ഹോംങ്കോങ്: ഹോങ്കോങിൽ റെസിഡൻഷ്യൽ കോംപ്ലക്സിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 44ആയി. ഏകദേശം മുന്നൂറോളം പേരെ കാണാതായി എന്നാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. 45പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രിയിലുടനീളവും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം തുടരുകയാണ്. എന്നാൽ തീപിടിത്തമുണ്ടായ വാങ് ഫുക്ക് കോർട്ട് ഹൗസിങ് കോംപ്ലക്സിൽ നിന്നും കഠിനമായ ചൂടും പുകയും മൂലം രക്ഷാപ്രവർത്തകർക്ക് മുകൾ നിലകളിലേക്ക് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമാണ്. ബുധനാഴ്ച ഉച്ചയോടെയാണ് ഹൗസിങ് കോംപ്ലക്സിന് തീപിടിച്ചത്. എട്ട് ബ്ലോക്കുകളിലായി രണ്ടായിരം അപ്പാർട്ട്മെന്റുകളാണ് വടക്കൻ തായ്പേ ജില്ലയിലുള്ള കോംപ്ലക്സിലുള്ളത്.
വ്യാഴാഴ്ച പുലർച്ചയോടെ നാലു ബ്ലോക്കുകളിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പതിനഞ്ച് മണിക്കൂറിലേറെ നടത്തിയ പ്രവർത്തനങ്ങളിലാണ് ഇതിൽ മൂന്ന് ബ്ലോക്കുകളിലെ തീ അണച്ചത്. പ്രദേശത്ത് നിന്നും ദൃശ്യങ്ങളിൽ 32നില കെട്ടിടത്തിന് മുകളിലേക്ക് തീ പടരുന്നതും പുക ഉയരുന്നതും വ്യക്തമാണ്. കോംപ്ലക്സിന്റെ അറ്റക്കുറ്റപണിക്ക് ഉപയോഗിച്ച സുരക്ഷിതമല്ലാത്ത വസ്തുക്കളാണ് തീപിടുത്തതിന് കാരണമെന്നാണ് നിഗമനം.
മുള, പച്ചനിറത്തിലുള്ള നെറ്റ് എന്നിവ ഉപയോഗിച്ചുള്ള സ്കാർഫോൾഡിങ്(നിർമാണ പ്രവർത്തനത്തിനായി സജ്ജീകരിക്കുന്ന ഘടന) പാരമ്പര്യമായുള്ള ചൈനീസ് വാസ്തുവിദ്യയുടെ ഭാഗമാണെങ്കിലും ഇക്കഴിഞ്ഞ മാർച്ചിൽ സുരക്ഷ കാരണങ്ങളാൽ ഇവ ഒഴിവാക്കിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ഹോങ്കോങ് പൊലീസ് സൂപ്രണ്ട് എയ്ലീൻ ചുങ്ങ് അറിയിച്ചു.
Content Highlights: Hong Kong fire accident toll rise to 44