ഗാസയുടെ 70 ശതമാനം നിയന്ത്രണം ഘട്ടം ഘട്ടമായി നേടണം; ഇസ്രയേലി സൈന്യത്തിന് നിർദ്ദേശവുമായി ബെഞ്ചമിൻ നെതന്യാഹു

ഗാസ മുഴുവനായി ഇസ്രയേൽ പിടിച്ചെടുക്കണമെന്ന് സദസ്സിലുണ്ടായിരുന്നവർ നെതന്യാഹുവിൻ്റെ പ്രസം​ഗത്തിനിടെ ആഹ്വാനം ചെയ്തു

ടെൽ അവീവ്: ഗാസ മുനമ്പിന്റെ 70 ശതമാനം പ്രദേശത്തും സൈനിക നിയന്ത്രണം നേടാനുള്ള പദ്ധതി പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അധിനിവേശ വെസ്റ്റ് ബാങ്കിൽ വ്യാഴാഴ്ച നടന്ന ഒരു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നെതന്യാഹു. ഇസ്രായേൽ സൈന്യം ​ഗാസയിൽ തങ്ങളുടെ സ്വാധീനം ക്രമാനുഗതമായി വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഹമാസിനെതിരായ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.

"നമ്മൾ ഇപ്പോൾ ഗാസ മുനമ്പിന്റെ 60 ശതമാനം പ്രദേശത്താണുള്ളത്. 50 ശതമാനമായിരുന്നു നമ്മുടെ വിസ്തീർണ്ണം, 60 ശതമാനത്തിലേക്ക് നമ്മൾ മാറി. എന്റെ നിർദ്ദേശം 70 ശതമാനത്തിലേക്ക് നീങ്ങുക എന്നതാണ്. ഘട്ടം ഘട്ടമായി അത് സ്വീകരിക്കുക. ആദ്യം. നമുക്ക് അതിൽ നിന്ന് ആരംഭിക്കാം എന്നായിരുന്നു നെതന്യാഹു പറഞ്ഞത്. ഗാസ മുഴുവനായി ഇസ്രയേൽ പിടിച്ചെടുക്കണമെന്ന് സദസ്സിലുണ്ടായിരുന്നവർ നെതന്യാഹുവിൻ്റെ പ്രസം​ഗത്തിനിടെ ആഹ്വാനം ചെയ്തു.

വെടിനിർത്തൽ കരാറിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഇസ്രയേലും ഹമാസും തമ്മിലുള്ള പരോക്ഷ ചർച്ചകൾ നടന്ന് വരികയാണ്. ഹമാസ് ആയുധങ്ങൾ ഉപേക്ഷിക്കുന്നതും ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നതുമാണ് ചർച്ചകളിൽ ലക്ഷ്യമിടുന്നത്. നിലവിൽ ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിലുണ്ടെങ്കിലും ഗാസയുടെ പകുതിയിലധികവും ഇപ്പോഴും ഇസ്രയേൽ നിയന്ത്രണത്തിലാണ്. ​ഗാസയിലെ തീരദേശ പ്രദേശത്തിന്റെ ഒരു ചെറിയ ഭാഗം ഹമാസിന്റെ നിയന്ത്രണത്തിലാണ്. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രായേലി ആക്രമണങ്ങളിൽ ഏകദേശം 900 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ​ഗാസയിലെ ആരോ​ഗ്യ ഉദ്യോ​ഗസ്ഥർ പറയുന്നത്.

അന്താരാഷ്ട്ര സഹായ ഏജൻസികളുമായി ഏപ്രിലിൽ പങ്കിട്ട ഭൂപടങ്ങളിൽ ഗാസയുടെ 64 ശതമാനവും തങ്ങൾ നിയന്ത്രിക്കുന്നതായി ഇസ്രയേൽ കാണിച്ചിരുന്നു. ഇസ്രായേൽ ​ഗാസയിലെ നിയന്ത്രണം കൂടുതൽ വിപുലീകരിച്ചാൽ ഏകദേശം ഇരുപത് ദശലക്ഷം പലസ്തീനികൾ ​ഗാസയുടെ ചെറിയ പ്രദേശത്തേക്ക് ഒതുങ്ങാൻ നിർബന്ധിതരാകും.

ഇസ്രായേലും ഹമാസും തമ്മിലുള്ള 2025 ഒക്ടോബറിലെ വെടിനിർത്തൽ കരാർ പ്രകാരം, ഇസ്രായേൽ സൈന്യം 'യെല്ലോ ലൈൻ' എന്നറിയപ്പെടുന്ന ഒരു സൈനിക അതിർത്തിയിലേക്ക് പിൻവാങ്ങി. ​ഗാസയുടെ ഏകദേശം 53 ശതമാനം പ്രദേശങ്ങൾ ഈ അതിർത്തിക്കുള്ളലാണ്. എന്നാൽ ഈ യെല്ലോ ലൈൻ ഇസ്രയേൽ കൂടുതൽ അകത്തേയ്ക്ക് വ്യാപിപ്പിച്ചതായാണ് ഹമാസ് ആരോപണം. ഈ നീക്കം വെടിനിർത്തൽ കരാറിന്റെ വ്യക്തവും തുടർച്ചയായതുമായ ലംഘനമാണെന്നാണ് ഹമാസ് ആരോപിക്കുന്നത്. എന്നാൽ ഹമാസിനെ ദുർബലപ്പെടുത്തുന്നതിനും ഭാവിയിൽ ആക്രമണങ്ങൾ തടയുന്നതിനും സൈനിക സമ്മർദ്ദം ആവശ്യമാണെന്ന് ഇസ്രായേൽ സർക്കാരിൻ്റെ വാദം.

Content Highlights: Israeli Prime Minister Benjamin Netanyahu has ordered the military to expand control over 70% of Gaza territory in phases, stating forces already hold 60% and must tighten pressure on Hamas step by step. Latest updates on the Israel-Gaza conflict.

To advertise here,contact us