തെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ രണ്ട് മണിക്കൂറിലേറെ നേരം വൈറ്റ് ഹൗസിൽ യോഗം ചേർന്നെങ്കിലും സമാധാന കരാർ സംബന്ധിച്ച് ധാരണ ആയില്ലെന്ന് റിപ്പോർട്ട്. ഇറാൻ-യുഎസ് കരാറിന് അന്തിമ രൂപമായിട്ടില്ലെന്ന് ഇറാനും അവകാശപ്പെട്ടിരുന്നു. ട്രംപിൻ്റെ വാദം തള്ളിയാണ് ഇറാൻ പ്രതികരിച്ചത്. ഇറാൻ ജനതയുടെ അവകാശവും താത്പര്യവും കണക്കിലെടുത്തതിന് ശേഷം മാത്രമേ കരാറിൽ ഒപ്പ് വെയ്ക്കുവെന്നാണ് ഇറാൻ അറിയിച്ചത്. അന്തിമ കരാർ തയ്യാറായെന്ന് യുഎസ് പറയുന്നത് വസ്തുത വിരുദ്ധമാണെന്നും ഇറാൻ കരാർ പരിശോധിച്ചതിന് ശേഷം മാത്രമെ യുദ്ധം അവസാനിപ്പിക്കുവെന്നും ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
വെടിനിർത്തൽ കരാറിനായി ട്രംപ് അടിയന്തര യോഗം വിളിച്ചിരുന്നു. യോഗത്തിന് ശേഷമാണ് അന്തിമ കരാറിൽ ധാരണയിൽ എത്തിയെന്ന് അവകാശപ്പെട്ടത്. പക്ഷെ ഹോർമൂസ് കടലിടുക്കിൻ്റെ വിഷയത്തിലും ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ തിരിക്കെ നൽകുന്നതിലും ഇതുവരെ ധാരണയിലെത്തിയിട്ടില്ല. ഇറാൻ്റെ ആവശ്യം അംഗീകരിക്കും വരെ കരാറിൽ ഒപ്പപവെയ്ക്കില്ലെന്ന നിലപാടിലാണ് രാജ്യം. യുദ്ധത്തിൽ അമേരിക്ക വിജയിച്ചെന്ന ട്രംപിൻ്റെ അവകാശവാദവും ഇറാൻ തള്ളിയിരുന്നു. ഇറാൻ കരാർ അംഗീകരിച്ചതിന് ശേഷം മാത്രമേ യുദ്ധം അവസാനിച്ചെന്ന് പറയാൻ സാധിക്കൂ എന്നും പ്രതിനിധികൾ പറഞ്ഞു.
ധാരണാപത്രം ഉടനുണ്ടാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ട്. നാവിക ഉപരോധം ഉടൻ പിൻവലിക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് മടങ്ങാം. കടലിൽ സ്ഥാപിച്ച മൈനുകൾ ഉടൻ നീക്കം ചെയ്യുന്ന ഉത്തരവാദിത്തം ഇറാൻ ഏറ്റെടുക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്ന് സമ്മതിക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. ഹോർമുസ് കടലിടുക്ക് യാതൊരു ഫീസും ഏർപ്പെടുത്താതെ ഉടൻ തുറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷ ഭീതി തുടരുകയാണ്. അമേരിക്കയും ഇറാനും വെടിനിർത്തൽ കരാർ ലംഘിച്ച് കൊണ്ട് ആക്രമണങ്ങൾ തുടരുകയാണ്. ഇസ്രയേലും ലെബനനിൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്.
Content Highlights:US President Donald Trump reportedly rejected Iran’s demand during talks, with both sides failing to reach a consensus on the final agreement.