തെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന കരാർ തത്വത്തിൽ ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ വാക്കുകളിലോ ഉറപ്പുകളിലോ വിശ്വാസമില്ലെന്ന നിലപാടുമായി ഇറാൻ. അമേരിക്കയുമായി ചർച്ച നടത്തുന്ന ഇറാൻ്റെ ഉന്നതതല സംഘത്തിലെ അംഗവും ഇറാൻ്റെ പാർലമെൻ്റ് സ്പീക്കറുമായ മുഹമ്മദ് ബാഗർ ഗാലിബാഫാണ് ഇറാൻ്റെ നിലപാട് വ്യക്തമാക്കിയത്. ഉറപ്പുകളിലോ വാക്കുകളിലോ ഞങ്ങൾക്ക് വിശ്വാസമില്ല പ്രവൃത്തികൾ മാത്രമാണ് അളവുകോൽ എന്നായിരുന്നു എക്സിൽ പങ്കുവെച്ച പേസ്റ്റിൽ മുഹമ്മദ് ബാഗർ ഗാലിബാഫിൻ്റെ പ്രതികരണം. ഇറാൻ ഇളവുകൾ നേടിയെടുക്കുന്നത് സംഭാഷണത്തിലൂടെയല്ല, മറിച്ച് മിസൈലുകൾ ഉപയോഗിച്ചാണ് എന്ന് ചർച്ചകളിൽ ഞങ്ങൾ അവരെ മനസ്സിലാക്കുക മാത്രമാണ് ചെയ്യുന്നത് എന്നും മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കിയിട്ടുണ്ട്. ഏതൊരു കരാറിന്റെയും വിജയി പിറ്റേന്ന് മുതൽ യുദ്ധത്തിന് നന്നായി തയ്യാറെടുക്കുന്നയാളാണെന്നും മുഹമ്മദ് ബാഗർ ഗാലിബാഫി കൂട്ടിച്ചേർത്തു.
ഔപചാരിക ചർച്ചകൾക്ക് അവസരം ഒരുക്കുന്നതിനായി വെടിനിർത്തൽ 60 ദിവസത്തേക്ക് നീട്ടുന്നതിനുള്ള കരാറിൽ യുഎസും ഇറാനും ധാരണയിലെത്തിയതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് കരാറിൽ ഇതുവരെ ഒപ്പുവെച്ചിട്ടില്ല എന്നാണ് വിവരം.
പ്രധാന പ്രശ്നങ്ങൾ പരിഹാരിക്കപ്പെടാതെ തുടരുന്നുവെങ്കിലും ഇറാനും അമേരിക്കയും സാധ്യമായ ഒരു കരാറിൻ്റെ അടുത്തേയ്ക്ക് എത്തിച്ചേർന്നതായി അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് പ്രതികരിച്ചു. അന്തിമ കരാറിലേയ്ക്ക് എത്തിയിട്ടില്ലെങ്കിലും ചർച്ചകളിൽ സവിശേഷമായ പുരോഗതിയുണ്ടെന്നും ജെ ഡി വാൻസ് പറഞ്ഞതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ നിർദ്ദിഷ്ട എംഒയു എന്ന പേരിൽ പ്രചരിക്കുന്ന കരാറിലെ വിവരങ്ങൾ കൃത്യതയോടെയുള്ളതല്ലെന്നാണ് ഇറാൻ്റെ നിലപാട്.
ഇറാൻ്റെ ആണവപദ്ധതികളെക്കുറിച്ച് ചർച്ച തുടരാനും വെടിനിർത്തൽ നീട്ടാനുമുള്ള 60 ദിവസത്തേയ്ക്കുള്ള മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗിൽ (എംഒയു) അമേരിക്കയും ഇറാനും യോജിപ്പിലെത്തിയതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് എംഒയുവിന് ഇതുവരെ അന്തിമ അംഗീകാരം നൽകിയിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരുന്നു. മധ്യസ്ഥ ചർച്ചയിൽ പങ്കെടുത്ത രണ്ട് അമേരിക്കൻ ഉദ്യോഗസ്ഥരെയും പ്രദേശിക സ്രോതസ്സിനെയും ഉദ്ധരിച്ച് ആക്സിയോസാണ് ഇത് റിപ്പോർട്ട് ചെയ്തത്.
ഇതിനിടെ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന കരാറിന്റെ കരട് ഇസ്രായേൽ ഉൾപ്പെടെയുള്ള സഖ്യകക്ഷികൾക്ക് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അയച്ച് നൽകിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു. ചർച്ചകൾ വേഗത്തിലാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ വെള്ളിയാഴ്ച അമേരിക്കയിലെത്തി കാണുമെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഹോർമൂസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് തുറന്നുകൊടുക്കും, ഇറാനിയൻ തുറമുഖങ്ങൾക്കുള്ള യുഎസ് ഉപരോധം പിൻവലിക്കും, ഇറാൻ്റെ 12 ബില്യൺ ഡോളർ മരവിപ്പിച്ച ആസ്തികൾ ലഭ്യമാക്കും എന്നിങ്ങനെയാണ് ട്രംപ് സഖ്യരാജ്യങ്ങൾക്ക് പങ്കുവെച്ച കരട് കരാറിലുള്ളതെന്നായിരുന്നു റിപ്പോർട്ട്. ഹോർമൂസ് കടലിടുക്കിലെ വാണിജ്യ കപ്പൽ ഗതാഗതം 30 ദിവസത്തിനുള്ളിൽ യുദ്ധത്തിനു മുമ്പുള്ള നിലയിലേക്ക് തിരികെ കൊണ്ടുവരിക, ഇറാന്റെ ആണവ പദ്ധതിയുടെ ഭാവിയെക്കുറിച്ച് 60 ദിവസം വരെ നീണ്ടുനിൽക്കുന്ന ചർച്ചകൾ ആരംഭിക്കുക എന്നതാണ് കരട് കരാറിലുള്ളത്. ഉയർന്ന അളവിൽ സമ്പുഷ്ടമാക്കിയ യുറേനിയത്തിന്റെ സംഭരണത്തെക്കുറിച്ചുള്ള ചർച്ചകൾ, കൂടുതൽ സമ്പുഷ്ടീകരണം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനായുള്ള അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ മേൽനോട്ടം എന്നിവ കരാറിൻ്റെ കരടിലുണ്ടെന്നാണ് റിപ്പോർട്ട്.
Content Highlights: Iran has taken a firm stand in peace agreement negotiations, stating that it has no faith in verbal promises or guarantees. Only concrete actions will be considered the true measure, reflecting deep skepticism in ongoing diplomatic discussions.