ന്യൂയോർക്ക്: ഇറാനെതിരായ യുഎസ് സൈനിക നടപടികളെ അപലപിച്ച് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി. യുഎസ് ഭരണകൂടം നടത്തുന്ന യുദ്ധം രാജ്യത്തെ സാധാരണ ജനജീവിതങ്ങളെ പ്രതിസന്ധിയിലാക്കുകയണെന്നാണ് വിമർശനം. തൊഴിലാളികൾക്ക് യുദ്ധം വരുത്തിവെച്ച നാശനഷ്ടങ്ങൾ എടുത്ത് കാണിച്ചായിരുന്നു മംദാനിയുടെ പ്രതികരണം. എസ്ക് പോസ്റ്റിലൂടെയായിരുന്നു അദേഹം യുഎസ് ഭരണകൂടത്തെ വിമർശിച്ചത്.
'മൂന്ന് മാസം മുൻപാണ് യുഎസ് ഇറാനെതിരെ യുദ്ധം ആരംഭിച്ചത്. അമേരിക്കൻ ജനതയുടെ പിന്തുണയില്ലാതെയാണ് സൈനിക നടപടികളിലേക്ക് കടന്നത്. കോൺഗ്രസിന്റെ ഒരു വോട്ടുപോലും കൂടാതെയാണ് യുദ്ധം ആരംഭിച്ചത്. അതിന്റെ വില നൽകിയത് അതിൽ ഒരു പങ്കും ഇല്ലാത്ത ജനങ്ങളാണ്. ആയിരക്കണക്കിന് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. പതിമൂന്ന് യുഎസ് സൈനികരെ നഷ്ടമായി. ആദ്യ ദിവസം മുതൽ ഞാൻ ഈ യുദ്ധത്തെ എതിർത്തു. ഇപ്പോഴും ഞാൻ അതിനെ എതിർക്കുന്നു. യുദ്ധം അവസാനിപ്പിക്കണം', എന്നാണ് മംദാനി എക്സിൽ കുറിച്ചത്.
ഇറാനെതിരായി യുഎസ്-ഇസ്രയേൽ സൈനിക നടപടി തുടങ്ങിട്ട് മൂന്ന് മാസം പൂർത്തിയായി. യുദ്ധം അവസാനിപ്പിക്കുന്നതിനായി സമാധാന ചർച്ചകൾ നടക്കുകയാണ്. സമാധാന കരാറിന്റെ കരട് ഇസ്രായേൽ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അയച്ച് നൽകിയെന്നാണ് റിപ്പോർട്ട്. ചർച്ചകൾ വേഗത്തിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ വെള്ളിയാഴ്ച അമേരിക്കയിലെത്തി കാണും.
ഹോർമൂസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് തുറന്നുകൊടുക്കും, ഇറാനിയൻ തുറമുഖങ്ങൾക്കുള്ള യുഎസ് ഉപരോധം പിൻവലിക്കും, ഇറാൻ്റെ 12 ബില്യൺ ഡോളർ മരവിപ്പിച്ച ആസ്തികൾ ലഭ്യമാക്കും എന്നിങ്ങനെയാണ് ട്രംപ് സഖ്യരാജ്യങ്ങൾക്ക് പങ്കുവെച്ച കരട് കരാറിലുള്ളത്. ഹോർമൂസ് കടലിടുക്കിലെ വാണിജ്യ കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിനു മുമ്പുള്ള നിലയിലേക്ക് തിരികെ കൊണ്ടുവരിക, ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിയെക്കുറിച്ച് 60 ദിവസം വരെ നീണ്ടുനിൽക്കുന്ന ചർച്ചകൾ ആരംഭിക്കുക എന്നതാണ് കരട് കരാറിലുള്ളത്. ഉയർന്ന അളവിൽ സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ സംഭരണത്തെക്കുറിച്ചുള്ള ചർച്ചകൾ, കൂടുതൽ സമ്പുഷ്ടീകരണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനായുള്ള അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ മേൽനോട്ടം എന്നിവ കരാറിൻ്റെ കരടിലുണ്ടെന്നാണ് റിപ്പോർട്ട്.
പക്ഷെ ഇറാൻ്റെ മരവിപ്പിച്ച സ്വത്തുക്കൾ ഇറാനിയൻ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിബന്ധനകളില്ലാതെ വിട്ടുകൊടുക്കണമെന്ന ആവശ്യം ഇതുവരെയും അമേരിക്ക അംഗീകരിച്ചിട്ടില്ല.
Content Highlights: New York City Mayor Zohran Mamdani has strongly condemned the US military actions against Iran, calling for restraint amid rising tensions.