തെഹ്റാൻ: സമാധന ശ്രമങ്ങൾക്കിടെ ഇറാനിൽ വീണ്ടും യുഎസ് ആക്രമണം. ഇറാൻ്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് യുഎസ് ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ഹോർമൂസ് കടലിടുക്കിലും പേർഷ്യൻ ഗൾഫിലും യുഎസ് ആക്രമണങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രകോപനമില്ലാതെയാണ് യുഎസ് ആക്രമണമുണ്ടായത്.
അതേസമയം, ഇറാൻ്റെ ഡ്രോണുകൾ വെടിവെച്ചിട്ടതായി യുഎസ് പറഞ്ഞു. ഇറാനിയൻ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലെ ഒരു ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനും യുഎസ് സൈന്യം ആക്രമിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ ആക്രമണം നടത്തിയെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
യുഎസ്-ഇറാൻ ആക്രമണങ്ങളെ തുടർന്ന് ആഗോള എണ്ണവില ഉയർന്നു. ഇറാനിയൻ സൈനിക കേന്ദ്രത്തിൽ യുഎസ് വീണ്ടും വ്യോമാക്രമണം നടത്തിയെന്ന റിപ്പോർട്ടുകള്ക്ക് പിന്നാലെ വ്യാഴാഴ്ച രാവിലെ എണ്ണവില ഏകദേശം 2 ശതമാനമാണ് ഉയർന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 1.90 ഡോളർ ഉയർന്നിട്ടുണ്ട്. 2.02 ശതമാനത്തിൻ്റെ വർധനയാണ് ഉണ്ടായത്. നിലവിൽ ബാരലിന് 96.19 ഡോളറാണ് വില.
അതിനിടെ, ഇറാൻ ആനുകൂല നിലപാട് സ്വീകരിച്ചെന്ന് ആരോപിച്ച് ഒമാനെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ഹോർമുസിന്റെ നിയന്ത്രണം ആരും ഏറ്റെടുക്കേണ്ടെന്ന് പറഞ്ഞാണ് ട്രംപ് പ്രതികരിച്ചത്. മറ്റ് രാജ്യങ്ങളെപോലെ പെരുമാറിയില്ലെങ്കിൽ ഒമാനെ തകർക്കേണ്ടി വരുമെന്നാണ് ട്രംപിൻ്റെ ഭീഷണി.
കഴിഞ്ഞ ദിവസം ഹോർമൂസ് കടലിടുക്കിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ റെവല്യൂഷണറി ആർമി മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ നീക്കത്തിന് ശക്തമായ ഭാഷയിലാണ് ഇറാൻ മറുപടി നൽകിയത്. വെടിനിർത്തൽ കരാർ ലംഘിച്ചായിരുന്നു ആക്രമണം. ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾക്കും ബോട്ടുകൾക്കും നേരെ സ്വയംരക്ഷാർത്ഥമാണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് വാദം.
Content Highlights: Fresh tensions emerge as the United States reportedly carried out another strike in Iran even as diplomatic and peace efforts continue in the region.