഞ്ഞ ദിവസം നടന്ന കപ്പല്‍ ആക്രമണത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ബുധനാഴ്ച യുഎസ് നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കുകയും ചെയ്തു. അമേരിക്കന്‍ ചാര്‍ജ് ഡി അഫയേഴ്‌സ് ജേസണ്‍ മീക്‌സിനെയാണ് വിളിച്ചുവരുത്തി നയതന്ത്ര പ്രതിഷേധം അറിയിച്ചത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ യുഎന്നില്‍ ഇന്ത്യ ആശങ്ക അറിയിച്ചിട്ടുണ്ട് . ഒമാനില്‍ ചരക്കുകപ്പിലന് നേരെയുണ്ടായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആശങ്ക അറിയിച്ചത്. ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാരെ കാണാതായിരുന്നു. കപ്പലിലെ ഭൂരിഭാഗം ജീവക്കാരും ഇന്ത്യന്‍ പൗരന്മാരാണ്.

രണ്ട് ദിവസം മുമ്പ് യുഎസ് സൈനിക കോപ്റ്റര്‍ ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നുവീണിരുന്നു. ഇതിനെതിരെ യുഎസ് തിരിച്ചടിച്ചു. പിന്നീട് നടന്ന ആക്രമണപ്രത്യാക്രമണങ്ങളില്‍ യുഎസ് ഇറാന്‍ ജലസംഭരണികളെ ലക്ഷ്യമിട്ടിരുന്നു. ഇത് യുദ്ധക്കുറ്റമാണെന്ന് ഇറാന്‍ പ്രതികരിച്ചിട്ടുണ്ട്.ചരക്ക് നീക്കത്തില്‍ വീണ്ടും പ്രതിസന്ധി രൂക്ഷമാകുന്നതിനിടയില്‍ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു.

Content Highlights: Iran reportedly attacked Kuwait and Bahrain, intensifying tensions in the Gulf region. Following the developments, oil prices rose sharply amid concerns over regional stability and potential disruptions to energy supplies

To advertise here,contact us