പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന്റെ വിസ റദ്ദാക്കി യുഎസ്; യുഎന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാവില്ല

മഹമ്മൂദ് അബ്ബാസിന് പുറമെ 80 പലസ്തീൻ ഉദ്യോഗസ്ഥർക്കും അനുവദിച്ച വിസ യുഎസ് സ്റ്റേറ്റ് ഡിപാർട്‌മെന്റ് റദ്ദാക്കി, യുഎസ് തീരുമാനത്തെ സ്വാഗതം ചെയ്ത് ഇസ്രായേൽ

വാഷിംഗ്ടൺ: പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിന്റെ വിസ റദ്ദാക്കി യുഎസ്. അടുത്ത മാസം യുഎസിൽ നടക്കുന്ന യു എൻ വാർഷിക സമ്മേളനത്തിൽ മഹമ്മൂദ് അബ്ബാസിന് പങ്കെടുക്കാനാവില്ല. അബ്ബാസിന് പുറമെ 80 പലസ്തീൻ ഉദ്യോഗസ്ഥർക്കും അനുവദിച്ച വിസ യുഎസ് സ്റ്റേറ്റ് ഡിപാർട്‌മെന്റ് റദ്ദാക്കിയിട്ടുണ്ട്. സെപ്തംബർ 23ന് ന്യൂയോർക്കിലാണ് യുഎൻ ജനറൽ അസംബ്ലി നടക്കുന്നത്. യുഎൻ സമ്മേളനത്തിൽ അബ്ബാസിന്റെ പ്രസംഗവും ഉണ്ടാകുമെന്നിരിക്കെയാണ് യുഎസിന്റെ അപ്രതീക്ഷിത നീക്കം. ഫ്രാൻസ, കാനഡ, ഓസ്‌ട്രേലിയ, മാള്‍ഡ അടക്കമുള്ള രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി പ്രഖ്യാപിക്കുമെന്നറിയിച്ചിരുന്നു. ഇതിൽ യുഎസിന് അമർഷമുണ്ടായിരുന്നു.

അതേസമയം ഗാസയിലെ സമാധാന നീക്കങ്ങൾക്ക് മഹമ്മൂദ് അബ്ബാസ് തുരങ്കം വെയ്ക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കുറ്റപ്പെടുത്തി. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനുമായി (പിഎൽഒ) ബന്ധപ്പെട്ടവർ ഉൾപ്പെടെയുള്ള പലസ്തീൻ ഉദ്യോഗസ്ഥരുടെ പുതിയ വിസ അപേക്ഷകൾ നിരസിക്കാൻ റൂബിയോയാണ് ഉത്തരവിട്ടത്. ദേശ സുരക്ഷയടക്കമുള്ള വിഷയം മുൻനിർത്തിയാണ് നിരസിക്കലെന്ന് റിപ്പോർട്ടുകളുണ്ട്.

അതേസമയം യുഎസ് നടപടിയെ പലസ്തീൻ നേതൃത്വം അപലപിച്ചു. യുഎനുമായുള്ള കരാറിന്റെ ലംഘനമാണ് യുഎസ് നടത്തിയതെന്ന് പലസ്തീൻ നേതാക്കൾ കുറ്റപ്പെടുത്തി. വിഷയത്തിൽ യുഎൻ വിശദീകരണം തേടി. എല്ലാ അംഗരാജ്യങ്ങൾക്കും യുഎൻ പരിപാടിയിൽ പങ്കെടുക്കാൻ അവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. എന്നാൽ അതിനെ ഹനിക്കും വിധത്തിലുള്ള നീക്കം ഉണ്ടായിട്ടുണ്ടോ എന്നതിൽ യുഎസിനോട് വിശദീകരണം തേടുമെന്നും യുഎൻ വക്താവ് പ്രതികരിച്ചു. എന്നാൽ യുഎസ് തീരുമാനത്തെ ഇസ്രായേൽ സ്വാഗതം ചെയ്തു.

Content Highlights: US denied visas to palestinian president Mahmoud Abbas, 80 officials ahead of UNGA meeting

To advertise here,contact us