'എനിക്ക് അങ്ങനെ തോന്നി'; ഇസ്രയേലിനൊപ്പം യുദ്ധത്തിൽ അണിചേർന്നത് ഇറാൻ ആദ്യം ആക്രമിക്കുമെന്ന് കരുതിയെന്ന് ട്രംപ്

'ഞങ്ങള്‍ ഒന്നും ചെയ്യാത്ത പക്ഷം അവര്‍ ആക്രമിക്കും. എനിക്ക് അങ്ങനെ തന്നെ തോന്നി'

വാഷിങ്ടണ്‍: ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം യാതൊരു പ്രകോപനവും കൂടാതെയെന്നുള്ള ഇറാന്റെ വാദം ശരിവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. ഇസ്രയേലിനൊപ്പം യുദ്ധത്തില്‍ അണിചേര്‍ന്നത് ഇറാന്‍ ആദ്യം ആക്രമിക്കുമെന്ന് കരുതിയതുകൊണ്ടാണെന്നാണ് ട്രംപ് പറഞ്ഞത്. തനിങ്ങ് അങ്ങനെ തോന്നുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

'ആ ഭ്രാന്തന്മാരുള്ള ചര്‍ച്ച ഞങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനിടെ അവര്‍ ആക്രമിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതിയത്. ഞങ്ങള്‍ ഒന്നും ചെയ്യാത്ത പക്ഷം അവര്‍ ആക്രമിക്കും. എനിക്ക് അങ്ങനെ തന്നെ തോന്നി', എന്നാണ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.

ആക്രമണത്തിന് ഉത്തരവാദി യുഎസ് അല്ലെന്നും ഇസ്രയേലാണെന്നുമായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞത്. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് മാര്‍ക്കോ റൂബിയോ പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാല്‍ അവര്‍ ആദ്യം ലക്ഷ്യമിടുക അമേരിക്കയെയായിരിക്കും. ആ ഭീഷണി മുന്‍കൂട്ടി കണ്ട് അമേരിക്ക ആദ്യം ആക്രമിക്കുകയായിരുന്നുവെന്നും റൂബിയോ പറഞ്ഞിരുന്നു.

ഇറാനില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. കൊല്ലപ്പെട്ടവരില്‍ 181 പേര്‍ കൂട്ടികളാണ്. 5,402 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരിക്കേറ്റവരില്‍ നൂറ് പേര്‍ കുട്ടികളാണ്. അതിനിടെ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. ലെബനനിലെ അരമൂണിലും സാദിയാകിലുമായിരുന്നു ആക്രമണം. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കുവൈറ്റില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ പതിനൊന്ന് വയസുകാരിയും കൊല്ലപ്പെട്ടു. ചീളുകള്‍ ശരീരത്തില്‍ പതിച്ച് ഉണ്ടായ അപകടത്തിലാണ് കുട്ടി മരിച്ചതെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം പറഞ്ഞു. കുടുംബത്തിലെ നാല് പേര്‍ ചികിത്സയിലാണ്. കൊല്ലപ്പെട്ടത് കുവൈറ്റ് സ്വദേശിയല്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 28നായിരുന്നു ഇറാനെതിരായ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം. ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും കുടുംബവും കൊല്ലപ്പെട്ടിരുന്നു. പരമോന്നത നേതാവിന്റെ മിലിറ്ററി ബ്യൂറോ ചീഫ് മുഹമ്മദ് ഷിറാസി, രഹസ്യാന്വേഷണ വിഭാഗം തലവന്‍ സലാഹ് ആസാദി, നൂതന ആയുധപദ്ധതിയുടെ തലവന്‍ ഹസന്‍ ജബല്‍ അമെലിയാന്‍ എന്നിവരെയും വധിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.ആക്രമണം ആരംഭിച്ചതിന്റെ ആദ്യമണിക്കൂറില്‍ തന്നെ ഖമനയിയെ വധിച്ചുവെന്ന വാദവുമായി ഇസ്രയേലും അമേരിക്കയും രംഗത്തെത്തിയിരുന്നു.

Content Highlights- US president Donald trump says US forces to join Israel's attack on Iran because he believed Iran was about to strike first

To advertise here,contact us