വാഷിങ്ടണ്‍: ചൈനയില്‍ നിന്ന് ഇറാനിലേക്കുള്ള യാത്രയ്ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍വെച്ച് അമേരിക്ക പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്നത് മിസൈല്‍ നിര്‍മാണത്തിനുപയോഗിക്കുന്ന രാസവസ്തുക്കളെന്ന് ആരോപണം. മുന്‍ യുഎന്‍ അംബാസഡറും റിപ്പബ്ലിക്കന്‍ നേതാവുമായ നിക്കി ഹേലിയാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് തടഞ്ഞ ഈ കപ്പല്‍ യുഎസ് നാവികസേന നിര്‍ത്താന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നിരസിച്ചതായും നിക്കി പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതികള്‍ക്കായി ചൈന രാസവസ്തുക്കള്‍ നല്കുന്നു എന്നതിന് തെളിവാണ് ഇതെന്നും ഹേലി ചൂണ്ടിക്കാട്ടി. ഇറാൻ ഭരണകൂടത്തെ നിലനിർത്താൻ ചൈന സഹായിക്കുന്നുവെന്നും ചൈന നൽകുന്ന സൈനിക പിന്തുണ ഗൗരവമായി കാണേണ്ടതുണ്ടെന്നും നിക്കി ഹേലി മുന്നറിയിപ്പ് നൽകി. ചൈന ഇറാന് സൈനിക പിന്തുണ നൽകാനുള്ള സാധ്യത ഇപ്പോൾ ഗുരുതരമായ ആശങ്കയാണെന്നും ഹേലി കൂട്ടിച്ചേർത്തു.
അതേസമയം കഴിഞ്ഞ ദിവസമാണ് യു എസ് പ്രതിരോധം മറികടക്കാന്‍ ശ്രമിച്ച ചരക്കുകപ്പല്‍ ഹോര്‍മൂസിന് സമീപം പിടിച്ചെടുത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചത്. ഇറാനിയന്‍ പതാക നാട്ടിയ Touska എന്ന് പേരുള്ള ചരക്കുകപ്പലാണ് അമേരിക്ക പിടിച്ചെടുത്തത്. അമേരിക്ക നല്കിയ മുന്നറിയിപ്പ് വിലകൊടുക്കാതെ വന്നതോടെയാണ് ഒമാന്‍ തീരത്തിന് സമീപത്തുവെച്ച് കപ്പല്‍ പിടിച്ചെടുത്തതെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റിലൂടെ അറിയിച്ചു.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കാലയളവ് അവസാനഘട്ടത്തിലേക്ക് എത്തിനില്‍ക്കെയാണ് അമേരിക്കയുടെ ഈ നീക്കം. അതേസമയം അമേരിക്കയുടെ നീക്കം വെടിനിര്‍ത്തല്‍ ലംഘനമാണെന്നും തിരിച്ചടിക്കുമെന്നും ഇറാന് പറഞ്ഞു. ഹോര്‍മൂസ് നിയന്ത്രണം സംബന്ധിച്ച് ഇറാന് നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ കപ്പലുകള്‍ക്ക് ഹോര്‍മൂസിലൂടെയുള്ള പ്രവേശനം നിരോധിക്കും, ശത്രു രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ദേശീയ സുരക്ഷാ കൗണ്‍സില്‍ അനുമതി നിര്‍ബന്ധമാക്കും, ഇറാനെ ആക്രമിച്ച രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ അനുമതി നല്‍കില്ല തുടങ്ങിയ നിബന്ധനകളാണ് പുതിയ നിയമത്തിലുള്ളത്.
Content Highlight : It has been alleged that chemical substances used for missile manufacturing were found on a vessel that was intercepted by the United States in the Strait of Hormuz while it was en route from China to Iran.