വാഷിംഗ്ടൺ: ഇറാന് എതിരായ സൈനിക നീക്കത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യുഎസ് സെൻട്രൽ കമാൻഡ്. ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഓപ്പറേഷൻ എപ്പിക്ക് ഫ്യൂറിയുടെ ഭാഗമായ മറ്റ് അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ എങ്ങനെയാണ് യുഎസ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതെന്നും പരിക്കേറ്റതെന്നും വിശദീകരിക്കാന്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തയ്യാറായില്ല. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്സ് ഡ്രോണ്‍ - മിസൈല്‍ ആക്രമണങ്ങല്‍ മിഡില്‍ ഈസ്റ്റിലേക്ക് നിരന്തം നടത്തുന്നുണ്ടായിരുന്നു.
അതേസമയം ഇറാന്റെ യുദ്ധക്കപ്പൽ തങ്ങൾ തകർത്തുവെന്നും യുഎസ് സേന അവകാശപ്പെടുന്നുണ്ട്. ഇറാനിയൻ സേനയോട് കീഴടങ്ങാനും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ചാമ്പഹാർ തുറമുഖത്തിൽ ഗൾഫ് ഓഫ് ഒമാനിൽ ഇറാനിയൻ ജമാരൻ ക്ലാസ് യുദ്ധവിമാനത്തെ മുക്കിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് പറയുന്നത്.
ഇതിനിടെ തെഹ്റാനിലെ യുഎസ് - ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയത്തിലെ സീനിയർ ഉദ്യോഗസ്ഥൻ മുഹമ്മദ് ബാഷേരി കൊല്ലപ്പെട്ടതായി സ്റ്റേറ്റ് മീഡിയ അറിയിച്ചു. എന്നാൽ സംഭവത്തിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. 2007ൽ എഫ്ബിഐ സ്പെഷ്യൽ ഏജന്റ് റോബർട്ട് എ ലെവിൻസണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് എഫ്ബിഐ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ബസേരി.
മുഹമ്മദ് ബസേരി എന്ന ഇറാനിയൻ ഇന്റലിജൻസ് ഓഫീസർ, ലെവിൻസണ്ണിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കി കൊലപ്പെടുത്തിയെന്ന ആരോപണമാണ് എഫ്ബിഐ ഉന്നയിച്ചത്. കിഷ് ദ്വീപിലേക്ക് 2007 മാർച്ചിൽ യാത്രചെയ്ത ലെവിൻസണ്ണിനെ പിറ്റേദിവസം മുതലാണ് കാണാതായത്.
സംഘർഷം കനക്കുന്നതിനിടയിൽ യുഎസ് പടക്കപ്പലായ എബ്രഹാം ലിങ്കണിന് നേരെ നാല് ബാലിസ്റ്റിക്ക് മിസൈലുകൾ വിജയകരമായി വിക്ഷേപിച്ചുവെന്ന് ഐആർജിസി അവകാശപ്പെട്ടു. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ ലിങ്കണിന്റെ അടുത്തുപോലും എത്താൻ മിസൈലുകൾക്ക് കഴിഞ്ഞില്ലെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചത്.
Content Highlights: Three U.S. service members killed in action during operations against Iran as confirmed by U.S. Central Command